എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ ഉണ്ടായ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോർട്ടർ അഖില നന്ദകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു . അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി പറഞ്ഞു.
ഇതിനോടൊപ്പം ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇന്ത്യൻ പ്രസിഡണ്ടാണെങ്കിൽ പോലും ഇളവ് നൽകാനാവില്ലെന്നും കോടതി പറഞ്ഞു. ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 41 (എ) പ്രകാരം ഹർജിക്കാരിക്ക് നോട്ടീസ് നൽകിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശമുണ്ടായത്.
ആർഷോ നൽകിയ പരാതിയിൽ സംസ്ഥാന ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖില നന്ദകുമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം.