| ആർ ബോസ്
മണാലിയിൽ നിന്ന് ഹിമാചൽആർടിസിയുടെ ബസിൽ ഉച്ചക്ക്12 മണിക്ക് പുറപ്പെട്ട ഞാൻ അടൽ ടണൽ വഴി 3 മണിക്ക് കീലോങ്ങ് ടൗണിലെത്തി. മണാലി – ലേ ഹൈവേയിൽ നിന്ന് അല്പം താഴെ മാറിയാണ് ബസ് സ്റ്റാൻഡും മാർക്കറ്റുമെല്ലാമുള്ളത്.ഒട്ടും തിരക്കില്ലാത്ത സ്റ്റാൻഡ് അടുത്ത കാലത്ത് നിർമ്മിച്ചതാണ്. മൂന്ന് നില കെട്ടിടമാണ് താഴത്തെ നിലയിൽ എൻക്വയറി റിസർവ്വേഷൻ കൗണ്ടറുകളും ഒന്നുരണ്ട് കടകളും
രണ്ട് ടോയ്ലറ്റും മാത്രമാണുള്ളത്
ടോയ്ലറ്റുകൾ രണ്ടും താഴിട്ട് പൂട്ടിയിട്ടിരിക്കുന്നു. മുകൾനിലയിൽ ആർടിസിയുടെ ഓഫിസും ജീവനക്കാരുടെ പാർപ്പിടവുമൊക്കെയാണ്. സ്റ്റാൻഡിൻ ഏതാനും യാത്രക്കാർ മാത്രമേയുള്ളു. ഇന്നിവിടെ താമസിച്ച് നാളെ ലേയിലേക്ക് പോകാനാണ് എൻ്റെ പരിപാടി. നാളമുതലുള്ള യാത്രയിൽ ആൾട്ടിറ്റ്യൂഡ് സിക്നസ് കുറക്കാൻ ഒരു ദിവസം ഇവിടെ താമസിക്കുന്നത് നല്ലതാണന്ന് ഞാൻ മനസിലായിയിരുന്നു 10,100 അടി ഉയരത്തിലാണ് കീലോങ്ങ് നഗരം സ്ഥിതി ചെയ്യുന്നത്.
സ്റ്റാൻഡിനോട് ചേർന്നൊരു ലോഡ്ജ് കണ്ടങ്ങോട്ട് ചെന്നു. റിസപ്ഷനിൽ ഉടമ തന്നെയാണ് 500 രൂപയാണ് മുറിവാടക പറഞ്ഞത്. ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നെ കൊണ്ട് പോയി മുറി തുറന്ന് കാണിച്ചുതന്നു. തരക്കേടില്ലാത്ത മുറിയാണ് ബാഗ് മുറിയിൽ വച്ച് പുറത്തിറങ്ങി തൊട്ടടുത്ത് തന്നെ നേപ്പാളി കുടുബം നടത്തുന്ന ഒരു ചെറിയ ഹോട്ടലുണ്ട്. ചോറും ചപ്പാത്തിയും മട്ടൻ കറിയും അച്ചാറുമടങ്ങുന്ന ഭക്ഷണം കഴിച്ചു അത്യാവശ്യം എരിവും പുളിയുമൊക്കെ ഉണ്ടായിരുന്ന നല്ല രുചികരമായ ഭക്ഷണം 170 രൂപയായിരുന്നു ചാർജ്.
ഭക്ഷണ ശേഷം ടൗണൊന്ന് കാണാൻ തീരുമാനിച്ചു. സുഖകരമായ കാലാവസ്ഥ.ചുറ്റോട് ചുറ്റും മലകളാണ് ചന്ദ്രഭാഗ നദിയുടെ തീരത്തുള്ള ചന്ദ്രഭാഗ ചെനാബ് താഴ്‌വരയാണിത്. കീലോങ്ങ് അഥവാ കൈലാങ്ങ് സ്പിതി ജില്ലയുടെ ആസ്ഥാനം കൂടിയാണ്. ജനസംഖ്യ വെറും 1150 മാത്രം. വളരെ ശാന്തമായ ഒരു കൊച്ചു നഗരം ചുറ്റുമുള്ള അംബര ചുംമ്പികളയാ മലകളെ മൂടിയ കനത്ത ഹിമപാളികൾ വെയിലേറ്റ് തിളങ്ങുന്ന മനോഹരമായ കാഴ്ച.
