മദ്യം തൊടാതെ 24 മണിക്കൂറും ലഹരിയിൽ കഴിയേണ്ടിവരുന്ന ദുരവസ്ഥയിലൂടെയാണ് യുഎസിൽ നിന്നുള്ള മാത്യു ഹോഗ് കടന്നുപോകുന്നത്. അപൂർവ രോഗമായ ഗട്ട് ഫെർമെൻ്റേഷൻ സിന്‍ഡ്രോം എന്ന ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണ് മാത്യുവിന് ആശങ്കയാകുന്നത്. ഈ അസുഖം, ഭക്ഷണം കഴിച്ച ഉടനെ മദ്യം കുടിച്ചതുപോലുള്ള ഹാങ്ങോവർ അനുഭവപ്പെടാൻ കാരണമാകുന്നു.
കഴിഞ്ഞ 25 വർഷമായി ഈ അസുഖത്തോട് പോരാടുന്ന മാത്യുവിന് തുടക്കത്തിൽ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. പിന്നീട്, മെക്സിക്കോയിലെ ഒരു ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഈ രോഗം സ്ഥിരീകരിക്കുക ആയിരുന്നു. ഈ പരിശോധനകൾക്കായി 6.5 ലക്ഷം രൂപയോളം ചെലവായി.
മാത്യുവിൻ്റെ ജീവിതത്തെ ഈ അസുഖം സാരമായി ബാധിച്ചു. ജോലിയിലും വ്യക്തി ജീവിതത്തിലും വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രോഗാവസ്ഥ ഗുരുതരമാകാതിരിക്കാനുള്ള ഏക മാർഗം കർശനമായ ഭക്ഷണക്രമം പാലിക്കലാണെന്നും, ഈ രോഗം പൂർണ്ണമായും ഭേദമാക്കാനാവില്ലെന്നും വൈദ്യപരിശോധനകൾ വ്യക്തമാക്കുന്നു. എന്നാൽ, ഭക്ഷണക്രമത്തിലൂടെ ഒരു പരിധിവരെ രോഗത്തെ നിയന്ത്രിക്കാനാവുന്നതാണ്.
ഇതിനിടയിലും ഉപജീവനത്തിനായി പാർട്ട് ടൈം ജോലികൾ ചെയ്യുന്ന മാത്യു തൻ്റെ അനുഭവങ്ങളിലൂടെ മറ്റുള്ളവരിൽ ഈ രോഗാവസ്ഥയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തുന്നു. കർശനമായ ഡയറ്റ് പാലിച്ച് തൻ്റെ അവസ്ഥ ഗുരുതരമാകാതെ അദ്ദേഹം ശ്രദ്ധിക്കുകയാണ്. എന്നാല്‍, ഇതുപോലൊരു നിയന്ത്രണം ലഭിക്കാത്ത നിരവധി ആളുകൾ ഉണ്ടെന്നും മാത്യു കൂട്ടിച്ചേർക്കുന്നു.