കഴിഞ്ഞ ദിവസം കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലര്‍ കലാരാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയ സംഭവം അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം നിയസഭയില്‍ കൊണ്ടുവന്നു. അനൂപ് ജേക്കബാണ് വിഷയം ഉന്നയിച്ചത്.
മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കലാരാജു കാലുമാറ്റമാണ് നടത്തിയതെന്നും. യുഡിഎഫ് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ എഴുന്നേറ്റു.
സ്ത്രീകളുടെ സുരക്ഷ പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു സ്ത്രീയെ ആക്രമിച്ചിട്ട് മിണ്ടാതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സിപിഎം ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഈ അക്രമം എന്ന് ആരോപിച്ചതോടെ ഭരണപക്ഷത്ത് നിന്നും ബഹളം ഉയര്‍ന്നു. ബഹളം നീണ്ടതോടെയാണ് പ്രതിപക്ഷ നേതാവിന്റെ എല്ലാ നിയന്ത്രണവും നഷ്ടമായത്. കയ്യിലെ പേപ്പര്‍ വലിച്ചെറിഞ്ഞ് എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങളോട് നടുത്തളത്തില്‍ ഇറങ്ങാനും നിര്‍ദേശം നല്‍കി. മുതിര്‍ന്ന അംഗമാണെന്നും പ്രകോപിതനാകരുതെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
എന്നാൽ, വീണ്ടും പ്രസംഗം തുടര്‍ന്ന സതീശന്‍ നടി ഹണി റോസിന്റെ കേസിലെ വേഗത കലാരാജുവിന്റെ കേസില്‍ ഇല്ലെന്ന് ആരോപിച്ചു. കൗരവസഭയില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അട്ടഹസിച്ച ദുശ്ശാസനനെ പോലെ ഭരണപക്ഷം ചരിത്രത്തില്‍ അഭിനവ ദുശ്ശാസനന്‍മാര്‍ എന്ന് രേഖപ്പെടുത്തും എന്നും വിമര്‍ശിച്ചു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളം വച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടക്കമാണ് പ്രതിഷേധിച്ചത്. ഇതോടെ കാപ്പ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിക്കുന്ന മന്ത്രി സഭയിലും ബഹളം ഉണ്ടാക്കുകയാണെന്ന് സതീശന്‍ പരിഹസിച്ചു.
പ്രസംഗം 13 മിനിറ്റായെന്നും അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തിയതായും ബഹളം നിയന്ത്രാക്കാതെ സ്പീക്കര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ പെരുമാറരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നെ പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്റെ മറുപടി.
ഇതോടെ മുഖ്യമന്ത്രി എഴുന്നേറ്റു. വികാരം പ്രകടിപ്പിക്കുന്നത് മനസിലാക്കാം, എന്നാല്‍ ചെയറിനെ ഈ രീതിയില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നോട് പ്രസംഗിക്കാന്‍ അവസാനിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു. സിപിഎം വനിതാ കൗണ്‍സിലറാണ് ആക്രമിക്കപ്പെട്ടത്. ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്ക് ഇത് സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും സതീശന്‍ പറഞ്ഞു. പിന്നാലെ വാക്കൗട്ടും നടത്തി.