അമേരിക്കയിലും കാനഡയിലും രാജ്യവ്യാപകമായി വിതരണം ചെയ്‌ത ഡോനട്ട് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ്റ റിപ്പോർട്ട്. വിറ്റഴിക്കപ്പെട്ട രണ്ട് ദശലക്ഷത്തിലധികം പേസ്ട്രികളെ ബാധിച്ച 60 ഡോനട്ട് ഉൽപ്പന്നങ്ങൾ എഫ്.ജി.എഫ് ബ്രാൻഡ്‌സ് സ്വമേധയാ തിരിച്ചു വിളിച്ചതായി പറയുന്നു.
ഈ ഉൽപ്പന്നങ്ങളെല്ലാം 2024 ഡിസംബർ 13ന് മുമ്പ് നിർമ്മിച്ചവയാണ്. കൂടാതെ ഒന്നിലധികം ഡോനട്ട് ഫ്ലേവറുകൾ, പാസ്‌കിസ്, കറുവപ്പട്ട സ്റ്റിക്കുകൾ, ഫ്രഞ്ച് ക്രുള്ളറുകൾ, ആപ്പിൾ ഫ്രിട്ടറുകൾ തുടങ്ങി പലചരക്ക് സാധനങ്ങളിൽ വിൽക്കുന്ന വിവിധതരം പേസ്ട്രികളും ഇതിൽ ഉൾപ്പെടുന്നു.
ലിസ്റ്റീരിയ മോണോ സൈറ്റോജീനുകളാൽ മലിനീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എഫ്.ഡി.എ ജനുവരി ഏഴിന് ആരംഭിച്ച തിരിച്ചു വിളിക്കലിനെ ക്ലാസ് II ആയി തരംതിരിച്ചു. എഫ്.ഡി.എ അനുസരിച്ച് ഒരു ഉൽപ്പന്നം “താത്കാലികമോ വൈദ്യശാസ്ത്രപരമായി പഴയ പടിയാക്കാവുന്നതോ ആയ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. അല്ലെങ്കിൽ ഗുരുതരമായ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെങ്കിൽ” ക്ലാസ് II വർഗ്ഗീകരണം നൽകുന്നു.
എഫ്.ഡി.എ പ്രകാരം, ലിസ്റ്റീരിയ മോണോ സൈറ്റോജെൻസ് “പല സ്ഥലങ്ങളിലും കാണാവുന്ന ഒരു തരം രോഗകാരി ബാക്ടീരിയയാണ്.” ഇത് കഴിച്ചാൽ ഒരാൾക്ക് ലിസ്റ്റീരിയോസിസ് ഉണ്ടാകാം. ലിറ്റീരിയോസിസ് പലതരം ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ തീവ്രതയിലും വ്യത്യാസമുണ്ടാകും. ഈ രോഗം നോൺ- ഇൻവേസീവ് ഗ്യാസ്ട്രോ ഇൻ്റെസ്റ്റൈനൽ ലിസ്റ്റീരിയോസിസ് അല്ലെങ്കിൽ ഇൻവേസീവ്, കൂടുതൽ കഠിനമായ ലിസ്റ്റീരിയോസിസ് ആയി പ്രത്യക്ഷപ്പെടാം.
തീവ്രത കുറഞ്ഞ സാഹചര്യത്തിൽ, ഒരാൾക്ക് പനി, പേശി വേദന, ഓക്കാനം, വയറിളക്കം തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് സാധാരണയായി ഒന്ന് മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് എഫ്.ഡി.എ പറയുന്നു.
രോഗത്തിൻ്റ കൂടുതൽ കഠിനമായ രൂപത്തിൽ തലവേദന, കഴുത്തിൽ കാഠിന്യം, ആശയക്കുഴപ്പം, സന്തുലിതാവസ്ഥ നഷ്‌ടപ്പെടൽ, കോച്ചിവലിവ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. നവജാത ശിശുക്കളിലും, 65 വയസ്സിന് മുകളിലുള്ളവരിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഈ അവസ്ഥ “ജീവന് ഭീഷണി”യായി മാറിയേക്കാം.
തിരിച്ചുവിളിയെ കുറിച്ചുള്ള വിവരങ്ങൾ എഫ്.ജി.എഫ് ബ്രാൻഡ്‌സ് ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.