30 April 2024

ടാറ്റയും ടെസ്‌ലയും തമ്മിൽ കരാർ; ആഗോള ബ്രാന്റുകളെ ആകർഷിക്കും

ഇന്ത്യയില്‍ ഏകദേശം 25,000 കോടി രൂപയുടെ (മൂന്ന് ബില്യണ്‍ അമേരിക്കന്‍ ഡോളർ) നിക്ഷേപം ടെസ്‌ല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കന്‍ ഇവി വാഹനനിർമാതാക്കളായ ടെസ്‍‍ല അന്താരാഷ്ട്ര ഉപയോഗത്തിനായുള്ള സെമികണ്ടക്ടർ ചിപ്പുകള്‍ക്കായി ടാറ്റ ഇലക്ട്രോണിക്‌സുമായി കരാറിലേർപ്പെട്ടതായി റിപ്പോർട്ട്. വാഹന നിർമാണ പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള നടപടികളുമായി ടെസ്‌ല മുന്നോട്ടുപോവുകയാണെന്ന സൂചനകള്‍ സജീവമായിരിക്കെയാണ് പുതിയ നീക്കം.

ഏതാനും മാസം മുന്‍പ് ടെസ്‌ലയും ടാറ്റയും കരാർ ഉറപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കരാറിലൂടെ ആഗോള ബ്രാന്‍ഡുകളെ ആകർഷിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞേക്കും. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം വാഹന നിർമാണ പ്ലാന്റ് ഉള്‍പ്പെടെയുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ചും മസ്ക് പ്രഖ്യാപിച്ചേക്കും. വിപണിമൂല്യം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയാണ് ടെസ്‍ല.

ഇന്ത്യയില്‍ ഏകദേശം 25,000 കോടി രൂപയുടെ (മൂന്ന് ബില്യണ്‍ അമേരിക്കന്‍ ഡോളർ) നിക്ഷേപം ടെസ്‌ല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് നയങ്ങളില്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങള്‍ 30 ലക്ഷത്തിന് മുകളില്‍ വരുന്ന ഇലക്ട്രോണിക് വാഹനങ്ങള്‍ 15% ഇറക്കുമതി തീരുവയില്‍ ഇറക്കുമതി ചെയ്യാന്‍ നിർമാതാക്കളെ പ്രാപ്തരാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ വാഹന നിർമാണം സാധ്യമാക്കുന്നതിനായി നാലായിരം കോടി രൂപയിലധികം നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. പ്രീമിയം മോഡലുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക, പിന്നീട് എന്‍ട്രി ലെവല്‍ മോഡലുകളുടെ നിർമാണവും ആരംഭിച്ചേക്കും.

ടെസ്‌ലയെ സംസ്ഥാനത്തേക്ക് ആകർഷിക്കാന്‍ നീക്കങ്ങളുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ടുപോകുന്നുവെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫാക്ടറി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ടെസ്‍‌ലയ്ക്ക് ഭൂമി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരും താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാടിനെ ഇവി വാഹന നിർമാണ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News