സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷകളുടെ വിവിധ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നിലപാട് ശക്തമാക്കുന്നു . സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകര്‍ക്ക് പൂട്ടു വീഴാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. സർക്കാർ നൽകുന്ന ശമ്പളം പറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എ.ഇ.ഒ., ഡി.ഇ.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കുകയായിരുന്നു .
ഇത്തരത്തിൽ സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു . ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന് പിന്നാലെയാണ് വകുപ്പിനുള്ളില്‍ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നത്.
ചോദ്യക്കടലാസ് ചോർന്നത് അധ്യാപകരുടെതന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിയിട്ടുള്ളത് . സംഭവത്തില്‍ കര്‍ശന നിലപാടെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും പച്ചക്കൊടി കാട്ടിയതോടെ സ്വാകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്ക് പണികിട്ടുമെന്ന കാര്യം ഉറപ്പായി.