...
Home News Kerala ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കി; മലയാളികളോടുള്ള ക്രൂരമായ അവഗണന: സമീക്ഷ യുകെ

ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കി; മലയാളികളോടുള്ള ക്രൂരമായ അവഗണന: സമീക്ഷ യുകെ

അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുന്നവരുടെ ആദ്യ ഓപ്ഷനായിരുന്നു ഈ വിമാനം. അവധിക്കാലത്ത് എയർ ഇന്ത്യ ടിക്കറ്റ് വിലയില്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ പോലും മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.

587

ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സമീക്ഷ യുകെ. അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ ഏക ആശ്രയമായിരുന്ന വിമാന സർവ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്‍റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് 2020 ആഗസ്റ്റ് 28 മുതല്‍ ഈ റൂട്ടില്‍ എയർ ഇന്ത്യ സർവീസ് അനുവദിച്ചത്. അന്നുമുതല്‍ ഇന്നുവരെ ആളില്ലാത്തത് കാരണം ഒരു സർവ്വീസ് പോലും മുടങ്ങിയിട്ടില്ല.

അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുന്നവരുടെ ആദ്യ ഓപ്ഷനായിരുന്നു ഈ വിമാനം. അവധിക്കാലത്ത് എയർ ഇന്ത്യ ടിക്കറ്റ് വിലയില്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ പോലും മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. എല്ലായിപ്പോഴും തിരക്കുപിടിച്ച റൂട്ടായിരുന്നിട്ടും മെച്ചപ്പെട്ട യാത്രസൌകര്യം ഒരുക്കാൻ എയർ ഇന്ത്യ തയ്യാറായിരുന്നില്ല.

ഈ റൂട്ടില്‍ പുതിയ വിമാനം വേണമെന്ന ആവശ്യം അധികൃതർ കേട്ടതുപോലുമില്ല. ഒടുവിലിപ്പോള്‍ സർവ്വീസ് എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. ഈ വേനല്‍ അവധിക്കാലം മുതല്‍ പുതിയ ബുക്കിംഗ് എടുക്കേണ്ടെന്ന് ഏജൻസികള്‍ക്ക് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചു. മാർച്ച് 28ന് ഗാട്വികില്‍ നിന്ന് കൊച്ചിയിലേക്കും 29ന് തിരിച്ചുമായിരിക്കും അവസാന യാത്ര.

സർവ്വീസ് അവസാനിപ്പിക്കുന്നതോടെ ബഹുഭൂരിപക്ഷം മലയാളികളും നാട്ടിലെത്താൻ പല വിമാനങ്ങള്‍ കയറിയിറങ്ങേണ്ടിവരും. പത്ത് മണിക്കൂർ യാത്ര രണ്ട് ദിവസം വരെ നീളും, യാത്രാദുരിതം ഏറും. വിഷയത്തില്‍ പ്രതികരിക്കാൻ എയർ ഇന്ത്യയോ സിയാല്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. യുകെയിലെ മലയാളി സമൂഹത്തോടുള്ള ക്രൂരമായ അവഗണനയാണിതെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ പ്രശ്നത്തില്‍ ഇടപെടണമെന്നും എയർ ഇന്ത്യ അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും സമീക്ഷ യുകെ ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.