കോഴിക്കോട് നടന്ന ആറാമത് ന്യൂവേവ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഋഷിക് ഭരത് സംവിധാനം ചെയ്‌ത ‘എ ഫിഷ് ഓൻ ദി ഷോർ’ മികച്ച ചിത്രം. ഭാരത് കൃഷ്ണൻ സംവിധാനം ചെയ്ത ‘വെനസ്‌ഡേ മോർണിംഗ് ത്രീ എ എം’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. 25000 രൂപയും സർട്ടിഫിക്കറ്റുമാണ് മികച്ച ചിത്രത്തിന് ലഭിക്കുക.
ജനലുകൾ, അപരാജിത ഗുപ്ത സംവിധാനം ചെയ്ത ഡ്രീംസ് എവൈക്കൺ എന്നീ സിനിമകൾ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരം കരസ്ഥമാക്കി. മീനുകൾ സിനിമയുടെ തിരക്കഥയിലൂടെ അച്യുത് ഗിരി മികച്ച തിരക്കഥാകൃത്ത് ആയും കരോകരിയുടെ ഛായാഗ്രഹണത്തിലൂടെ പി.വി.വിപിൻ മികച്ച സിനിമാട്ടോഗ്രാഫറായും തിരഞ്ഞെടുക്കപ്പെട്ടു.
വിപിൻ വിജയൻ ആണ് മികച്ച എഡിറ്റർ (ഫിഷ് ഓൻ ദി ഷോർ). നോയിസസ് ഫ്രം ദി ബേസ്മെന്റ് എന്ന ചിത്രത്തിലൂടെ അഭയ് പി. മികച്ച എഡിറ്റർക്കുള്ള ജൂറി പുരസ്‌കാരത്തിന് അർഹനായി. ബെസ്റ്റ് ആക്ടർ അവാർഡിന് കരോകരി സിനിമയിലെ മെലഡി ഡോർകാസും സാൽവേഷൻ ഡ്രീം എന്ന സിനിമയിലൂടെ മികച്ച ശബ്ദരൂപകല്പനയ്ക്കുള്ള അവാർഡിന് അർക്കിസ്മാൻ മുഖർജിയും അർഹരായി.
കവിയും ചലച്ചിത്ര നിരൂപകയുമായ ഡോ.റോഷ്നി സ്വപ്ന, സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ എന്നിവർ അടങ്ങിയ ജൂറിയാണ് മികച്ച സിനിമകൾ തിരഞ്ഞെടുത്തത്. ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടന്ന സമാപന ചടങ്ങിൽ ഫോട്ടോഗ്രാഫർ സതി ആർ.വി., നാടക പ്രവർത്തക അനിത കുമാരി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.