ഐബി ഉദ്യോഗസ്ഥ ആയിരുന്ന മേഘ മധുവിൻ്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സുകാന്തിന് ഒരേസമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മേഘ ചികിത്സ തേടി. മേഘയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
മേഘ മധു ഉൾപ്പെടെ മൂന്ന് വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. എന്നാൽ സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് മേഘയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി. ഐബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിൻ്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്.
രണ്ട് തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിൻ പരീക്ഷയിൽ പരാജയം നേരിട്ടിട്ടും സിവിൽ സർവീസ് മോഹം സുകാന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐഎഎസ് എന്ന് എഴുതിയ പേർസണൽ ഡയറി മുറിക്കുള്ളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിവിൽ സർവീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്. എന്നാൽ വിവാഹം നടത്തണം എന്നായിരുന്നു മേഘയുടെ ആവശ്യം.
ഇതേതുടർന്ന് ഇയാൾ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
2024 ഒക്ടോബർ ഡിസംബർ വരെ മേഘക്ക് ലഭിച്ചിരുന്ന ശമ്പളം മുഴുവനായും സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് കൈമാറിയതിൻ്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. മേഘക്ക് ദൈനംദിന ചിലവുകൾക്കായി 10000 രൂപയും രൂപയും ഈ മാസങ്ങളിൽ സുകാന്ത് അയച്ചതിൻ്റെ ബാങ്ക് ട്രാൻസാക്ഷൻ രേഖകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്.
യുവതി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി ഒമ്പതരക്കും 11 മണിക്കും ഇടയിൽ സഹപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ശ്രമിക്കവെ വിഐപി സന്ദർശനത്തിൻ്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥർക്ക് വിമാന താവളത്തിൻ്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വന്നു.
ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരിയായ മേഘ വിവാഹത്തിൽ നിന്ന് സുകാന്ത് പിന്മാറിയതോടെ ആണ് ജീവനൊടുക്കാൻ തീരുമാനിച്ചത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സെക്കന്റുകളുടെ മാത്രം ദൈർഘ്യമുള്ള മേഖയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു. ജീവനൊടുക്കാൻ പോകുന്ന വിവരം സുകാന്തിനെ അറിയിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.