പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകൾ ശക്തമാകുന്നു. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത വിമാനങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പന്മാരായ എമ്പ്രാർ. ലോകത്തെ ആദ്യ പൈലറ്റില്ലാത്ത എഐ യാത്രാവിമാനത്തിന്‍റെ ആശയവുമായി ഇവർ രംഗത്തെത്തിയതായി സൺ റിപ്പോർട്ട് ചെയ്യുന്നു.
ഒർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ സമ്മേളനത്തിലാണ് എമ്പ്രാർ ടീം ഈ നൂതന ആശയം അവതരിപ്പിച്ചത്. എഐ സംവിധാനങ്ങളുടെ സഹായത്തോടെ, വിമാനങ്ങൾ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
അത്യാധുനിക ഫീച്ചറുകള്‍
വിമാനത്തിനുള്ളിൽ മൂന്ന് സോണുകൾ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിശ്രമിക്കാനുള്ള സൗകര്യമുള്ള ലോഞ്ച്, യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റ് സൗകര്യങ്ങൾ, കൂടാതെ ടച്ച് സ്‌ക്രീനുകളുള്ള ജനാലകളുമുണ്ടാകും. സ്വയം നിയന്ത്രിക്കുന്നതുകൊണ്ട്, കോക്പിറ്റ് ആവശ്യമില്ലെന്നും ഫോർവാർഡ് ലോഞ്ച് പോലുള്ള പുതിയ കാബിൻ സംവിധാനങ്ങൾ ഉണ്ടാവുമെന്നും എമ്പ്രാർ വ്യക്തമാക്കുന്നു.
ഗ്രീൻ ടെക്‌നോളജിയും ഇലക്ട്രിഫിക്കേഷനും
പൈലറ്റില്ലാത്ത ഈ വിമാനങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ടെക്‌നോളജി പ്രൊപ്പൽഷൻ സിസ്റ്റവും ഉൾപ്പെടുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇത് പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള ഒരു മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
വിമാന നിർമ്മാണം ഇപ്പോൾ ആലോചനയിൽ ഇല്ല
എന്നിരുന്നാലും, ഈ ഘട്ടത്തില്‍ വിമാന നിര്‍മ്മാണത്തിന്‍റെ തീരുമാനമില്ലെന്ന് എമ്പ്രാർ പറയുന്നു. ഇതൊരു ആശയമാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്, ഭാവിയില്‍ എങ്ങനെ സാങ്കേതിക വികസനം സാധ്യമാകുമെന്ന് പരിശോധിക്കുന്നതിനുള്ള ഭാഗമാണിതെന്നും അവർ അറിയിച്ചു.