മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നിർദേശവുമായി സുപ്രീം കോടതി. തമിഴ്‌നാടിൻ്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി. മേല്‍നോട്ട സമിതി ശുപാര്‍ശ ചെയ്‌ത വാര്‍ഷിക അറ്റകുറ്റപ്പണികൾ നടത്താനുള്ള നിർദേശത്തിനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.
കേരളം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തില്‍ ഡാമിൻ്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിർദേശം. മുല്ലപ്പെരിയാര്‍ പ്രദേശത്തെ റോഡിൻ്റെ പുനര്‍ നിർമാണം നടത്താനുള്ള ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.
പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾ ഉപയോഗിച്ച് വേണം റോഡ് നിര്‍മിക്കേണ്ടത്. തമിഴ്‌നാട് സിവില്‍ എഞ്ചിനീയറുടെ സാന്നിധ്യത്തിലാകണം റോഡ് പുനര്‍നിര്‍മാണം. നിര്‍മാണ പ്രവര്‍ത്തി ആറാഴ്‌ചക്കകം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി തമിഴ്‌നാട് സുപ്രീ കോടതിയെ സമീപിച്ചിരുന്നു. ഡാം അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമം കേരളം നിരന്തരം തടയുകയാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ശക്തിപ്പെടുത്താൻ ആവുന്നില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു.