നടൻ മോഹന്‍ലാലിൻ്റെ ജീവചരിത്രം വരുന്നു. ‘മുഖരാഗം’ എന്ന പേരിലുള്ള ജീവചരിത്രം എഴുതുന്നത് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ്. മാതൃഭൂമി ബുക്‌സാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. പിറന്നാള്‍ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മലയാള സിനിമയുടെ നാലുപതിറ്റാണ്ടിൻ്റെ അപൂര്‍വ ചരിത്രം കൂടിയാകുന്ന പുസ്‌തകത്തിന് എംടി വാസുദേവന്‍ നായരാണ് അവതാരിക എഴുതിയത്. 2025 ഡിസംബറില്‍ പുസ്‌തകം പുറത്തിറങ്ങും. 1978ല്‍ തിരനോട്ടത്തില്‍ തുടങ്ങി ‘തുടരും’ എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിൻ്റെ അഭിനയ ജീവിതത്തിൻ്റെ സമഗ്ര രേഖയാകും ഈ പുസ്‌തകം.
കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടത്തിനായി ഈ നടന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹനടികൾ നടന്മാർ മറ്റു സഹപ്രവര്‍ത്തകരുടെ എല്ലാം അനുഭവങ്ങള്‍ മുഖരാഗത്തിൽ ഉണ്ടാകും.
നിര്‍മാതാവ്, സംരംഭകന്‍, ബ്രാന്‍ഡ് അംബാസഡര്‍, ലെഫ്റ്റനന്റ് കേണല്‍, ഡി-ലിറ്റ് തുടങ്ങി പല മേഖലകളിലുള്ള മോഹന്‍ലാലിനെ കുറിച്ചും അടുത്തറിയാനാകും.
മോഹന്‍ലാലിൻ്റെ കുടുംബചരിത്രം പറയുന്ന ‘പത്തനംതിട്ടയിലെ വേരുകള്‍’, കുട്ടിക്കാലത്തെ കുറിച്ചുള്ള ‘അമ്മൂമ്മയുടെ ലാലു’, സിനിമാലോകം ആകര്‍ഷിച്ചു തുടങ്ങുന്ന കാലത്തെപ്പറ്റിയുള്ള ‘മിന്നായം പോലെ സത്യന്‍മാഷ്’ എന്നിവയുള്‍പ്പെടെ, വീരകേരള ജിംഖാന, നായകന്‍മാരുടെ പ്രതിനായകന്‍, പടയോട്ടം, പത്മരാജസ്‌പര്‍ശം, കിരീടവും ചെങ്കോലും നഷ്‌ടപ്പെട്ടവന്‍, ഭാവദീപ്‌തം, ഭരതം തുടങ്ങി നൂറിലധികം അധ്യായങ്ങളായി ആയിരത്തോളം പേജുകളാണ് ‘മുഖരാഗ’ത്തിൽ ഉള്ളത്.