7 May 2024

ഐപിഎൽ 2024: സഞ്ജുവിന്റെ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നത്

അയാൾ പറന്ന് ചെയ്യുന്ന സ്റ്റമ്പിങ്ങിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഫീൽഡിൽ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കില്ല. അയാളുടെ റിവ്യൂസിനെ പുകഴ്ത്തില്ല.

ഐപിഎൽ മത്സരങ്ങളും, ഒപ്പം ലോകകപ്പ് സെലക്ഷനും തകൃതി ആയി നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണ്. സഞ്ജു എന്ന മികച്ച ബാറ്റ്‌സ്മാനേയും ക്യാപ്റ്റനെയും കാണിച്ചു തരുന്നത് ആയിരുന്നുഐപിഎല്ലിൽ ൽ രാജസ്ഥാൻ കളിച്ച ഓരോ മത്സരവും.

നിലവിൽ പോയിന്റ് ടേബിളിൽ കളിച്ച കളികളിൽ ഒരു മത്സരത്തിൽ മാത്രം പരാജയം അറിഞ്ഞ രാജസ്ഥാൻ ലീഡ് ചെയ്യുമ്പോൾ, ഏറ്റവും കൂടുതൽ റൺ നേടിയ ആളുകളുടെ പട്ടികയിൽ നായകൻ സഞ്ജുവും ഉണ്ട്. പക്ഷെ ലോകകപ്പ് സാധ്യത ലിസ്റ്റുകൾക്ക് മേലെ ഉള്ള റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ മികച്ച ക്യാപ്റ്റൻ, ബാറ്റർ, വികറ്റ് കീപ്പർ എന്ന നിലകളിൽ തിളങ്ങി നിൽക്കുന്ന സഞ്ജു ഇല്ല എന്നത് ആരാധകരെ വിഷമത്തിൽ ആക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം സഞ്ജുവിന് വേണ്ടിയുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഏറെ വൈറൽ ആയ നെൽസൺ മാത്യൂസ് എന്ന നിരീക്ഷകന്റെ പോസ്റ്റ്‌ വായിക്കാം

ഇത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഒരു അനീതിയായിപ്പോവും. കുറച്ച് കാര്യങ്ങൾ ചോദിക്കാം. സഞ്ജുവിനെക്കുറിച്ചുതന്നെ. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അൻപതിലധികം മൽസരങ്ങളിൽ നയിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

ഒരു മൂന്ന് മൽസരം കൂടി രാജസ്ഥാനെ നയിച്ചാൽ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറുമെന്ന് അറിയാമോ?

ക്യാപ്റ്റൻസി വിടാം. ഐ.പി.എൽ കരിയറിൽ 4000 റൺ എന്ന മൈൽ സ്റ്റോൺ സഞ്ജു സാംസൺ മറികടന്ന വിവരം അറിഞ്ഞിരുന്നോ?

ഒരു 16 റൺ കൂടി നേടിയാൽ ഐ.പി.എൽ ഓൾ ടൈം ടോപ് സ്കോറർ ലിസ്റ്റിൽ ടോപ് 15ൽ കയറുമെന്ന് അറിയാമോ?

സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല. എട്ട് മാച്ചിൽ നിന്ന് ഏഴ് ജയങ്ങളാണ് രാജസ്ഥാന്. ആ തോറ്റ കളി പോലും ജസ്റ്റ് മിസ്സാണ് താനും. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കിൽ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല.

മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിൻ്റെ ബോഡി ലാംഗ്വേജോ എക്സ്പ്രഷനോ കണ്ട് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ആ കൂൾനെസിൽ സാമ്യം തോന്നിയത് ധോണിയുമായി മാത്രമാണ്. ധോണിയോട് താരതമ്യം ചെയ്തത് കണ്ട് നീരസം തോന്നിയോ?

എങ്കിൽ അടുത്ത കാര്യം അത്രപോലും ഇഷ്ടപ്പെട്ടെന്ന് വരില്ല. കൺസിസ്റ്റൻസി ഇല്ലെന്ന് സഞ്ജു സാംസണെ വിമർശിക്കാറുണ്ടായിരുന്നു പലരും. ഈ ഐ.പി.എല്ലിൽ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നതാണെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ?

വെറുതെ വേണ്ട, സ്റ്റാറ്റസ്റ്റിക്സ് പറയാം. ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതുള്ള കോഹ്ലിക്ക് സഞ്ജുവിനെക്കാൾ 65 റൺ ആണ് കൂടുതലുള്ളത്. കോഹ്ലി 379, സഞ്ജു 314, ബാറ്റിങ്ങ് ആവറേജിലേക്ക് വന്നാൽ കോഹ്ലി 63.17, സഞ്ജു 62.80.ഇനി സ്ട്രൈക്ക് റേറ്റോ? കോഹ്ലി 150.39, സഞ്ജു 152.42

കൺസിസ്റ്റൻസിയിൽ ഇന്ത്യയുടെ ബെസ്റ്റ് ബാറ്ററോട് മുട്ടിനിൽക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഐ.പി.എല്ലിലെ കളി. ഇനി അതും പോട്ടെ. സഞ്ജു മറ്റ് കളിക്കാരെ – സ്വന്തം ടീമിലെയും എതിർ ടീമിലെയും – എങ്ങനെയാണ് കൺസിഡർ ചെയ്യുന്നത് എന്നുകൂടി പറയാം.