ടൗണെല്ലാം ഒന്ന് ചുറ്റിക്കറങ്ങി തിരികെ സ്റ്റാൻഡിലെത്തി. ഇവിടെ നിന്ന് രാവിലെ അഞ്ചു മണിക്ക് ലേയ്ക്ക് ഡയറക്ട് ബസ് ലഭിക്കുമെന്നും തലേ ദിവസം ടിക്കറ്റ് റിസർവ്വ് ചെയ്യാമെന്നുമാണ് യാത്രാ ഗ്രൂപ്പുകളിലും യൂട്യൂബിലുമെല്ലാം കണ്ടത്. സ്റ്റാൻഡിലെ റിസർവ്വേഷൻ കൗണ്ടർ അടഞ്ഞ് കിടക്കുന്നു. മുകൾനിലയിലെ ഓഫീസിലെത്തി അന്വോഷിച്ചപ്പോൾ സംഗതി സീനായി. ഇപ്പോൾ ഇവിടെ നിന്നല്ല ബസ് പുറപ്പെടുന്നത് ഡൽഹിയിൽ നിന്നാണ്. റിസർവേഷനും ഇവിടുന്നില്ല രാവിലെ 5 മണിക്ക് ബസ് വരുമ്പോൾ കയറുക ടിക്കറ്റ് ബസിൽ നിന്ന് തരും. ഇത്രയും കേട്ടപ്പോഴെ കാര്യങ്ങൾ ഉദ്ദേശിച്ച വഴിക്കല്ല പോകുന്നതെന്ന് മനസിലായി. റൂമിലെത്തി നേരത്തെ ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് പുലർച്ചെ നാലിനെഴുന്നേറ്റ് അത്യാവശ്യകാര്യങ്ങൾ നടത്തി റെഡിയായി. ആറ് ഡിഗ്രി തണുപ്പാണ്. കനത്തൊരു ജാക്കറ്റിട്ട് നാലരക്ക് തന്നെ സ്റ്റാൻഡിലെത്തി. ഇരുപതോളം പേർ കിടന്നും ഇരുന്നുമൊക്കെ ഉറങ്ങുന്നു അഞ്ച് കഴിഞ്ഞപ്പോൾ സ്റ്റാൻ്റിങ് ആളുമായി ബസെത്തി.ഒരാളും ഇറങ്ങാനില്ല കേറാൻ ഇരുപത് പേരും എന്തായാലും കുറഞ്ഞത് 12 മണിക്കൂർ ഹൈ ആൾട്ടിറ്റ്യൂഡിൽ നിന്ന് യാത്ര ആലോചിക്കാൻ പോലും കഴിയില്ല. അതിൽ പോകുന്നില്ലന്ന് തീരുമാനിച്ച് ഞാൻ മാറിയിരുന്നു.
10 മിനിറ്റ് കഴിഞ്ഞ് വണ്ടി പോയി ഇന്നിനി ലേയ്ക്ക് വേറെ ബസില്ല. ഒൻപത് പേർ അവശേഷിച്ചു. എല്ലാവരും ലേയ്ക്ക് പോകാനുള്ളവർ ഒരു വാഹനം പിടിച്ച് ഷെയർ ചെയ്തു പോകാനുള്ള സാദ്ധ്യത ഞങ്ങൾ തേടി ലേയ്ക്ക് പോകാൻ എന്ന് കേൾക്കുമ്പോളെ ഡ്രൈവർമാർ മുഖം തിരിക്കുകയാണ്. മറുപടി പോലും പറയുന്നില്ല ഒടുവിൽ സ്റ്റാൻഡിൽ കിടന്ന ഒരു ടെമ്പോ ട്രാവലർ ഡ്രൈവർ 30,000 രൂപ തന്നാൽ വരാമെന്നായി ആ തുക പലർക്കും താങ്ങാൻ കഴിയാത്തതിനാൽ തുടക്കത്തിലേ ആ പണി പാളി.
ഞാൻ സ്റ്റാൻഡിനെതിർവശത്തെ ചായക്കടയിൽ നിന്നൊരു ചായ കടയിലേക്ക് കയറി ഒരു ചായ വാങ്ങി കുടിച്ചു കൊണ്ടിരുന്നാലോചിച്ചു. ടാക്സിയും ഷെയർ ടാക്സിയും നടക്കില്ലന്നുറപ്പായ സ്ഥിതിക്ക് രണ്ട് വഴിയേയുള്ളു ഒന്നുകിൽ ലേ ഉപേക്ഷിച്ച് മണാലിക്ക് മടങ്ങുക അല്ലെങ്കിൽ ലോറിക്ക് കൈ കാണിച്ച് ഭാഗ്യം പരീക്ഷിക്കുക. അത് തന്നെ ചെയ്യാൻ തീരുമാനിച്ചു.
