കൊല്ലം കോട്ടുക്കൽ ക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു. ഗണഗീതം ആലപിച്ച നാഗർകോവിൽ നൈറ്റ് ബേർഡ്‌സ് ഗായകർ, ക്ഷേത്രോപദേശക കമ്മിറ്റി, ഉത്സവാഘോഷ കമ്മിറ്റി എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളോ ചിഹ്നങ്ങളോ കൊടി-തോരണങ്ങളോ ഉപയോഗിക്കുവാൻ പാടില്ല എന്ന നിയമത്തിന് വിപരീതമായി പ്രവർത്തിച്ചു എന്നതാണ് കേസ്.
കൊല്ലം കോട്ടുക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെയാണ് ഗാനമേള ട്രൂപ്പ് ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഇതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. തുടർന്ന് നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് അഖിൽ ശശി കടയ്ക്കൽ പൊലീസിലും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ കടയ്ക്കൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാറിനെ പ്രകീർത്തിക്കുന്ന ‘നമസ്‌കരിപ്പൂ ഭാരതം അങ്ങയെ’ എന്ന ഗണഗീതം മഞ്ഞിപുഴ ശ്രീഭദ്രകാളി ക്ഷേത്ര സ്റ്റേജിൽ ആലപിച്ചു എന്നതാണ് കേസ്. ഒന്നാം പ്രതികളായ നൈറ്റ് ബേർഡ്‌സ് ഓർക്കസ്ട്രയുടെ ഗായകർ ആലപിക്കുകയും, രണ്ടാം പ്രതികളായ ക്ഷേത്ര ഉപദേശക സമിതിയും, മൂന്നാം പ്രതികളായ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിക്കൊടുത്തു എന്നും എഫ്ഐആറിൽ പറയുന്നു.
രണ്ടും മൂന്നും പ്രതികൾ ചേർന്ന് പാർട്ടി കൊടി-തോരണങ്ങൾ കെട്ടിയതിനും കേസ് എടുത്തതായി എഫ്ഐആറിൽ പറയുന്നു.