തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം കമൽഹാസന്റെ തന്നെ ചിത്രമായ ‘വിരുമാണ്ടി’യിൽ ശ്രദ്ധേയമായ വേഷത്തിലെത്തുകയും ചെയ്തു. ആദ്യം കമൽഹാസനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെയും പിന്നീട് അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതിന്റെയും കാരണം ഒരു അഭിമുഖത്തിൽ നെപ്പോളിയൻ വെളിപ്പെടുത്തി.
‘ശീവലപുരി പാണ്ടി’ എന്ന ചിത്രത്തിലെ തന്റെ പ്രകടനത്തെ കമൽഹാസൻ പ്രശംസിച്ചതാണ് ഈ അനുഭവത്തിന്റെ തുടക്കമെന്ന് നെപ്പോളിയൻ പറഞ്ഞു. ‘അതുരുത്തലൈ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിന്നിരുന്ന സമയത്ത്, രജനികാന്തിന്റെ രാഘവേന്ദ്ര മണ്ഡപത്തിൽ നടന്ന അഭിനേതാക്കളുടെ യോഗത്തിൽ കമൽഹാസനെ കണ്ടുമുട്ടിയിരുന്നു. അന്ന് കമൽഹാസൻ തന്റെ കൈ മുറുകെപ്പിടിച്ച് ‘ശീവലപുരി പാണ്ടി’യിലെ പ്രകടനത്തെ അഭിനന്ദിച്ചു.
ചിത്രത്തിന്റെ കഥ തനിക്ക് ലഭിച്ചിരുന്നുവെന്നും നെപ്പോളിയന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും കമൽഹാസൻ പറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു. ഇത്രയും വലിയൊരു നടൻ തന്റെ അഭിനയത്തെ പ്രശംസിച്ചതിൽ ഏറെ സന്തോഷവും വൈകാരികമായ അനുഭവവുമുണ്ടായെന്നും നെപ്പോളിയൻ പറഞ്ഞു.
തുടർന്ന് കമൽഹാസനൊപ്പം അഭിനയിക്കാൻ അവസരം ചോദിച്ചെങ്കിലും ആദ്യം അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് 1998-ൽ കമൽഹാസൻ ഒരു കഥയുമായി തന്നെ സമീപിച്ചു. എന്നാൽ ചിത്രത്തിലെ ക്രൂരനായ വില്ലന്റെ വേഷം തനിക്ക് അനുയോജ്യമല്ലെന്ന് തോന്നിയതിനാൽ ആ അവസരം നിരസിക്കുകയായിരുന്നുവെന്ന് നെപ്പോളിയൻ വ്യക്തമാക്കി.
അത് കമൽഹാസന്റെ സ്വപ്നപദ്ധതിയായിരുന്ന ‘മരുതനായകം’ ആയിരുന്നു. ചിത്രത്തിനായി എലിസബത്ത് രാജ്ഞിയെ കൊണ്ടുവന്ന് ചടങ്ങ് നടത്തിയതും താൻ ഓർക്കുന്നുണ്ടെന്ന് നെപ്പോളിയൻ പറഞ്ഞു. ആ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും നിരസിച്ചതിൽ പിന്നീട് വിഷമം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിരുമാണ്ടി’യിൽ അവസരം ലഭിച്ചത് 2004ൽ
ആദ്യ അവസരം നിരസിച്ചതിനുശേഷം കമൽഹാസൻ തന്നെ വീണ്ടും വിളിക്കില്ലെന്ന് കരുതിയിരിക്കെയാണ് 2004-ൽ അദ്ദേഹത്തിന്റെ ഫോൺവിളി വന്നത്. കഥയെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നതെന്നും ഇത്തവണ നെഗറ്റീവ് വേഷമൊന്നുമില്ലെന്നും കമൽഹാസൻ വ്യക്തമാക്കിയതായി നെപ്പോളിയൻ പറഞ്ഞു. ഇതോടെ അദ്ദേഹം ഉടൻ സമ്മതം അറിയിക്കുകയായിരുന്നു.
അങ്ങനെയാണ് കമൽഹാസൻ നായകനായ ‘വിരുമാണ്ടി’യിൽ നെപ്പോളിയൻ അഭിനയിച്ചത്. ചിത്രത്തിലെ നല്ലപ്പ നായ്ക്കർ എന്ന കഥാപാത്രം ശ്രദ്ധേയമായി. സിനിമയിലൂടെ വലിയ അംഗീകാരം ലഭിച്ചെന്നും പിന്നീട് ‘ദശാവതാരം’ എന്ന ചിത്രത്തിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്നും നെപ്പോളിയൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആദ്യ അവസരത്തിൽ വില്ലൻ വേഷം സ്വീകരിക്കാൻ മടിച്ചെങ്കിലും വർഷങ്ങൾക്കുശേഷം കമൽഹാസനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ സിനിമാജീവിതത്തിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നാണെന്നാണ് നെപ്പോളിയന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്.



