| എസ് ശാരദക്കുട്ടി
പ്രണയ സാധ്യതകൾ തീരെയില്ലാതിരുന്ന എന്റെ കൗമാരകാലത്ത്, ഭ്രാന്തുപിടിപ്പിക്കുന്ന പ്രണയ ലഹരി നിറച്ച ചഷകങ്ങളായാണ് ഞാൻ വയലാർഗാനങ്ങളെ അനുഭവിച്ചത്. ഓർമ്മയിലെ ആദ്യത്തെ വയലാർ ഗാനം മാനസ മൈനേ വരൂ തന്നെയായിരുന്നു.
“കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല ” പ്രണയമെന്ന വികാരത്തിലടങ്ങിയ ചിരകാല സത്യം ഓതിത്തന്ന ആദ്യ ഗാനമതായിരുന്നു. “അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിഞ്ഞു ” എന്ന വരികൾ, ആദ്യമഴ പുതുമണ്ണിലെന്നതു പോലെ യുവമനസ്സുകളുടെ ചുട്ടുപൊള്ളുന്ന മനസ്സുകളിൽ സുരതാവേഗം ഉണർത്തിയ ഒരു കാലമുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് നടക്കുമ്പോൾ ഗ്രാമഫോണിൽ ഈ പാട്ടുകേൾപ്പിക്കുവാനായി മുതിർന്ന ക്ലാസിലെ ചേച്ചിമാർ ഞങ്ങളുടെ കയ്യിൽ കുറിപ്പെഴുതിത്തന്നു വിടുമായിരുന്നു പാട്ടുകേൾപ്പിക്കുന്ന കാമുകന്മാരെ ഓർത്ത് മരത്തണലിൽ കാമുകിമാർ രഹസ്യമായി ഉലഞ്ഞാടി.
വയലാറിന്റെ പാട്ടുകളിൽ ഞാനനുഭവിച്ച പ്രണയമാണോ അതോ യഥാർഥത്തിൽ അനുഭവിച്ച പ്രണയമാണോ സത്യമായ പ്രണയം എന്നു ചോദിച്ചാൽ വയലാറിന്റെ പാട്ടുകളിലനുഭവിച്ചത് എന്നു തന്നെ സമ്മതിക്കേണ്ടിവരും. കാരണം പ്രണയത്തിന്റെയും രതിയുടെയും നിഗൂഢാനുഭൂതികളൊന്നും അത്രക്ക് വന്യവും സുന്ദരവുമായി, എന്റെയുൾ പ്രണയങ്ങളെ തൃപ്തിപ്പെടുത്തുവാൻ മറ്റൊരനുഭവങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഓർമ്മകളിലും ശരീരത്തിലും ഒരുപോലെ പെയ്തിറങ്ങിയ മഴയായിരുന്നു വയലാറിന്റെ പ്രണയഗാനങ്ങൾ .
ആണായും പെണ്ണായും പ്രണയിച്ച കവിയാണ് വയലാർ . ആൺശരീരത്തിലെന്നപോലെ പെൺശരീരത്തിന്റെ ആസക്തികളെയും അത് തഴുകിയുണർത്തി. ഉജ്ജ്വലിപ്പിച്ചു നിർത്തി. മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയഗാനം ഏതെന്നു ചോദിച്ചാൽ ഞാൻ കണ്ണുമടച്ചു തെരഞ്ഞെടുക്കുന്ന ഗാനം ഉജ്ജയിനിയിലെ ഗായിക ആയിരിക്കും.
