5 May 2024

ശതകോടീശ്വരന്മാരുടെ കുടിയേറ്റ ഹബ്ബായി യുഎഇ ; ആഫ്രിക്കയിൽ നിന്ന് 10 വർഷത്തിനിടെ എത്തിയത് 3500 പേർ

ആഫ്രിക്കയെ കൂടാതെ, യുകെയിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനിടെ 1,500 കോടീശ്വരന്മാരാണ് ദുബായിലേക്ക് കുടിയേറിയത്.

ആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിലേക്ക് കുടിയേറിയത് ഏകദേശം 3,500 ശതകോടീശ്വരന്മാർ. പ്രതിവർഷം ശരാശരി 350 ശതകോടീശ്വരന്മാരാണ് ഇത്തരത്തിൽ കുടിയേറുന്നത്. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പന്ന വിപണികളായ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, നൈജീരിയ, എന്നിവിടങ്ങളിൽ നിന്നും ടാൻസാനിയ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് കുടിയേറുന്നതെന്ന് ന്യൂ വേൾഡ് വെൽത്തിലെ ഗവേഷണ മേധാവി ആൻഡ്രൂ അമോയിൽസ് ചൂണ്ടിക്കാട്ടുന്നു.

2023 ആഫ്രിക്ക വെൽത്ത് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. നിരവധി കാരണങ്ങളാണ് ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറുന്നതിനുള്ളത്. അവയിൽ പ്രധാനം ബിസിനസ് അവസരങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്, സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നാണ് ദുബായ്. ആഫ്രിക്കയിലെ സുരക്ഷ ആശങ്കകൾ മറ്റൊരു കാരണമാണ്. കൂടാതെ യുഎഇയിൽ കുറഞ്ഞ നികുതിയും ഒരു കാരണമാണ്.

ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്കുള്ള കുടിയേറ്റത്തിൻ്റെ ഈ പ്രവണത 2024 ന് ശേഷവും തുടരുന്നുണ്ട്. ലണ്ടനെയും പാരീസിനെയും മറികടന്ന് യൂറോപ്പ് – മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രധാന കോടീശ്വര സമ്പത്തിൻ്റെ കേന്ദ്രമായി ദുബായ് മാറുന്നുണ്ട്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ 18,700 ഉയർന്ന ആസ്തിയുള്ള വ്യക്തികൾ ആഫ്രിക്ക വിട്ടിട്ടുണ്ട്.

യുകെ, യുഎസ്, ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ആളുകളും കുടിയേറിയിട്ടുള്ളത്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മൊണാക്കോ, പോർച്ചുഗൽ, കാനഡ, ന്യൂസിലാൻഡ്, ഇസ്രയേൽ എന്നിവിടങ്ങളിലേക്കും വലിയ അളവിൽ കോടീശ്വരന്മാർ എത്തിയിട്ടുണ്ട്.

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് റിപ്പോർട്ട് പ്രകാരം, യുഎഇയിൽ 116,500 കോടീശ്വരന്മാരും 100 മില്യൺ ഡോളർ സമ്പത്തും 20 ശതകോടീശ്വരന്മാരുമുണ്ട്. ദുബായിൽ 72,500 കോടീശ്വരന്മാരും 15 ശതകോടീശ്വരന്മാരും ഉണ്ട്. ആഗോള നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് സർക്കാർ കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതിരുന്നു. ഇതിന് ശേഷമുള്ള കാലത്താണ് ധാരാളം പേർ യുഎഇ തേടിയെത്തിയത്.

കൂടാതെ, ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനായി നിരവധി പുതിയ ബിസിനസ് സൗഹൃദ നയങ്ങൾ രാജ്യം അവതരിപ്പിച്ചിട്ടുണ്ട്. യുഎഇയിൽ, ബിസിനസ് നിയന്ത്രണങ്ങളിൽ ഇളവുകളും അതിൻ്റെ ആകർഷകമായ ഗോൾഡൻ വിസ പ്രോഗ്രാമും ദുബായ് പോലുള്ള നഗരങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട് എന്നാണ് അഭിപ്രായം. ആഫ്രിക്കയെ കൂടാതെ, യുകെയിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനിടെ 1,500 കോടീശ്വരന്മാരാണ് ദുബായിലേക്ക് കുടിയേറിയത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News