ഇന്നലത്തെ മാച്ചിൽ രാജസ്ഥാൻ വിജയം ഉറപ്പിക്കുന്നു. അതുവരെയുള്ള മൽസരങ്ങളിൽ സ്ട്രഗിൾ ചെയ്തുകൊണ്ടിരുന്ന ജയ്സ്വാൾ സെഞ്ചുറിക്ക് തൊട്ടടുത്ത്. സ്വയം മാച്ച് ഫിനിഷ് ചെയ്യാൻ ശ്രമിക്കാതെ സഞ്ജു ജയ്സ്വാളിന് സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അധികമാരും സംസാരിച്ചുകണ്ടില്ല അതെക്കുറിച്ച്.

അതേപോലെ, ഇഷാൻ കിഷനെക്കുറിച്ചും ലോകകപ്പ് സ്ക്വാഡിലെ സ്പോട്ടിലേക്കുള്ള മൽസരത്തെക്കുറിച്ചും സംസാരിച്ചതും ശ്രദ്ധിക്കണം. ” ഇഷാനെ ഞാൻ ബഹുമാനിക്കുന്നു. അയാളൊരു മികച്ച കളിക്കാരനാണ്. മികവുറ്റ കീപ്പറാണ്. നല്ലൊരു ബാറ്ററാണ്. മികച്ച ഫീൽഡറുമാണ്. എനിക്ക് എൻ്റെ ശക്തിയും ദൗർബല്യങ്ങളുമുണ്ട്. തീർച്ചയായും. ഞാൻ ആരുമായും മൽസരിക്കുന്നില്ല. എന്നോട് മൽസരിക്കാനും രാജ്യത്തിനുവേണ്ടി കളിക്കാനും ജയിക്കാനുമാണ് എനിക്കിഷ്ടം. ഒരേ ടീമിൽത്തന്നെ പരസ്പരം മൽസരിക്കുന്നതൊരു ആരോഗ്യകരമായ കാര്യമല്ല “

ഇതും ഒരുപാട് പേർ പറഞ്ഞുകണ്ടില്ല. അയാൾ പറന്ന് ചെയ്യുന്ന സ്റ്റമ്പിങ്ങിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഫീൽഡിൽ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കില്ല. അയാളുടെ റിവ്യൂസിനെ പുകഴ്ത്തില്ല. തുടക്കം മുതൽ നിലയുറപ്പിക്കാൻ പോലും പന്തുകൾ അധികം ചിലവാക്കാത്ത, കാൽക്കുലേറ്റഡ് റിസ്ക് എടുക്കുന്ന, എന്നാൽ ടീമിനു വേണ്ടി 100% നൽകുന്ന അയാളുടെ ബാറ്റിങ്ങിനെ പരാമർശിക്കില്ല.

പക്ഷേ ഉറപ്പാണ്, ഒരു കളിയിലൊന്ന് മങ്ങിയാൽ അപ്പൊ കൺസിസ്റ്റൻസിയും എഴുന്നള്ളിച്ച് ഇതുവഴി വരും. കരിയർ ബെസ്റ്റ് പെർഫോമൻസ്, അതും ലെജൻഡുകളോട് തട്ടിച്ചു നോക്കാൻ കഴിയുന്ന പെർഫോമൻസ് നടത്തിയിട്ടും അർഹിക്കുന്ന കയ്യടികൾ, അത് സ്വന്തം നാട്ടിൽ നിന്ന് പോലും കിട്ടുന്നുണ്ടെന്നും തോന്നുന്നില്ല.

അല്ലെങ്കിൽ പറ. ഒരു ഫ്രാഞ്ചൈസിയെ 50+ മാച്ചുകൾ നയിച്ച, ഈ ഐ.പി.എല്ലിൽ നാലാം സ്ഥാനത്ത് ഉള്ള ബാറ്ററായ, ഇത് വരെ ഒന്നാം സ്ഥാനത്തുനിന്ന് ഇറങ്ങാത്ത ടീമിൻ്റെ ക്യാപ്റ്റനായ ഒരു മലയാളി. അയാൾക്ക്‌ ഇത്ര പ്രോത്സാഹനം മതിയോ?

ഈ പോസ്റ്റ്‌ നിരവധി ആളുകൾ ആണ് ഷെയർ ചെയ്യുന്നത്. അല്ലാതെയും സഞ്ജുവിനെ ലോകകപ്പിൽ ഉൾപ്പെടുത്തണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയ ക്യാമ്പയിനുമായി ആരാധകർ രംഗത്ത് ഉണ്ട്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News