...
Home News Kerala കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തിരിയുന്ന കെ സുധാകരൻ പക്ഷം

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തിരിയുന്ന കെ സുധാകരൻ പക്ഷം

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.

221

കേരളത്തിലെ കോൺഗ്രസിൽ തീരാത്ത തർക്കം. കെപിസിസി അധ്യക്ഷ മാറ്റ ചർച്ചകൾക്കിടെ കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്കെതിരെ കെ സുധാകരൻ പക്ഷം രംഗത്ത് വന്നിരിക്കുകയാണ് .

കേരളത്തിൽ സംഘടയുടെ ഉള്ളിൽ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷി ആണെന്നും അവരെ ഉടനെ ചുമതലയിൽ നിന്നും മാറ്റണമെന്നുമാണ് സുധാകരൻ പക്ഷത്തിന്റെ ആവശ്യം. അതേസമയം സുധാകരൻ പക്ഷം ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്. ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആന്‍റോ ആന്‍റണിയെയും സണ്ണി ജോസഫിനെയും പരിഗണിക്കാനുള്ള നീക്കത്തിൽ തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും കുറയുകയാണ് . ഇരുവരും കെപിസിസി അധ്യക്ഷ പദവിക്ക് യോഗ്യരല്ലെന്ന് മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.

കേരളത്തിൽ നടക്കാനുള്ള തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള ശേഷി ഇരുവർക്കുമില്ലെന്നും നേതാക്കൾ അറിയിച്ചതായാണ് വിവരം. കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തുടർ ചർച്ചയിലും ക്രൈസ്തവ പ്രാതിനിധ്യം തന്നെയാകും മാനദണ്ഡമെന്നാണ് സൂചന. ഇതിനിടെ, കെപിസിസി അധ്യക്ഷ ചർച്ചയിൽ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി സഭാപത്രം ദീപിക രംഗത്തെത്തി. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകളാണ് ദീപികയുടെ മുഖപ്രസംഗം തള്ളിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ കോൺഗ്രസും മുന്നണിയും ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് കോണ്‍ഗ്രസിലെ തമ്മിലടി യുഡിഎഫിനാകെ മങ്ങലേല്‍പ്പിക്കുമെന്നാണ് ഘടകകക്ഷികളുടെ ആശങ്ക. മുസ്ലിം ലീഗും ആര്‍എസ്പിയും കേരള കോണ്‍ഗ്രസുമെല്ലാം ചര്‍ച്ചകളിലെ അനിശ്ചിതത്വമുണ്ടാക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ അതൃപ്തരാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.