ചായക്കാശ് നൽകി പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ഹൈദ്രാബാദ് സ്വദേശികളായ രണ്ട് ചെറുപ്പക്കാർ എൻ്റെ കൂടെ കൂടി. ഞങ്ങൾ നടന്ന് മുകളിലെ ഹൈവേയിലെത്തി കൈകാണിച്ച ആദ്യ ലോറി തന്നെ നിർത്തി ലേയ്ക്കപ്പുറം കാർഗിലിലേക്ക് ടാർ കയറ്റി പോകുന്ന ലെയ്ലാൻഡ് ലോറിയാണ്.മൻജീത് എന്ന പഞ്ചാബി യുവാവാണ് ഡ്രൈവർ. ബസ് ചാർജ് നൽകാമെന്ന ഉറപ്പിൽ ലോറിയുടെ ക്യാമ്പിനിൽ ഇരുന്ന് യാത്ര തുടങ്ങി.
ഇതുവരെയുണ്ടായ എല്ലാ സങ്കടങ്ങളും പമ്പകടന്നു. ബസ് കിട്ടാതെ പോയത് അത്യന്തം നന്നായെന്ന് ആഹ്ലാദത്തോടെ ഓർത്തു ലോറിയുടെ മുമ്പിലിരുന്ന് വിശാലമായ കാഴ്ചകൾ കാണാം ഇഷ്ടം പോലെ ഫോട്ടോയെടുക്കാം മനസ് തള്ളിച്ചാടുകയാണ്. BRO നിർമ്മിച്ച് സംരക്ഷിക്കുന്ന മനോഹരമായ രണ്ടു വരി പാതയിലൂടെ ലോറി പൊയ്ക്കൊണ്ടിരുന്നു ഇരുവശത്തും തല മഞ്ഞിൽ മൂടിയ മലകളാണ്. അങ് താഴെ താഴ്‌വരയിലൂടെ ഒരു നദി ഒഴുകുന്നു.
ഫോട്ടോയെടുത്തും കാഴ്ചകളിൽ അഭിരമിച്ചും മുന്നേറിയ യാത്ര രണ്ടര മണികൂർ കഴിഞ്ഞപ്പോൾ ചെറുകടകൾ ഉള്ളിടത്ത് വണ്ടി നിർത്തി എല്ലാവരും ലോറിയിൽ നിന്ന് പുറത്തിറങ്ങി. പടുത വലിച്ചടിച്ച് നിർമ്മിച്ചിരിക്കുന്ന താൽക്കാലിക കടകളാണ് ഇവിടെയുള്ളത് ഒരു കടയുടെ മുമ്പിൽ ജിങ്ങ് ജിങ്ങ് ബാർ ദാബ,നൈറ്റ് സ്റ്റേ അവൈലബിൾ എന്നൊരു ബോർഡ് വച്ചിരിക്കുന്നു ബൈക്കറന്മാരുടെ സ്വപ്നഭൂമിയായ ലഡാക്കിൽ ആയിരക്കണക്കിന് ബൈക്കുകളാണ് ദിനവും എത്തുന്നത് . പ്രധാനമായും അവരെ ലക്ഷ്യം വെച്ചാണ് മിനിമം സൗകര്യം മാത്രമുള്ള നൈറ്റ് സ്റ്റേ.
ഞാനാ കടയിലേക്ക് കയറിച്ചെന്നു. ഒരു യുവതിയും ചെറിയ ഒരു പെൺകുട്ടിയുമാണ് കടയിലുള്ളത് ലഘുഭക്ഷണ ഐറ്റങ്ങൾ മാഗി നൂഡിൽസ് നിഗരറ്റ് ബീഡി പാൻപരാഗ് പോലുള്ള ലഹരി വസ്തുക്കൾ എന്നിവയാണ് വില്പന വസ്തുക്കൾ. ഇതിനൊപ്പം മദ്യവും പരസ്യമായ രഹസ്യമായി വിൽക്കുന്നുണ്ട്. ഞങ്ങൾ ചായ ഓർഡർ ചെയ്തു അതു കുടിച്ച് കഴിഞ്ഞപ്പോൾ കൂടെയുള്ളവർ ഡ്രൈവറുമായി ആലോചിച്ച് ഏതാനും മാഗിയും മുട്ടയും വാങ്ങി ഉച്ചഭക്ഷണത്തിനുള്ള കരുതലാണത്.