കാളിദാസനിൽ നിന്നു തുടങ്ങുന്ന ഒരു കാവ്യഭാവനയുടെയും പ്രണയലഹരിയുടെയും തുടർച്ച ആ ഗാനത്തിലുണ്ട്. “യുഗകൽപനയുടെ കല്ലിനുപോലും യുവഗായികയുടെ ദാഹങ്ങൾ” . പെണ്ണിന്റെ കാമദാഹങ്ങളെക്കുറിച്ച് വയലാർ പാടിയതുപോലെ അധികം കവികൾ പാടിയിട്ടില്ല. കാളിദാസന്റെ കൽപ്രതിമയിൽ മാലയിട്ടു നിൽക്കുന്ന ആ മാളവനർത്തകി ഞാൻ തന്നെയായിരുന്നു . പ്രണയദാഹിയായ ഓരോ മലയാളിപ്പെണ്ണും മോഹാവേശത്തോടെ ആ വരികൾ ഇന്നും മൂളുന്നുണ്ട്.
“ഒരു പുനർജ്ജന്മത്തിൻ ചിറകുനൽകി
അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു”
കാമവിരഹിയായ യക്ഷൻ വിരഹിണിയായ കാമുകിക്ക് സന്ദേശമയക്കുന്നതാണ് കാളിദാസന്റെ മേഘസന്ദേശത്തിലെ പ്രതിപാദ്യമെങ്കിൽ വയലാറിന്റെ കാമുകി മേഘത്തിന്റെ സഹചാരിണിയും തന്റെ സഖിയുമായ ഇന്ദുകല വഴി ആ വിരഹിയായ ഗന്ധർവ്വന് തന്റെ രഹസ്യമോഹങ്ങളടങ്ങിയ ഒരു സന്ദേശകാവ്യമയക്കുകയാണ്. നഖങ്ങൾ എന്ന ചിത്രത്തിൽ മാധുരി പാടിയ ആ ഗാനത്തിൽ പെണ്ണിന്റെ ദാഹങ്ങളും മോഹങ്ങളുമുണ്ട്. കാളിദാസന്റെ പഴയ യക്ഷനെപ്പോലെ രാമഗിരിയുടെ മടിയിൽ തന്റെ വിരഹിയായ കാമുകനെ കാണാമെന്നാണ് അവൾ സഖിയോട് പറയുന്നത്.
“നീയാ വള്ളിക്കുടിലിന്നരികിൽ
നീലനദിയുടെ പടവിൽ
ആരാമ ഹൃദയത്തിൽ
വേഗം സഖി വേഗം എന്റെ പ്രേമ സന്ദേശ
കാവ്യവുമായൊന്ന് പോവുകില്ലേ ദൂത്
പോവുകില്ലേ”
വേഗം സഖി വേഗം എന്ന് തന്റെ തിടുക്കങ്ങൾ അറിയിക്കുകയാണ് . പെണ്ണിന്റെ പ്രണയാവേഗങ്ങളാണ് ഈ ഗാനത്തിലാകെ . മാധുരിയുടെ ശബ്ദത്തിനു മാത്രം പകരാനാവുന്ന ഒരു ലഹരി ഈ പാട്ടിനെ എനിക്കേറെ പ്രിയതരമാക്കുന്നു. ആനന്ദം നിറഞ്ഞ ആലസ്യത്താൽ അവൾ പ്രണയത്തിന്റെ ഉള്ളിലാണ്. കരുതലും ലാളനയും കത്തി നില്‍ക്കുന്ന പ്രണയചിന്തകളും ചേർന്ന് ഓരോ കാമുകിയുടെയും മനസ്സിലുള്ള സ്വപ്നസൗധമായി മാറുന്ന ഒരു ഗന്ധർവ്വനഗരമുണ്ട് ഈ ഗാനത്തിൽ .
ഷവറിനു കീഴിൽ ശരീരത്തെ പരമാവധി തണുപ്പിക്കുമ്പോൾ എനിക്ക് ഏറ്റവും പാടാനിഷ്ടമുള്ള ഒരു ഗാനമുണ്ട്. അത് , പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ എന്ന വയലാർ ഗാനമാണ്.
“അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും മെയ്യിൽ നനഞ്ഞ പൂന്തുകിൽ മൂടുമിളം നാണവും
വലംപിരിശംഖിനുള്ളിൽ ജലതീർഥവും കേളീ നളിനത്തിൽ നിറയുന്ന മധുബിന്ദുവും തന്ന് പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ ”
എന്നു പാടി ഞാനെന്റെ കുളി ഒരാറാട്ടാഘോഷമാക്കും. സത്യത്തിൽ പെണ്ണ് സ്വന്തം ശരീരസൗന്ദര്യത്തെ മതി മറന്ന് വർണ്ണിക്കുന്ന ഒരു പാട്ട് മലയാളത്തിൽ ഇതുപോലെ വേറെയില്ല .
“പതിന്നാലു ലോകങ്ങൾക്കും പ്രിയമോഹിനി
കണ്ട് മുനിമാരും മയങ്ങുന്ന വരവർണ്ണിനീ
അരയന്ന നട നടന്ന് അരികിൽ വരാം തങ്ക –
ത്തിരുമെയ്യിൽ അണിയിക്കാം ഹരിചന്ദനം”
ഇതിന്റെ ചുവടുകൾ എന്റെ കുളിമുറിയെ ഒരു നൃത്തമണ്ഡപമാക്കിയിരുന്നു. സെൽഫികളിൽ സ്ത്രീകൾ അഭിരമിച്ചു തുടങ്ങുന്ന സൈബർ കാലത്തിനെത്രയോ മുൻപ് എന്നിലെ പെൺകുട്ടിയെടുത്ത സെൽഫിയാണ് ഈ ഗാനം .
രാത്രിയിൽ കാമുകനെത്തേടിപ്പോകുന്ന ഒരുവളെ അഭിസാരികയെന്നാണ് ശബ്ദതാരാവലി പറയുന്നതെങ്കിൽ അഭിസാരികയുടെ മോഹങ്ങളെ ധൈര്യപൂർവ്വം വീടിനുള്ളിൽ പാടി നടക്കാൻ ഒരു പെണ്ണിന് അവസരം തന്നതിൽ ഞാൻ വയലാറിനോട് കടപ്പെട്ടിരിക്കും. ആണിന്റെ രതിസ്വപ്നങ്ങൾക്കൊപ്പം വയലാറിന്റെ ഗാനസാഗരം പെണ്ണിന്റെ രതിസ്വപ്നങ്ങളെയും പ്രണയ സങ്കൽപങ്ങളെയും ആദരിച്ചു. അവയ്ക്കും ആഘോഷിക്കാനുള്ള ഇടങ്ങൾ ഒരുക്കിത്തന്നു .
“രജനികൾ തോറും രഹസ്യമായ് വന്നു ഞാൻ
രതിസുഖസാരേ പാടും
പനിനീർ കുമ്പിളിൽ പുതിയ പ്രസാദം പകരം മേടിക്കും ഞാൻ പകരം മേടിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും”
ഒരു താഴ്വരയിൽ ജനിച്ച്, ഒരു പൂന്തണലിൽ വളർന്നവർക്ക് ഒരേ സ്വപ്നങ്ങൾക്ക് അവകാശമുണ്ടായത് ചലച്ചിത്ര ഗാനങ്ങളിൽ മാത്രമാണ്. വയലാറിന്റെ ഗാനങ്ങളിൽ മാത്രമാണ്. എല്ലാം മറക്കുന്ന ഉന്മാദ ലഹരിയിൽ അവൾ തന്നെയാണ് മുത്തു വിളക്കിന്റെ മാണിക്യക്കണ്ണുകൾ പൊത്തുന്നതും രതിസജ്ജയാകുന്നതും
പൂത്ത കിനാക്കൾ പൊതിഞ്ഞു കിടന്നു മയങ്ങുമ്പോൾ ആരോ പുറത്ത് പച്ചില മെതിയടിയിട്ട് നടക്കുന്ന ശബ്ദം അവളെ കല്യാണിയും കളവാണിയുമാക്കി. ആൺപൂവും പെൺപൂവും ഒരേ പോലെപൂക്കുന്ന വെള്ളത്താഴ് വരകളായി എനിക്ക് വയലാർഗാനങ്ങൾ .
