ടൈഗർ ഷെറോഫിന്‍റെ ജനപ്രിയമായ ബാഗി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗം പ്രഖ്യാപിച്ചു. എ. ഹർഷ സംവിധാനം ചെയ്യുന്ന ആക്ഷൻ പാക്ക്ഡ് ചിത്രം 2025 സെപ്റ്റംബർ 5-ന് തിയറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ടൈഗര്‍ ഷെറോഫ് ട്വിറ്ററില്‍ പങ്കിട്ടു. കൈയിൽ കത്തിയും മദ്യക്കുപ്പിയുമായി ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്ന ടൈഗറിനെയാണ് പോസ്റ്ററിൽ കാണുന്നത്. താരത്തിന്‍റെ മുഖവും ചുമരുകളും തറയിലും രക്തം ചിതറിക്കിടക്കുന്നുണ്ട്. നിരവധി മൃതദേഹങ്ങൾ ചുറ്റും കിടക്കുന്നതും കാണാം.
“ഒരു ഇരുണ്ട ആത്മാവ്, രക്തരൂക്ഷിതമായ ദൗത്യം. ഇത്തവണ പതിവ് പോലെയല്ല എന്നാണ് ബാഗി 4 പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എ. ഹർഷ ബിരുഗാലി, ചിങ്കരി, ഭജരംഗി, അഞ്ജനി പുത്ര, വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ കന്നഡ സിനിമയിലെ മുന്‍നിര സംവിധായകനാണ്.
2016ൽ സബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ബാഗി ഫ്രാഞ്ചൈസി ആരംഭിച്ചത്. ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലറായ ബാഗി 2004 ലെ തെലുങ്ക് ചിത്രമായ വർഷം, 2011 ലെ ഇന്തോനേഷ്യൻ ചിത്രം ദി റെയ്ഡ്: റിഡംപ്ഷൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിര്‍മ്മിച്ചത്. ചിത്രത്തിൽ ടൈഗർ ഷ്രോഫ്, ശ്രദ്ധ കപൂർ, സുധീർ ബാബു എന്നിവർ അഭിനയിച്ചു.
അഹമ്മദ് ഖാൻ സംവിധാനം ചെയ്ത ക്ഷണം എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു 2018ൽ പുറത്തിറങ്ങിയ ബാഗി 2. ദിഷ പഠാനി, മനോജ് ബാജ്‌പേയ്, രൺദീപ് ഹൂഡ, മറ്റ് പ്രധാന അഭിനേതാക്കള്‍ക്കൊപ്പമാണ് ടൈഗർ ഈ ചിത്രത്തില്‍ അഭിനയിച്ചത്.
മൂന്നാം ഭാഗമായ ബാഗി 3 (2020) വീണ്ടും അഹമ്മദ് ഖാൻ സംവിധാനം ചെയ്തു. ഇത് ഭാഗികമായി തമിഴ് ചിത്രമായ വേട്ടൈയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എടുത്തത്. ടൈഗർ, റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അതേ സമയം പുതിയ ബാഗിയുടെ പോസ്റ്റര്‍ രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍ പോലെയുണ്ടെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മറ്റു ഭാഷകളിലെ ഹിറ്റ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്ന ബാഗി സീരിസില്‍ ബോളിവുഡിലെ അനിമലാണോ പുതുതായി റീമേക്ക് ചെയ്യുന്നത് എന്നതടക്കവും ചില കമന്‍റുകളില്‍ ഉയരുന്നുണ്ട്.