ന്യുഡൽഹി: ഒരു സ്വകാര്യ ആശുപത്രിയിൽ 47 വയസുകാരന് അപൂർവമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 15 വർഷമായി വിട്ടുമാറാത്ത വൃക്ക രോഗത്തോട് മല്ലിടുന്ന ദേവേന്ദ്ര ബാർലെവാർ എന്ന ആളെയാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിൽ അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
2010-ലും 2012-ലും ബാർലെവാറിന് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും വിജയമായിരുന്നില്ല. മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആണ് ബാർലെവാറിൻ്റ ശരീരത്തിലെ വൃക്കകളുടെ എണ്ണം അഞ്ചായത്. സ്വന്തം വൃക്കകളും മുമ്പ് മാറ്റിവച്ച രണ്ടുമുൾപ്പെടെ പ്രവർത്തന രഹിതമായ നാല് വൃക്കകളായിരുന്നു ബാർലെവാറിൻ്റ ശരീരത്തിൽ ഉണ്ടായിരുന്നത്.
മസ്‌തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു കർഷകൻ്റ കുടുംബം വൃക്ക ദാനം ചെയ്യാൻ സമ്മതിച്ചതോടെ ആണ് ബാർലെവാറിനെ മൂന്നാമതും വൃക്കമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ മാസമായിരുന്നു നാല് മണിക്കുർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ബാർലെവാറിൻ്റ സ്വന്തം വൃക്കകളും മുമ്പ് മാറ്റിവച്ച രണ്ടുമുൾപ്പെടെ പ്രവർത്തന രഹിതമായ നാല് വൃക്കകളുടെ സാന്നിധ്യം കാര്യമായ മെഡിക്കൽ വെല്ലുവിളികൾ ഉണ്ടായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.
“രോഗിയുടെ നേർത്ത ശരീരഘടനയും നിലവിലുള്ള ഇൻസിഷണൽ ഹെർണിയയും കാരണം ശസ്ത്രക്രിയ സങ്കീർണമായിരുന്നു എന്ന് യൂറോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. അനിൽ ശർമ്മ പറഞ്ഞു. “മുൻ ശസ്ത്രക്രിയകൾക്ക് ഇതിനകം തന്നെ സാധാരണ രക്തക്കുഴലുകൾ ഉപയോഗിച്ചിരുന്നതിനാൽ പുതിയ വൃക്കയെ വയറിലെ ഏറ്റവും വലിയ രക്തക്കുഴലുകളുമായി ബന്ധിപ്പിക്കേണ്ടി വന്നു. ഇത് വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയായിരുന്നു” -അദ്ദേഹം പറഞ്ഞു.
വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കി. പത്ത് ദിവസത്തിനുള്ളിൽ രോഗിയുടെ വൃക്കകളുടെ പ്രവർത്തനം സാധാരണ ഗതിയിലായി. രണ്ടാഴ്‌ചക്കുള്ളിൽ ബാർലെവാറിൻ്റ ക്രിയേറ്റിനിൻ അളവ് സാധാരണ നിലയിലായതായും ഡയാലിസിസ് ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാൻ സാധിച്ചതായും ഡോക്ടർമാർ പറഞ്ഞു.