“വെള്ളോട്ടു വളയിട്ടു കമ്മലിട്ടു
വയനാടന്‍ കുന്നുകള്‍ റവുക്കയിട്ടു
വൈരക്കടുക്കനിട്ടു വാളുമുറയിലിട്ടു
വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
കൂടെ വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
എവിടെപ്പോയ്?”
എന്ന് അർഥമറിയാതെ പാടിയതിന് ഒരിക്കൽ അമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് അർഥമറിഞ്ഞു തന്നെ ഞാനിതെല്ലാം പാടി നടന്നു. വിശുദ്ധമായ പള്ളിയരമനയിലെ പ്രിയആൺരൂപത്തിന്റെ നീലക്കണ്ണുകളിൽ തന്റെ മോഹങ്ങളും ദാഹങ്ങളും മുഴുവൻ കാണുന്ന പെൺകുട്ടിയുടെ പാട്ടാണ് തെറ്റ് എന്ന ചലച്ചിത്രത്തിനു വേണ്ടി വയലാറെഴുതിയത്.
“ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ
മോഹമായ മോഹങ്ങള്‍
ആ മോഹം ആ സ്നേഹം ആ മൌനം
ആത്മാവിനുള്ളില്‍ പകരുന്നൂ – ഇന്നും
പ്രേമമെന്ന തിരുമധുരം “
അന്ന് സമുദായ നേതൃത്വമോ വൈദിക സെമിനാരികളോ ഈ പാട്ടിനെതിരെ വടി ഓങ്ങിയതായി കേട്ടിട്ടില്ല.
അടുത്തത് ഒരു പെൺ അരയന്നത്തിന്റെ കഥയാണ്. വയലാറാണ് എനിക്കിതിനെ പരിചയപ്പെടുത്തിത്തന്നത്.
“അണിയം മണിയം പൊയ്കയിൽ പണ്ടൊരരയന്നമുണ്ടായിരുന്നു. അവൾ
ഉദയം മുതൽ അസ്തമയം വരെ
ഉർവ്വശി ചമയുകയായിരുന്നു “
അണിയം എന്നതിന് ശബ്ദതാരാവലി പറയുന്ന അർഥം വഞ്ചിയുടെ തുഞ്ചം എന്നൊക്കെയാണ്. അണിയൽ , അണിഞ്ഞൊരുങ്ങൽ എന്നും കാണാം. പക്ഷേ കേട്ടു തുടങ്ങിയ കാലം മുതൽ ഈ ഗാനത്തിന് ശബ്ദതാരാവലിക്ക് പിടികിട്ടാത്ത മറ്റൊരു വൈകാരികാർഥമുണ്ട്. അത് സുശീലയുടെ അനുനാസിക ശൃംഗാരത്തിൽ വന്ന് ഇന്നും എന്നെക്കൊഞ്ചിക്കുന്നു. അണിയം മണിയം പൊയ്ക ആഹാ … അവിടെ ഒരരയന്നം ഉദയം മുതൽ അസ്തമയം വരെ ഉർവ്വശി ചമയുകയാണ്. എന്തിനാണ് ഇങ്ങനെ അലങ്കാരങ്ങൾ എന്നു ചോദിക്കുന്നവരോട്എന്റെ തൃപ്തിക്കും പിന്നെ മറ്റുള്ളവരെ കാണിക്കാനുള്ള എന്റെ തൃപ്തിക്കും എന്ന് പറയാൻ ധൈര്യം തന്ന ഗാനം .
രാവിലെ നടക്കാനിറങ്ങുമ്പോൾ റോഡരികിൽ നിന്ന് എനിക്ക് എന്നും ഒരു ഗന്ധരാജൻ പൂവ് കിട്ടാറുണ്ട്. ഞാനത് ഇറുത്തെടുത്ത് ഉയർത്തിക്കെട്ടിയ മുടിയിൽ അണിയും. വല്ലാത്ത മദഗന്ധമാണതിന്. ആ വഴിയോട് എനിക്ക് നന്ദിയുണ്ട്. ആ ഗന്ധരാജൻ എന്റെ നടവഴിയിൽ നട്ടു വെച്ചവരോടും . പി.സുശീലയുടെ ശബ്ദത്തിന്റെയും വയലാറിന്റെ വരിയുടെയും ലഹരി ഗന്ധരാജനുമുണ്ട്.
