ഗ്രാമീണ ജീവിതവും മണൽ മാഫിയയുടെ അതിക്രമങ്ങളും സാധാരണക്കാരുടെ പോരാട്ടവും പ്രമേയമാക്കി ബാലചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ലെനിൻ പാണ്ഡ്യൻ’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഗംഗൈ അമരൻ, റോജ, ദർശൻ ഗണേശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് ലഭ്യമാകുന്നത്.
ശിവഗംഗയിലെ കർഷകനായ ദുരൈ രാജുവിന്റെയും ഭാര്യ ചന്ദനത്തിന്റെയും ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ സ്നേഹത്തോടെ വളർത്തുന്ന ആട് മണൽ കടത്തുന്ന ലോറിയിടിച്ച് ചാകുന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ദുരൈ രാജു മണൽ മാഫിയക്കെതിരെ പോരാട്ടം ആരംഭിക്കുന്നു. തുടർന്ന് കേസിൽ ഇടപെടുന്ന ഒരു വനിതാ ഉദ്യോഗസ്ഥ കൊല്ലപ്പെടുന്നതോടെ വിഷയം കോടതിയിലെത്തുകയും അന്വേഷണം സിബിസിഐഡിക്ക് കൈമാറുകയും ചെയ്യുന്നു.
ദുരൈ രാജുവിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്നത് സുന്ദര പാണ്ഡ്യൻ എന്ന യുവ കോൺസ്റ്റബിളിനെയാണ്. മരിച്ചുപോയ മുൻ പൊലീസ് ഉദ്യോഗസ്ഥനായ ലെനിൻ പാണ്ഡ്യന്റെ മകനായ സുന്ദര പാണ്ഡ്യൻ, സഹപ്രവർത്തകരുടെ പരിഹാസവും സ്വന്തം പരിമിതികളും നേരിടുന്നയാളാണ്. കുടുംബജീവിതവും ജോലിയിലെ വെല്ലുവിളികളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും സ്വാധീനമുള്ള മണൽ മാഫിയയും സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിൽ അയാൾക്ക് ദുരൈ രാജുവിനെ സംരക്ഷിക്കാനും അച്ഛന്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ കണ്ടെത്താനും കഴിയുമോ എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
കർഷകരുടെ ജീവിതവും അവർ വളർത്തുന്ന മൃഗങ്ങളോടുള്ള ആത്മബന്ധവും മണൽ മാഫിയയുടെ ഇടപെടലുകൾ ഗ്രാമീണ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതും ചിത്രം അവതരിപ്പിക്കുന്നു. ശക്തമായ പ്രമേയവും സ്വാഭാവികമായ ഗ്രാമീണ പശ്ചാത്തലവും ചിത്രത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ ചില കഥാപാത്രങ്ങളുടെ പശ്ചാത്തലവും കഥയിലെ ചില വഴിത്തിരിവുകളും കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാമായിരുന്നുവെന്ന വിമർശനവുമുണ്ട്.
ഗംഗൈ അമരൻ, റോജ, ദർശൻ ഗണേശൻ, നരേൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എഡ്വിൻ സാക്കെയുടെ ഛായാഗ്രഹണവും ഇളയരാജയുടെ പശ്ചാത്തല സംഗീതവും രാമചന്ദ്രന്റെ എഡിറ്റിങ്ങും ചിത്രത്തിന് മികവേകുന്നു.
സിനിമാ വിവരങ്ങൾ
ചിത്രം: ലെനിൻ പാണ്ഡ്യൻ
വിഭാഗം: ക്രൈം ഡ്രാമ
സംവിധാനം: ബാലചന്ദ്രൻ
അഭിനേതാക്കൾ: ഗംഗൈ അമരൻ, റോജ സെൽവമണി, ദർശൻ ഗണേശൻ, ശ്രിത റാവു, ജോർജ് മരിയൻ, നരേൻ
സംഗീതം: ഇളയരാജ
ബാനർ: സത്യ ജ്യോതി ഫിലിംസ്
ഒടിടി: ആമസോൺ പ്രൈം വീഡിയോ
നിരൂപണ റേറ്റിങ്: 5ൽ 2.75



