28 April 2024

കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടമാടി ആർ എൽ വി രാമകൃഷ്ണൻ

ജനാധിപത്യവും മാതൃകാപരവുമായ തീരുമാനങ്ങൾ എടുത്ത കലാമണ്ഡലം വരും വർഷങ്ങളിൽ മോഹിനിയാട്ടം പഠിക്കാൻ ഉള്ള പ്രവേശനം ആൺകുട്ടികൾക്ക് കൂടെ നൽകി മാതൃക ആവണം എന്നാണ് ഒരുപാട് കലാകാരന്മാർ പ്രതികരിച്ചിരിക്കുന്നത്.

വർണ്ണ – ജാതി വിവേചനത്തിന്റെ പേരിൽ ഇരയാക്കപ്പെട്ട ആർ എൽ വി രാമകൃഷ്ണൻ തന്റെ മോഹിനിയാട്ടം കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ അവതരിപ്പിച്ചു. ഈ അടുത്താണ് കലാമണ്ഡലത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും മുൻ കലാമണ്ഡലം ബോർഡ് മെമ്പറും ആയ നർത്തകി കലാമണ്ഡലം സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ‘ചാലക്കുടിക്കാരൻ ആയ കാക്കയെ പോലെ കറുത്ത് ഇരിക്കുന്ന ഇരു മനുഷ്യൻ മോഹിനിയാട്ടം കളിക്കുന്നു എന്നും, മോഹിനിയാട്ടം കളിക്കാൻ സൗന്ദര്യം വേണമെന്നും തുടങ്ങിയ അങ്ങേ അറ്റം മ്ലേച്ഛമായ പ്രസ്താവനകൾ നടത്തിയത്.

അഭിമുഖത്തിന് ശേഷം കേരളം ഒട്ടാകെ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് ആണ് മേൽ പ്രസ്താവനകൾ വഴിയൊരുക്കിയത്. നർത്തകനായ ആർ എൽ വി രാമകൃഷ്ണൻ അന്ന് തന്നെ തനിക്ക് ഏറ്റ അപമാനത്തെ വിസ്തരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടിരുന്നു. അതിന് ശേഷം ആർ എൽ വി രാമകൃഷ്ണന് പിന്തുണ നൽകികൊണ്ട് കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വലിയ സ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്. ആർ എൽ വി ഉൾപ്പെടെ ഉള്ള വിവിധ കലാ സ്ഥാപനങ്ങൾ രാമകൃഷ്ണനെ അനുകൂലിച്ചു കൊണ്ട് പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

കുറച്ച് ദിവസം മുൻപാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കലാ സ്ഥാപനം ആയ കേരള കലാമണ്ഡലം എസ് എഫ് ഐ ഭാരവാഹികൾ രാമകൃഷ്ണനെ ബന്ധപ്പെടുന്നതും പരിപാടി അവതരിപ്പിക്കുന്നതിനായി ക്ഷണിക്കുന്നതും. അന്ന് തന്നെ അദ്ദേഹം ഈ സന്തോഷം മാധ്യമങ്ങളെ അറിയിച്ചിരുന്നു. “എത്ര വേദികൾ ആടിയാലും കലാമണ്ഡലം എന്നും എനിക്കൊരു സ്വപ്നം ആയിരുന്നു. ആ കൂത്തമ്പലത്തിൽ ആടുക എന്നത് ഭാഗ്യമാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇന്ന് കലാമണ്ഡത്തിൽ നടന്ന പരിപാടിയിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ആർ എൽ വി രാമകൃഷ്ണൻ തന്റെ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവനയെ തള്ളി കളഞ്ഞുക്കൊണ്ട് സർക്കുലർ ഇറക്കിയ കലാമണ്ഡലം ആർ എൽ വി രാമകൃഷ്ണന് തന്റെ സ്വപ്ന വേദി കൂടെ നൽകി മാതൃക ആയിരിക്കുകയാണ്.

നിലവിൽ കലാമണ്ഡലം സിലബസ്സിൽ മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രം ഉള്ള പഠനവകുപ്പ് ആണ്. ജനാധിപത്യവും മാതൃകാപരവുമായ തീരുമാനങ്ങൾ എടുത്ത കലാമണ്ഡലം വരും വർഷങ്ങളിൽ മോഹിനിയാട്ടം പഠിക്കാൻ ഉള്ള പ്രവേശനം ആൺകുട്ടികൾക്ക് കൂടെ നൽകി മാതൃക ആവണം എന്നാണ് ഒരുപാട് കലാകാരന്മാർ പ്രതികരിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ ഇതിൽ മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. എന്തായാലും കേരളത്തിലെ ജനങ്ങൾ ജാതി മത വർണ്ണ വിവേചനങ്ങളുടെ മുഖം മൂടികൾ അണിയാതെ വീണ്ടും ഒരു മനുഷ്യനെ ചേർത്ത് പിടിക്കുന്നതിൽ അഭിമാനിക്കാം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News