അത് ചൂടി നടക്കുമ്പോൾ എനിക്ക് സൗന്ദര്യം അൽപം കൂടിയെന്ന് ഒരു ആത്മവിശ്വാസം കിട്ടും. പിന്നിൽ നടക്കുന്ന മധ്യവയസ്സു പിന്നിട്ടവർ ഈ ഗന്ധരാജൻ എന്റെ പിൻകഴുത്തിനു മുകളിലായി കാണുമെന്നും, അത് എന്റെ നരകയറിയ മുടിയിൽ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചു വിടുമെന്നും ഇവളേതൊരു കമനി എന്ന മട്ടിൽ അവർ എന്നെ നോക്കുമെന്നും ഞാൻ വെറുതെ സങ്കൽപിക്കും. ആരെങ്കിലും കാണാനുണ്ടെങ്കിലല്ലാതെ അണിയലിനൊരു ഉഷാറില്ല. അപ്പോൾ ഞാൻ
ഇങ്ങനെ മൂളും.
“അല്ലിമലർക്കാവിൽ കൂത്തിനു പോയ നാൾ
അവളൊരു മയിലിനെക്കണ്ടു
നിറമയിൽപ്പീലികൾ കണ്ടു.
ഇരുമണിക്കച്ചകൾ കണ്ടു
നിറുകയിൽ പൂമ്പൊടി കണ്ടു
അന്നാ മയിലിൻ വർണ്ണച്ചിറകുകൾ അവൾ ചെന്നു കടം മേടിച്ചു .”
അഴകെല്ലാം കടം വാങ്ങാൻ അവകാശപ്പെട്ടവൾ. സാധ്യതകൾ എവിടെയായാലും കണ്ടെത്തി വീണ്ടെടുക്കേണ്ടവൾ . അവൾ ഇഷ്ടമുള്ളതെല്ലാം മടികൂടാതെ ചോദിച്ചു വാങ്ങുന്നതിലെ സായുജ്യത്തെക്കുറിച്ച് വയലാറിനറിയാം.
പിന്നീടവൾ കാണുന്നത് ഒരു മാനിനെയാണ്. അഗ്നിമുടിക്കുന്നിൽ വിളക്കിനു പോയ നാളിൽ .
അല്ലിമലർക്കാവും അഗ്നിമുടിക്കുന്നും പാട്ടിലല്ലാതെ ഞാൻ കണ്ടിട്ടില്ല. പക്ഷേ എനിക്കു കൂത്തും വിളക്കും കാണാൻ പോകാൻ ഇവിടമൊക്കെ തിരഞ്ഞെടുക്കുന്നയാൾ ശരിയായ കാമുകനും കവിയും കാറ്റുമാണ്. അവിടെക്കാണുന്ന അഴകാകെ അവൾ കടം വാങ്ങിപ്പോരുന്നു.
കലയുള്ള കൊമ്പുകൾ കണ്ടൂ
കടമിഴിക്കോണുകൾ കണ്ടൂ
കതിരിട്ട സ്വപ്നങ്ങൾ കണ്ടൂ
എല്ലാം അവൾ ചെന്ന് കടം മേടിച്ചു. അവളുടേതായിരുന്നതൊക്കെ തിരിച്ചു മേടിക്കുന്ന അവകാശത്തോടെ,
മഴവില്ലിന്റെ പൂങ്കുടക്കീഴെ കടം വാങ്ങിയ മയിലിന്റെ പീലികൾ ചൂടി, കടം വാങ്ങിയ മാനിന്റെ കണ്ണുകളണിഞ്ഞ് അവൾ മതിമറന്ന് നൃത്തം ചെയ്യുകയാണ്. അരയന്ന നട കാണാൻ ആ വഴി വന്നവരാകട്ടെ അവളുടെ വികൃതികൾ കണ്ടു. അവരതു കണ്ട് നാണിച്ചു. അരയന്നവും നാണിച്ചു .
