...
Home News National ‘സ്വർണ്ണഗിരി’യിൽ നിന്ന് ഇന്ത്യയ്ക്ക് സ്വർണ്ണ വിപ്ലവമോ?; രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനി പ്രതീക്ഷകൾ ഉയർത്തുന്നു

‘സ്വർണ്ണഗിരി’യിൽ നിന്ന് ഇന്ത്യയ്ക്ക് സ്വർണ്ണ വിപ്ലവമോ?; രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനി പ്രതീക്ഷകൾ ഉയർത്തുന്നു

145

സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയത്തിന് പുതിയൊരു അധ്യായം തുറക്കാനൊരുങ്ങുകയാണ് ആന്ധ്രാപ്രദേശിലെ ജോന്നാഗിരി ഗ്രാമം. രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനന-സംസ്കരണ പദ്ധതിക്ക് ഇവിടെ തുടക്കമായതോടെ, ആഭ്യന്തര സ്വർണ്ണ ഉൽപ്പാദന രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

ഏകദേശം 405 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. 1,500 ഏക്കർ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഖനനം 600 ഏക്കറിലാകും. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ജോന്നാഗിരി ഗ്രാമത്തെ “സ്വർണ്ണഗിരി” എന്ന് പുനർനാമകരണം ചെയ്യാനും ആന്ധ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ സ്വർണ്ണ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. 1,000 കിലോഗ്രാം അയിര് സംസ്കരിച്ചാൽ വെറും 0.5 മുതൽ 1 ഗ്രാം വരെ മാത്രമാണ് സ്വർണം ലഭിക്കുക. വർഷങ്ങളായുള്ള പര്യവേക്ഷണത്തിനും പഠനങ്ങൾക്കുമൊടുവിലാണ് പദ്ധതി യാഥാർഥ്യമായത്.

ആദ്യ വർഷം 400 കിലോഗ്രാം സ്വർണ്ണവും പിന്നീട് 900 കിലോഗ്രാം വരെ ഉൽപ്പാദനവും ലക്ഷ്യമിടുന്ന പദ്ധതിക്ക് ഭാവിയിൽ വർഷം രണ്ട് ടൺ വരെ സ്വർണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഏകദേശം 700 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ഡെക്കാൻ ഗോൾഡ് മൈൻസിന്റെ കണക്കുകൾ പ്രകാരം, ജോന്നാഗിരി മേഖലയിൽ 12 മുതൽ 13 ടൺ വരെ സ്വർണ്ണ ശേഖരമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തിയാൽ ഇത് 40 ടണ്ണിലധികമാകാനും സാധ്യതയുണ്ട്.

കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്സിന് ശേഷം ഇന്ത്യയുടെ സ്വർണ്ണ ഖനന ചരിത്രത്തിൽ നിർണായക സ്ഥാനമാണ് ജോന്നാഗിരിക്കുള്ളത്. ആഗോള വിപണിയിൽ സ്വർണ്ണവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഖനന സ്വയംപര്യാപ്തത വർധിപ്പിക്കാനുമുള്ള പ്രധാന ചുവടുവയ്പ്പായാണ് “സ്വർണ്ണഗിരി” പദ്ധതി വിലയിരുത്തപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.