പാകിസ്ഥാന്‍-ബംഗ്ലദേശ് രണ്ടാം ടി20 മത്സരത്തിനിടെ തന്റെ ബോളില്‍ സിക്‌സടിച്ചതിന്റെ ദേഷ്യത്തില്‍ ബംഗ്ലാദേശ് ബാറ്റര്‍ അഫിഫ് ഹുസൈനെ എറിഞ്ഞിട്ട് പാകിസ്ഥാന്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദി. തന്റെ പന്തിൽ അഫിഫ് സിക്‌സര്‍ നേടിയതിന്റെ പിന്നാലെ ചെയ്ത ഡെലിവറിയിലാണ് അഫ്രീദി അനാവശ്യമായി പന്തെടുത്ത് ആ താരത്തെ എറിഞ്ഞുവീഴ്ത്തിയത്.
സംഭവം വിവാദമാകുകയും അഫ്രീദിക്ക് മാച്ച് ഫീയുടെ 15 ശതമാനം ഐസിസി പിഴ ചുമത്തുകയും ചെയ്തു. ഇതിനു പുറമെ താരത്തിന്റെമേല്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഐസിസി നിഷ്‌കർഷിക്കുന്ന പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9ന്റെ ലംഘനമാണ് അഫ്രീദി നടത്തിയതെന്ന് കണ്ടെത്തിയാണ് ഇത്തരത്തിൽ പിഴയും ഡീമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചത്.
അതേസമയം, തന്റെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിച്ച അഫ്രീദി സംഭവത്തില്‍ ക്ഷമാപണം നടത്തി. പന്തേറിൽ ബാറ്റ്‌സ്മാനായ അഫിഫിന്റെ കാലിലാണ് പന്ത് കൊണ്ടത്. ഏറ് കൊണ്ടയുടനെ താരം ക്രീസില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പാക് താരങ്ങള്‍ അഫിഫിനടുത്തേക്ക് ഓടിയെത്തി. ഇതോടൊപ്പം അഫ്രീദിയും സമീപമെത്തി ക്ഷമാപണം നടത്തി.























