...
Home Entertainments വിവാഹത്തിൻ്റെ മൂന്നാം വർഷം വിധവ; ഷാരൂഖിൻ്റെ നായികയുടെ ജീവിതത്തിൽ സംഭവിച്ചത്

വിവാഹത്തിൻ്റെ മൂന്നാം വർഷം വിധവ; ഷാരൂഖിൻ്റെ നായികയുടെ ജീവിതത്തിൽ സംഭവിച്ചത്

മനസിൻ്റെ മുറിവുണക്കാൻ മോഡലിംഗ് ലോകം വിദ്യ മാൽവാഡേയെ സഹായിച്ചു

208

നടൻ ഷാരൂഖ് ഖാൻ്റെ നായികയായ വിദ്യ മാൽവാഡേ സിനിമയിൽ എത്തുമെന്ന് ഒരുകാലത്തും പ്രതീക്ഷിക്കാതെ സിനിമയിൽ തിളങ്ങിയ വ്യക്തിയാണ്. ഷാരൂഖ് ഖാൻ നായകനായ ‘ചക് ദേ ഇന്ത്യ’ എന്ന ചിത്രത്തിൽ ഹോക്കി ടീമിൻ്റെ ക്യാപ്റ്റനായി വേഷമിട്ടു കൊണ്ട് ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്‌ത താരമാണവർ. എന്നാൽ, വിവാഹം കഴിഞ്ഞ് അധികനാൾ പിന്നിടും മുമ്പേ വൈധവ്യം എന്തെന്ന് അറിയേണ്ടി വന്ന സ്ത്രീ കൂടിയാണ് വിദ്യ മാൽവാഡേ.

ചക് ദേ ഇന്ത്യയിലെ വേഷത്തിലൂടെ കരിയർ മാറിമറിഞ്ഞ യുവതിയാണ് വിദ്യ മാൽവാഡേ. ഇതിന് തൊട്ടുപിന്നാലെ രൺവിജയ്‌ സിംഗ് നായകനായ വെബ് സീരീസിൽ അവർക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. സിനിമയുടെ വെള്ളിവെളിച്ചം തേടിപ്പോകാതെ ഇരുപതുകളുടെ തുടക്കത്തിൽ വിവാഹ ജീവിതത്തിലേക്ക് കടന്നു.

1997ൽ പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ബാഗയുടെ ഭാര്യയായി വിദ്യ കുടുംബ ജീവിതം ആരംഭിച്ചു. എന്നാൽ, വിധി വൈപരീത്യം മൂന്ന് വർഷങ്ങൾക്ക് അപ്പുറം കാത്തിരിപ്പുണ്ടായിരുന്നു.

വിവാഹത്തിൻ്റെ മൂന്നാം വർഷം, അതായത് 2000 ജൂലൈ 14ന് പാട്‌നയിൽ സംഭവിച്ച വിമാന അപകടത്തിൽ വിദ്യ മാൽവാഡേയുടെ ഭർത്താവിന് ജീവൻ നഷ്‌ടമായി. വൈധവ്യം നേരിടുമ്പോൾ വിദ്യക്ക് പ്രായം കേവലം 27 വയസ് മാത്രം. ഭർത്താവിൻ്റെ മരണത്തോട് കൂടി വിദ്യ ആകെ തകർന്നു.

വിദ്യ കടുത്ത വിഷാദ രോഗത്തിലേക്ക് വഴുതിവീണു. ഒരിക്കൽ അവരുടെ ആരാധകരെയും വിഷമ വൃത്തത്തിലാക്കി കുറെയേറെ ഉറക്കഗുളികകൾ വിഴുങ്ങി വിദ്യ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു. അതിനായി ഉറക്കഗുളികകൾ വാങ്ങുകയും ചെയ്‌തു.

സിദ്ധാർഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിൽ ഇതേക്കുറിച്ച് വിദ്യ മാൽവാഡേ വിശദീകരിക്കുക ഉണ്ടായി. എന്നാൽ, അച്ഛനമ്മമാരുടെ മുഖം മനസ്സിൽ നിറഞ്ഞ വിദ്യക്ക് ജീവനൊടുക്കാൻ കഴിഞ്ഞില്ല. താൻ അനുഭവിക്കുന്ന അതേ വേദന അവരിലേക്ക് കൂടി പകരാം എന്നല്ലാതെ അതുകൊണ്ടൊരു മാറ്റം ഉണ്ടാവില്ല എന്ന് വിദ്യ മനസിലാക്കി. എത്രകാലം ദുഃഖിച്ചിരിക്കാൻ കഴിയും എന്ന ഉത്തരമില്ലാ ചോദ്യത്തിന് മുന്നിൽ വിദ്യ തൻ്റെ ജീവിതം മാറ്റിമറിക്കാൻ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചു.

വിദ്യ മോഡലിങ്ങിലേക്ക് തിരിയുന്നത് ഇവിടെ നിന്നുമാണ്. മനസിൻ്റെ മുറിവുണക്കാൻ മോഡലിംഗ് ലോകം വിദ്യ മാൽവാഡേയെ സഹായിച്ചു. എന്നാൽ, മോഡലിംഗ് ലോകം വിദ്യക്ക് ഒരു ബോളിവുഡ് ടിക്കറ്റ് കരുതി വച്ചിരുന്നു. 2003ൽ ‘ഇൻ്റെഹ’ എന്ന സിനിമയിലൂടെ വിദ്യ സിനിമയിൽ പ്രവേശിച്ചു. മെല്ലെ തൻ്റെ കരിയറും വ്യക്തിത്വവും പടുത്തുയർത്താൻ വിദ്യ മാൽവാഡേ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തു.

സിനിമാ ലോകത്തിൽ വ്യാപൃതയാവുന്നതിന് ഇടയിൽ തന്നെ സഞ്ജയ് ധൈമ എന്ന ചലച്ചിത്ര സംവിധായകനെ പരിചയപ്പെടുകയും, അത് മറ്റൊരു വിവാഹ ജീവിതത്തിന് വഴിതെളിയിക്കുകയും ആയിരുന്നു. 2009ൽ അവർ വിവാഹിതരായി.

എയർ ഹോസ്റ്റസായി ജീവിതം ആരംഭിച്ച വിദ്യ മാൽവാഡേ ഇപ്പോൾ സിനിമ, സീരിയൽ, വെബ് സീരീസ് മേഖലകളിൽ തിരക്കിലാണ്. 2025-ലെ സംഗീ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വിദ്യ മാൽവാഡേ വേഷമിട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.