മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായി ഷൊയ്ബ് വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പാക് നടി സന ജാവേദുമായുള്ള ഷൊയ്ബിന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടുകൂടി സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയായിരുന്നു.
ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള ‘ഖുല്‍അ’ നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന്‍ മിര്‍സ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരുന്നു. അദ്ദേഹം നടത്തിയ ഈ പ്രതികരണം കൂടി ചർച്ചയാകുന്നതിനിടെ ഇപ്പോഴിതാ ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് സാനിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
താനും ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്ന് സാനിയ മിര്‍സ വ്യക്തമാക്കി. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും സാനിയ അഭ്യര്‍ത്ഥിച്ചു. മാത്രമല്ല ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.
2010ലായിരുന്നു സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. ഏതാനും കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും 2023 ൽ ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.