ഇത്രയും പറഞ്ഞത് അല്ലിമലർക്കാവിലെ മയിലിന്റെ പീലി പോലെ , അഗ്നിമുടിക്കുന്നിലെ മാനിന്റെ കല പോലെ, കടം വാങ്ങിയ അഴകും ചൂടി നൃത്തം ചെയ്യുവാനവൾക്ക് പാട്ടു തന്നത് വയലാറാണ്ഉദയം മുതൽ അസ്തമയം വരെ ഉർവ്വശി ചമയാനവൾക്ക് പ്രണയോർജ്ജവും രതിയോർജ്ജവും തന്നത് വയലാറാണ് . കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്നത് തുമ്പയും തുളസിയുമല്ല കന്മദപ്പൂവാണെന്ന് വയലാറാണ് പറഞ്ഞു തന്നത്. കയ്യിൽ തേൻ കുഴലും കാട്ടുതേക്കിൻ ചാറുമുള്ള ആൺകിളിയുടെ ചൂടു തേടി നടന്നു അവൾ. ആറ്റുതീരത്തിലാണോ കാവൽമാടത്തിലാണോ അവനെന്നന്വേഷിച്ചു നടന്നു.
മാറിൽ എനിക്കുള്ള ചൂടുണ്ടോ എന്ന് ലജ്ജയില്ലാതെ വിളിച്ചു ചോദിച്ചു. വിവാഹപൂർവ്വ രാത്രികളെ കുറിച്ച് മലയാളിപ്പെണ്ണ് മൂളിയ ഏകഗാനം വയലാറെഴുതിയതാണ്. പെണ്ണിനെ രതിയിൽ സ്വതന്ത്രയാക്കിയ ചലച്ചിത്രഗാനങ്ങൾ നൽകിയത് വയലാർ മാത്രമാണ് . അവളെ വികാരവീണയെന്ന് വിളിച്ചതും വയലാറാണ് . അവൾ പറയാതെ ഒളിപ്പിച്ചതെല്ലാം അങ്ങനെ വയലാർ അറിഞ്ഞു പോയി.
“എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും എന്തിനിതിന്നിതളുകള്‍ മുളച്ചൂ പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയില്‍ വന്നൂ
കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ
ചൂടുക ചൂടുക വാരിയെടുത്തു നീ ചൂടുകീ പല്ലവ പുടങ്ങൾ “
എന്ന് ഞങ്ങൾക്ക് മറ്റൊരു വൈകാരിക ജീവിതം സാധ്യമാക്കിത്തന്നതിന്, സ്വപ്ന സദൃശമായ ഒരു ഭാവനാ ജീവിതം കൂടി സാധ്യമാക്കിത്തന്നതിന് ഞാൻ പ്രിയ കവിയോട് കടപ്പെട്ടിരിക്കുന്നു. ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഈ സൗരഭ്യം എനിക്കു മാത്രം എന്ന് സ്വാർഥപൂരിതയാകുന്നു.
“നീലാകാശ താമരയിലയിൽ നക്ഷത്ര ലിപിയിൽ പവിഴ കൈനഖ മുനയാൽ..
പ്രകൃതിയാ കവിത പകർത്തി വച്ചു
അന്നതു ഞാൻ വായിച്ചു
വന്നു കണ്ടു കീഴടക്കി “
(oct 27, വയലാർ രാമവർമ്മയെ ഓർമ്മിച്ചു കൊണ്ട് കഴിഞ്ഞ വർഷം ഇതേ ദിവസം മാതൃഭൂമി star& Style നു വേണ്ടി എഴുതിയത്.)























