നടി ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു. പറഞ്ഞ വാക്കുകളുടെയും അതുണ്ടാക്കിയ ആഘാതത്തിൻ്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ക്ഷമാപണം സ്വീകരിച്ച് കേസ് പിന്‍വലിക്കണമെന്നും ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടു.
ഹണി റോസിൻ്റെ പരാതിയില്‍ ബോബിയെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹണി റോസിനെ കുറിച്ചുള്ള തൻ്റെ പ്രസ്താവനകള്‍ അവര്‍ക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് മനസിലായി. താന്‍ വരുത്തിയ ദ്രോഹത്തിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തൻ്റെ വാക്കുകള്‍ക്കും അവയുണ്ടാക്കിയ ആഘാതത്തിനും താന്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിച്ച് കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രിയ സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാന്‍. ആരെയും മനഃപൂര്‍വം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ നര്‍മവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല.
എന്നാല്‍, ശ്രീമതി ഹണി റോസിനെ കുറിച്ചുള്ള എൻ്റെ പ്രസ്താവനകള്‍ അവര്‍ക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെന്ന് ബോധ്യമായി. ഞാന്‍ വരുത്തിയ ദ്രോഹത്തിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എൻ്റെ വാക്കുകളുടെയും അവയുണ്ടാക്കിയ ആഘാതത്തിൻ്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിച്ച് അവര്‍ കേസ് പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ബോബി ചെമ്മണ്ണൂർ കുറിച്ചു.



