രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന സാമന്ത ഹാർവേയുടെ ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിന് ബുക്കർ പുരസ്‌കാരം. ഭൂമിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്‌കാരം സമർപിക്കുന്നതായി സാമന്ത പറഞ്ഞു. ബ്രിട്ടീഷ് എഴുത്തുകാരിയാണ്. 50000 പൗണ്ടാണ് അവാർഡ് തുക. 53,78, 190 രൂപയാണിത്.
2019ന് ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020ന് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികരുടെ കഥയാണ് ഓർബിറ്റൽ. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്‌തമയത്തിനും സാക്ഷിയാവുന്നതാണ് പ്രമേയം. കോവിഡ് ലോക്‌ഡൗൺ കാലത്ത് എഴുതാനാരംഭിച്ച നോവൽ 2023 നവംബറിലാണ് പുറത്ത് വന്നത്.
ഐകകണ്ഠേനയാണ് ഓർബിറ്റലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി അംഗമായ എഴുത്തുകാരൻ എഡ്‌മണ്ട് ഡെ വാൽ പറഞ്ഞു. പ്രമേയത്തിലെ കൗതുകം കൊണ്ട് ബ്രിട്ടണിൽ ഏറ്റവും അധികം വായനക്കാരെ ആകർഷിച്ച പുസ്‌തകമാണ്. ഒരു ഘട്ടത്തിൽ ഈ നോവൽ എഴുതുന്നത് ഉപേക്ഷിക്കാൻ ആലോചിച്ചിരുന്നു എന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. പ്രമേയം സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയായിരുന്നു. 2009ൽ പുറത്തിറങ്ങിയ ഇവരുടെ ആദ്യ നോവൽ ‘ദ് വൈൽഡർനെസ്’ ബുക്കറിനുള്ള ആദ്യ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള മുൻനിര സാഹിത്യ പുരസ്‌കാരമായാണ് ബുക്കർ പ്രൈസ് വിശദീകരിക്കപ്പെടുന്നത്. ആൻ മൈക്കൽസ് എഴുതിയ ഹെൽഡ്, റേച്ചൽ കുഷ്‌നറുടെ ക്രിയേഷൻ ലെയ്ക്ക്, യേൽ വാൻ ഡെൽ വൂഡൻ്റെ ദ സെയ്‌ഫ് കീപ്പ്, ഷാർലറ്റ് വുഡിൻ്റെ യാർഡ് ഡിവോഷണൽ, പേഴ്‌സിവൽ എവെറെറ്റ് എഴുതിയ ജെയിംസ് എന്നിവയെ പിന്തള്ളിയാണ് ഓർബിറ്റൽ പുരസ്‌കാരം സ്വന്തമാക്കിയത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.