സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ അറിയിപ്പില്ലാതെ മാറ്റിയതിലുള്ള നീരസം നടൻ പ്രേംകുമാർ വീണ്ടും പരസ്യമാക്കിയിരിക്കുകയാണ്. മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ മമ്മൂട്ടിക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് പ്രേംകുമാറിൻ്റെ ഈ പുതിയ പ്രതികരണം. പ്രമാണിമാർക്കും ഉന്നതർക്കും ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയും എന്ന മനോഭാവമാണ് സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
‘മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ’ എന്ന തലക്കെട്ടിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രേംകുമാർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ചൂരൽമല സന്ദർശനത്തിനിടെ കൂടെയുണ്ടായിരുന്ന നേതാവിനോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിക്കെതിരെ ഇടത് സൈബർ പടയാളികൾ അധിക്ഷേപം ചൊരിഞ്ഞിരുന്നു. സൈബർ ആക്രമണത്തിൽ മനംനൊന്ത മഹാനടനോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചതിലെ വിശാല മനസിനെ അഭിനന്ദിക്കുമ്പോഴും, സമാനമായ സാഹചര്യത്തിൽ താൻ നേരിട്ട അവഗണന പ്രേംകുമാർ ചൂണ്ടിക്കാട്ടുന്നു.
‘ആശാ സമരം പരിഹരിക്കണം’ എന്ന നിർദോഷമായ മാനുഷിക നിലപാടിൻ്റെ പേരിൽ സൈബർ പോരാളികൾ തന്നെയും കുടുംബത്തെയും ക്രൂരമായി വേട്ടയാടിയപ്പോൾ മുഖ്യമന്ത്രിയോ മറ്റ് നേതാക്കളോ ഇടപെട്ടില്ലെന്ന് പ്രേംകുമാർ പരാതിപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയ വിവരം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അത് തൻ്റെ അഭിമാനത്തിന് വലിയ ക്ഷതമേൽപ്പിച്ചെന്നും അദ്ദേഹം പറയുന്നു. സംസ്‌കാരശൂന്യമായ വാക്കുകൾ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും അപമാനിച്ചിട്ടും “അരുത്” എന്ന് പറയാൻ ആരും തയ്യാറായില്ലെന്ന് അദ്ദേഹം വേദനയോടെ ഓർക്കുന്നു.
കഴിഞ്ഞ 35 വർഷമായി ഇടതുപക്ഷ സഹയാത്രികനായി വർഗീയതക്കും ഫാസിസത്തിനും എതിരെ ഉറച്ച നിലപാടുകൾ സ്വീകരിച്ചു പ്രവർത്തിക്കുന്ന തനിക്ക് നേരെയുണ്ടായ വ്യക്തിഹത്യ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നത് ആണെന്ന് പ്രേംകുമാർ പറഞ്ഞു. മമ്മൂട്ടിയുമായി തന്നെ താരതമ്യം ചെയ്യുന്നില്ലെങ്കിലും, മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലുള്ള തന്നെപ്പോലൊരു ‘ചെറിയ നടനോട്’ കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഉന്നതർക്ക് ലഭിക്കുന്ന പരിഗണന സാധാരണക്കാർക്ക് ലഭിക്കുന്നില്ല എന്ന യാഥാർഥ്യമാണ് ഇവിടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പാവപ്പെട്ടവർക്കും പാർശ്വ വൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. തുല്യനീതി ഉറപ്പുള്ള നാട്ടിൽ തന്നോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടാനുള്ള അഹങ്കാരം തനിക്കില്ലെന്നും, എന്നാൽ സൈബർ പോരാളികളോട് “ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുത്” എന്ന് ഒരു വാക്ക് പറയാനുള്ള കനിവ് മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്ത് നിൽക്കുന്ന എല്ലാ സഹോദരങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രേംകുമാർ തൻ്റെ വാക്കുകൾ ഉപസംഹരിച്ചത്.