വീണ്ടും യാത്രയാരംഭിച്ചു. മൊബൈൽ റേഞ്ച് കട്ടായിരിക്കുന്നു ഇനി എപ്പോൾ കണക്റ്റാവുമെന്നും അറിയില്ല.ചെറിയ മലകൾ കയറിയിറങ്ങിയും ചെറു നദികളും അരുവികളും കടന്നും വണ്ടി ഒരു മല കയറാനാരംഭിച്ചു. കിലോങ് ലേ യാത്രയിൽ കയറി ഇറങ്ങണ്ട അഞ്ച് വൻ മലകളിൽ മൂന്നാമത്തെതാണിത്. അനവധി ഹെയർപിൻ വളവുകൾ പിന്നിട്ടപ്പോൾ റോഡരുകിൽ ഐസ് പ്രത്യക്ഷപ്പെട്ട് തുടങ്ങി.
അതോടൊപ്പം ശക്തമായ തലവേദനയും ശർദ്ദിക്കണമെന്ന തോന്നലും വയറ്റിൽ ഉരുണ്ടു കയറ്റവുമൊക്കെ തുടങ്ങി 8000 അടിക്ക് മുകളിലേക്ക് പോകുമ്പോൾ വരുന്ന ആൾട്ടിറ്റ്യൂഡ് സിക്നസ് ആരംഭിച്ചിരിക്കുന്നു. പോകപ്പോകെ കൂറ്റൻ ഐസ് ബ്ലോക്കുകളും കാണാറായി.ഒരു വളവ് തിരിഞ്ഞപ്പോൾ പെട്ടന്ന് അൻ്റാർട്ടിക്കയിൽ ചെന്ന പ്രതീതി,15580 അടി ഉയരത്തിൽ ബാരാ ലാച്ചാ പാസിൻ്റെ മുകളിൽ എത്തിയിരിക്കുന്നു. ഇവിടെ മഞ്ഞ് മലയിലൂടെയാണ് റോഡ് പോകുന്നത്.
വർഷത്തിൽ പല തവണ ഈ പാത മഞ്ഞ് മൂടി അടഞ്ഞ് പോകും.ലോറിയെക്കാൾ ഉയരത്തിൽ നിൽക്കുന്ന കുറ്റൻ മഞ്ഞ്മല കട്ട് ചെയ്തെടുത്താണ് വഴി ഉണ്ടാക്കിയിരിക്കുന്നത്. വലത് വശത്ത് അമ്പതടിയോളം മുക്കാലും മഞ്ഞ് മുടിയ സൂരജ് താൾ എന്ന ചെറു തടാകം അതിൽ പല വലിപ്പത്തിൽ ഐസ് കട്ടകൾ പൊങ്ങി കിടക്കുന്നു. ചെനാബ് നദിയുടെ രണ്ട് പ്രധാന പോഷക നദികളായ ചന്ദ്രയും ഭാഗയും ഉത്ഭവിക്കുന്നത് ബരാ ലാച്ച ചുരത്തിൽ നിന്നുമാണ്.
ലോറിയുടെ ഇടത്തെ ഡോർ സൈഡിൽ ഇരിക്കുന്ന എനിക്ക് കട്ട് ചെയ്ത് നിർത്തിയിരിക്കുന്ന മഞ്ഞ് മലയെ തൊടാം അതിൻ്റെ തണുപ്പ് എൻ്റെ മുഖത്തടിക്കുന്നുണ്ട്. ശാരിരിക അസ്ഥസ്തതക്കിടയിലും മനസിലൊരു തുള്ളിച്ചാട്ടം. ഒരു ഗട്ടറിൽ ഇറങ്ങിക്കയറാൻ വണ്ടി ഒന്ന് നിർത്തിയപ്പോൾ ഞാനാ മഞ്ഞ് മലയെ ഒന്ന് തടവി.കരിമ്പാറ പേലത്തെ കട്ടി . തണുപ്പ് കറൻ്റടിച്ചപോലെ വിരലിലൂടെ ശരീരമാകെ പടർന്ന് കയറി. മുമ്പിൽ നോക്കെത്താ ദൂരം മഞ്ഞ് മലകൾ മാത്രം.. സൂര്യ പ്രകാശമതിൽ തട്ടി കണ്ണിലടിക്കുമ്പോൾ സ്ഥലജലവിഭ്രാന്തി പോലാരവസ്ഥ.
ജീവിതത്തിൽ മുമ്പനുഭവിച്ചിട്ടില്ലാത്ത അസുലഭ കാഴ്ചയുടെ മേളം. ഈ കാഴ്ചയിലൂടെ ഒഴുകി നീങ്ങി ലോറിയൊരു താഴ്‌വരയിൽ എത്തി ഒരു കടയുടെ സമീപത്ത് ഒതുക്കി നിർത്തി ഉച്ചഭക്ഷണം തയ്യാറാക്കാനാണ്. ലോറിയിലെ സ്റ്റൗ എടുത്ത് ഡ്രൈവറും സഹയാത്രികരും ചേർന്ന് പെട്ടന്ന് തന്നെ നൂഡിൽസ് തയ്യാറാക്കി. രാവിലെ ആരും തന്നെ ഒന്നും കഴിച്ചിരുന്നില്ല എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞു. അരമണിക്കൂറിനകം വീണ്ടും യാത്ര തുടങ്ങി ഇപ്പോൾ ഒരു താഴ്‌വരയിലൂടെയാണ് യാത്ര. ഇടത് വശത്ത് ധാരാളം വാഹനങ്ങളും കെട്ടിടങ്ങളും.മിലിട്ടറി ക്യാമ്പാണ്.
മിലിട്ടറി ക്യാമ്പ് പിന്നിട്ട് ഒരു പാലം കടന്ന ലോറി പെട്ടന്ന് പണിമുടക്കി. എത്ര ആക്സിലേറ്റർ കൊടുത്താലും ലോറിക്ക് നിരപ്പിൽ പോലും 20 കിലോമിറ്ററിനപ്പുറം വേഗത കിട്ടുന്നില്ല.ഡ്രൈവർ ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിച്ചു. അടുത്തൊന്നും മനുഷ്യവാസം തന്നെയില്ല പിന്നല്ലേ വർക്ക്ഷോപ്പ്. ഇവിടെ കിടന്നിട്ട് കാര്യമില്ല ഉള്ള സ്പീഡിൽ പോകുകയേ മാർഗ്ഗമുള്ളു. ഞങ്ങളെ സംബന്ധിച്ച് വേറൊരു വണ്ടിയും കിട്ടാനുമില്ല. ഇതിൽ പോകുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
വീണ്ടും യാത്ര തുടങ്ങി, ചെറിയ കയറ്റം കയറുമ്പോൾ പോലും വണ്ടിയെ നടന്ന് ഓവർ ടേക്ക് ചെയ്യാം അത്ര കുറഞ്ഞ വേഗതയാണ്. യാത്രയുടെ ലഹരി ക്രമേണ കുറഞ്ഞ് ബോറടിയായിത്തുടങ്ങി. സിമിൻറ് കളറിലുള്ള മണ്ണും മഞ്ഞൊലിച്ചിറങ്ങിയ മലനിരകളും ഒരേപോലത്തെ കാഴ്ചകൾ ആവർത്തിച്ച് വരുന്നതിനാൽ ഞാൻ ഫോട്ടോയെടുപ്പും നിർത്തി.
ഒന്നരമണിക്കൂർ ഇഴഞ്ഞ് നീങ്ങിയ ലോറി കൂറ്റനൊരു മലയുടെ അടിവാരത്തിലെത്തി. മുന്നിൽ ഗാട്ടാ ലൂപ്സെന്ന ബോർഡ്. ഡ്രൈവർമാർക്കൊരു ഉൾക്കിടിലമായി
അപകടം പതിയിരിക്കുന്ന റോഡ്. 13746 അടി ഉയരത്തിൽ പത്ത് കിലോമീറ്ററിൽ 21 ഹെയർപിൻ വളവുകൾ കയറി 15300 അടി ഉയരത്തിലേക്ക് പോകുന്ന ഗാട്ടാലൂപ്സ് എന്ന പ്രേതപാത ഇവിടെ ആരംഭിക്കുകയാണ്.
(തുടരും)