വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ തോട്ടത്തില്‍ രണ്ട് രുദ്രാക്ഷ മരങ്ങളാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് വരെ ഈ കൃഷിയില്‍ നിന്ന് വര്‍ഷം ഒരു കോടിരൂപ വരെ ആദര്‍ശിന് ലഭിച്ചിരുന്നു. ഗുണമേന്മയുള്ള രുദ്രാക്ഷം വിപണിയിലെത്തിക്കാനും അതിലൂടെ നല്ല വരുമാനം നേടാനും ആദര്‍ശിന് സാധിച്ചിരുന്നു.
എന്നാല്‍ ഈയടുത്ത് ആദര്‍ശിന്റെ തോട്ടത്തിലേക്ക് കൂട്ടത്തോടെയെത്തിയ പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെ പഴുക്കാത്ത പഴങ്ങള്‍ തിന്നുനശിപ്പിക്കുകയാണ്. ഇതോടെ ആദര്‍ശിന്റെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ആദര്‍ശ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇതോടെയാണ് തനിക്കുണ്ടായ നഷ്ടത്തിന് വനംവകുപ്പ് 2.5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദര്‍ശ് പാലാ സബ്‌കോടതിയില്‍ പരാതി നല്‍കിയത്. വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ നുഴഞ്ഞുകയറിയുണ്ടാക്കുന്ന നഷ്ടത്തിന് വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശ് പറയുന്നത്.
രുദ്രാക്ഷ കൃഷിയിലൂടെ നല്ല ലാഭം ലഭിച്ചിരുന്നു. പഞ്ചമുഖ രുദ്രാക്ഷങ്ങള്‍ക്ക് നല്ല വില ലഭിച്ചിരുന്നു. ഒരു പീസിന് പത്ത് രൂപ വരെയാണ് വില. രുദ്രാക്ഷത്തെക്കൂടാതെ അവക്കാഡോ, റംബൂട്ടാന്‍, ബോര്‍ണിയോ തുടങ്ങിയ അപൂര്‍വ ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ പഴംതീനി വവ്വാലുകളുടെ ശല്യം രൂക്ഷമായതോടെ ഒരു രൂപ പോലും സമ്പാദിക്കാന്‍ കഴിയുന്നില്ല,” അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 35 വര്‍ഷം കൊണ്ട് എന്റെ നാലേക്കര്‍ കൃഷി ഭൂമിയില്‍ ഒരു ജൈവവൈവിധ്യ പാര്‍ക്ക് വികസിപ്പിച്ചെടുത്തു. അപൂര്‍വ ഫലവൃക്ഷങ്ങളാണ് ഇവിടെയുള്ളത്. 2015-16 മുതലാണ് പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെത്തി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കൃഷിയില്‍ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാനാകുന്നില്ല. കുടുംബത്തിന്റെ ചെലവിനായി തോട്ടത്തിലെ കുറച്ച് മരങ്ങള്‍ വില്‍ക്കേണ്ടിയും വന്നു. വായ്പ അടവ് മുടങ്ങിയതോടെ പൂഞ്ഞാര്‍ സഹകരണ ബാങ്കും കേരള ബാങ്കും ജപ്തി നടപടികളും ആരംഭിച്ചിട്ടുണ്ട്,” ആദര്‍ശ് നല്‍കിയ പരാതിയില്‍ പറയുന്നു.
വരുമാനം നിലച്ചതോടെ വിവിധ ബാങ്കുകളിലായി നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്നും ആദര്‍ശ് പറഞ്ഞു. ബാങ്കുകള്‍ തന്റെ വീടും സ്ഥലവും ജപ്തി ചെയ്താല്‍ വൈകാതെ കുടുംബത്തോടൊപ്പം തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴംതീനി വവ്വാലുകളാണ് തന്റെ ജീവിതം തകര്‍ത്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാന വനംവകുപ്പ് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആദര്‍ശ് പറഞ്ഞു.
അതേസമയം 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിത ജീവിവര്‍ഗത്തിലുള്‍പ്പെടുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷനിലെ(KIFA) നിയമവിദഗ്ധനായ ജോസ് ജെ. ചെരുവില്‍ പറഞ്ഞു.