യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 3 ന് കെറ്ററിംഗിൽ നടക്കുന്ന റീജിയണൽ മത്സരത്തോടെ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെയിലെ കായികപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. മാർച്ച 24 ന് കോവൻട്രിയിലാണ് ഗ്രാന്റ്ഫിനാലെ നടക്കുന്നത്.
കെറ്ററിംഗിൽ അരങ്ങേറുന്ന റീജിയണൽ ടൂർണമെന്റ് കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് കൗൺസിലർ അനൂപ് പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാമതെത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 51 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. റീജിയണൽ മത്സര വിജയികൾ കോവൻട്രിയിൽ നടക്കുന്ന ഗ്രാന്റ്ഫിനാലെ യിലേക്ക് യോഗ്യത നേടും.
മത്സരങ്ങൾ മൂന്നിന് രാവിലെ 9 ന് കെറ്ററിംഗ് അരീന സ്പോർട്സ് സെന്ററിൽ ആരംഭിക്കും. ടൂർണമെന്റ് ആവേശകരമായി നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. മത്സരങ്ങളുടെ ഭാഗമാകുന്നതിനും ആസ്വദിക്കുന്നതിനും എല്ലാ കായികപ്രേമികളുടെയും സഹായസഹകരണം ടൂർണമെന്റ് സംഘാടകസമിതി അഭ്യർത്ഥഹിച്ചു.























