ചരിത്ര വിജയം നേടി യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. വാശിയേറിയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ നടത്തിയ വിജയാഘോഷത്തില്‍ അമേരിക്കയുടെ സുവര്‍ണ കാലഘട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
താൻ നൽകിയ വാഗ്‌ദാനനങ്ങള്‍ പാലിക്കുമെന്ന് പ്രസംഗത്തിനിടെ അദ്ദേഹം ജനങ്ങളെ അറിയിച്ചു. ട്രംപിൻ്റെ വിജയാഘോഷത്തിനിടെ അദ്ദേഹത്തിൻ്റെ ആസ്‌തികളെക്കുറിച്ചും വലിയ തോതിലുള്ള ചര്‍ച്ചകളാണ്.
ഡൊണാള്‍ഡ് ട്രംപിൻ്റെ ആസ്‍തി
അമേരിക്കയുടെ ഏറ്റവും സമ്പന്നായ പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിൻ്റെ ആസ്‌തി എത്രയെന്ന് സംബന്ധിച്ച് പലവിധത്തിലുമുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നു. 2015ല്‍ ട്രംപിൻ്റെ സ്വത്ത് 10 ബില്ല്യണ്‍ ഡോളറായിരുന്നു. ഫോബ്‌സിൻ്റെ 2024 നവംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ട്രംപിൻ്റെ ആസ്തി 6.6 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 55622 രൂപ).
ബ്ലൂംബെര്‍ഡ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 2024 ജൂണ്‍ വരെ ട്രംപിൻ്റെ ആസ്തി 7.7 ബില്ല്യണ്‍ ഡോളറാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയും ട്രൂത്ത് സോഷ്യലിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സ്ഥാപനമായ ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പിലെ ഓഹരികളുമാണ് അദ്ദേഹത്തിൻ്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍.
ട്രംപിൻ്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങള്‍
റിയല്‍ എസ്‌റ്റേറ്റ്, മീഡിയ, മറ്റ് സംരംഭങ്ങള്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്നതാണ് ട്രംപിൻ്റെ ബിസിനസ്. അദ്ദേഹത്തിൻ്റെ സാമ്പത്തിക സാമ്രാജ്യത്തിന് ഊര്‍ജം പകരുന്ന പ്രധാന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ട്രംപ് ഓര്‍ഗനൈസേഷന്‍
ട്രംപ് ഓര്‍ഗനൈസേഷനില്‍ ഹോട്ടലുകള്‍, ആഡംബര വസതികള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്വത്തുകള്‍ ഉള്‍പ്പെടുന്നു. മാന്‍ഹട്ടനിലെ ട്രംപ് ടവറും ഫ്‌ളോറിഡയിലെ മാര്‍ എ ലോഗോ എസ്‌റ്റേറ്റുമാണ് ഇതിൽ പ്രധാനപ്പെട്ട സ്വത്തുവകകള്‍.
വാണിജ്യ റിയല്‍ എസ്റ്റേറ്റ്
1290 അവന്യു ഓഫ് ദ അമേരിക്കാസിലെ മാന്‍ഹാട്ട് ഓഫീസിലെ 500 മില്ല്യണ്‍ ഡോളറിൻ്റെ ഓഹരിയും 300 മില്ല്യണ്‍ ഡോളറിൻ്റെ ട്രംപ് നാഷണല്‍ ഡോറല്‍ മിയാമി ഗോള്‍പ് റിസോര്‍ട്ടും പോലെയുള്ള പ്രധാന സ്വത്തുക്കളില്‍ ട്രംപിന് ഗണ്യമായ നിക്ഷേപങ്ങളുണ്ട്.
ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് (ട്രൂത്ത് സോഷ്യല്‍)
ട്രൂത്ത് സോഷ്യലിൻ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പില്‍ ട്രംപിന് കാര്യമായ നിക്ഷേപമുണ്ട്. ഈ സ്ഥാപനം അദ്ദേഹത്തിൻ്റെ സമീപകാല സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ സംഭവന നല്‍കിയിട്ടുണ്ട്.
ബുക്ക് റോയല്‍റ്റിയും മാധ്യമ സ്ഥാപനങ്ങളും
തൻ്റെ പുസ്‌തകങ്ങളില്‍ നിന്ന് ട്രംപ് റോയല്‍റ്റി നേടുന്നത് തുടരുകയാണ്. പ്രത്യേകിച്ച് ദി ആര്‍ട്ട് ഓഫ് ദി ഡീലില്‍ നിന്ന് അദ്ദേഹത്തിന് ഇപ്പോഴും വരുമാനം ലഭിക്കുന്നുണ്ട്. ടിവി റിയാലിറ്റി ഷോയായ ദ അപ്രന്റിസില്‍ നിന്നും ലെറ്റേഴ്‌സ് ടു ട്രംപ് എന്ന പ്രസിദ്ധീകരണത്തില്‍ നിന്നും അദ്ദേഹം വരുമാനം നേടുന്നുണ്ട്.
എന്‍.എഫ്.ടിയും ക്രിപ്‌റ്റോ കറന്‍സിയും
ക്രിപ്‌റ്റോ കറന്‍സിയില്‍ ഒരു മില്ല്യണിലധികം ഡോളറിൻ്റെ നിക്ഷേപമാണ് ട്രംപിനുള്ളത്. അതിനുപുറമെ, എന്‍.എഫ്.ടി (non-fungible tokens ) വിറ്റതിലൂടെ അദ്ദേഹം വലിയ ലാഭം നേടിയതായും റിപ്പോര്‍ട്ടുണ്ട്.
രാഷ്ട്രീയ ധനസമാഹരണം
പ്രസിഡന്റായിരിക്കുമ്പോഴും പിന്നീടുള്ള പ്രചാരണങ്ങളിലും ട്രംപിൻ്റെ കമ്പനികള്‍ക്ക് രാഷ്ട്രീയ ധനസമാഹരണ ശ്രമങ്ങളില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. ട്രംപ് ഓര്‍ഗനൈസേഷൻ്റെ ഉടമസ്ഥതയിലുള്ള വസ്‌തുവകകളുടെ സേവനങ്ങള്‍ക്ക് ഒരു തുക ഇവയിലൂടെ മിക്കപ്പോഴും ലഭിക്കുന്നു.
ബ്രാന്‍ഡിംഗും ലൈസന്‍സിംഗും
വസ്ത്രങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെയുള്ള ഉത്പന്നങ്ങള്‍ക്ക് തൻ്റെ പേരിന് ലൈസന്‍സ് നല്‍കുന്നതിലൂടെ ട്രംപ് ഗണ്യമായ വരുമാനം നേടുന്നുണ്ട്.