കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സംഭവത്തിൽ ഇളമ്പള്ളൂർ രാജേഷ് ഭവനിൽ രാജേഷ് (39), പെരുമ്പുഴ പാലപൊയ്‌ക ചൈതന്യയിൽ അരുൺ (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിവർ. പ്രതികളുടെ മൊഴി കഴിഞ്ഞദിവസം രാത്രി എൻഐഎ രേഖപ്പെടുത്തി. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം പോസ്റ്റ് മുറിച്ചു ആക്രിയാക്കി വിറ്റ് പണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വെച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് പ്രദേശവാസി അറിയിച്ചതിനെ തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് മാറ്റിയിട്ടു. പോസ്റ്റ് മാറ്റിയിട്ട് മണിക്കുറുകൾക്കു ശേഷം പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിനുകുറുകെ പോസ്റ്റ് കണ്ടെത്തി.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.