| ആർ ബോസ്
ലേയിലെ എൻ്റെ ആദ്യ പ്രഭാതത്തിൽ ഉണർന്നെണീറ്റപ്പോൾ രാവിലെ ആറ് മണിയായി ഇന്നലെ രാത്രി നന്നായി ഉറങ്ങി.കഴിഞ്ഞ ദിവസം16000 അടി ഉയരത്തിൽ ഒരു രാത്രി മുഴുവൻ ലോറിയിൽ കിടക്കേണ്ടി വന്നതു മുലം ഉണ്ടായ ആൾട്ടിറ്റ്യൂഡ് സിക്‌നെസിൻ്റെ ക്ഷീണമെല്ലാം മാറി ഉൻമേഷം തിരികെ വന്നിരിക്കുന്നു. ചായ കുടിക്കാനായി പുറത്തേക്കിറങ്ങി തണുപ്പുണ്ടെങ്കിലും സഹിക്കാവുന്ന കാഠിന്യമേയുള്ളു. നഗരത്തിൻ്റെ ഉയർന്ന ഭാഗത്തെ ലോഡ്ജിൻ്റെ രണ്ടാം നിലയിൽ നിൽക്കുമ്പോൾ ലേയുടെ വിശാലമായ കാഴ്ച കാണാം.
മേഘങ്ങൾ പഞ്ഞിക്കെട്ടു പോലെ ഒഴുകി നടക്കുന്ന തെളിഞ്ഞ നീലാകാശം മഞ്ഞിൽ ശിരസൊളിപ്പിച്ച അംബരചുംബികളായ മലകൾ സൂര്യകിരണങളേറ്റ് പല നിറത്തിൽ തിളങ്ങി നിൽക്കുന്നു. പച്ചപ്പ് ഒട്ടുമില്ലാതെ കല്ലും മണ്ണും മഞ്ഞും നിറഞ്ഞ മലകൾ. ഇളം മഞ്ഞയും ചാരനിറവും തവിട്ട് കളറുമൊക്കെ സമ്മേളിക്കുന്ന മലനിരകളിൽ വെളിച്ചവും നിഴലും ചേർന്ന് വർണ്ണാഭമായൊരു പെയ്ൻ്റിങ്ങ് ഒരുക്കിയിരിക്കുന്നു.
ലഡാക്കിലെ പ്രകൃതിയുടെ സ്വഭാവിക പരുക്കൻ ഭാവമൊന്ന് മെരുങ്ങി നിൽക്കുന്നു. ഞാനിതുവരെ സഞ്ചരിച്ച ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെവിടെയും ഇതുപോലൊരു കാഴ് കണ്ടിട്ടില്ല. ശബ്ദകോലാഹലമൊട്ടുമില്ലാത്ത ഇളം തണുപ്പുള്ള ശാന്തമായ അന്തരീക്ഷത്തിൽ ഈ കാഴ്ച കണ്ട് നിൽക്കുന്നത് ത്രസിപ്പിക്കുന്ന അനുഭവമാണ്.
ലോഡ്ജിനെതിർവശത്തൊരു കടയുടെ മുമ്പിൽ ഒരു സ്ത്രീ ചായ വിൽക്കുന്നുണ്ട്. അവിടെപ്പോയൊരു ചായ കുടിച്ചിട്ട് ഒരു മണിക്കൂർ നഗരക്കാഴ്ചകളിലൂടെ ചുറ്റിനടന്ന് തിരിച്ച് റൂമിലെത്തി. ഇന്ന് പാങ്ങോങ് തടാകം സന്ദർശിക്കാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും അതിന് അപ്രതീക്ഷിത്രമായി മാറ്റം വരുകയാണ്. ലേയിലെ ടൂറിസ്റ്റ് സീസൺ പീക്കിലായതിനാൽ ഹോട്ടൽ മുറികൾക്കെല്ലാം വലിയ വാടകയും കിട്ടാൻ ബുദ്ധിമുട്ടുമായാണ് ഗൂഗിൾ കാണിച്ചത്.ലേയിൽ നിന്ന് 222 കിലോമീറ്റർ ദൂരമുണ്ട് പാങ്ങോങിലേക്ക് വഴിയിൽ ബ്ലോക്കുണ്ടായില്ലങ്കിൽ ബസിന് ആറ് മണിക്കൂറെടുക്കും .
ഒറ്റദിവസത്തിൽ പോയി വരാൻ പറ്റില്ല. താങ്ങാവുന്ന നിരക്കിൽ ഹോട്ടൽ മുറി കിട്ടിയില്ലങ്കിൽ പണിയാകും. ഈ സഹചര്യത്തിൽ റിസ്കെടുക്കണ്ടന്ന് തിരുമാനിച്ച് ഞാൻ യാത്ര മാറ്റാൻ തിരുമാനിച്ചു. പാങ്ങോങ്ങും നുബ്രുവാലിയുമെല്ലാം കാണാൻ ഒരിക്കൽ കൂടി ലഡാക്കിലക്ക് വരാമെന്ന തീരുമാനത്തിൽ കാർഗിൽ വഴി ശ്രി നഗറിലേയ്ക്ക് പോകാൻ തീരുമാനിച്ച് പെട്ടന്ന് തന്നെ റെഡിയായി ബസ്സ് സ്റ്റാൻഡിലെത്തി. ഇപ്പോഴും എൻക്വയറിയിൽ ആരുമില്ല. കാർഗിലിലേക്ക് ലേയിൽ നിന്ന് ഒരു ബസേയുള്ളു, അത് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണന്നാണ് ബോർഡിൽ കണ്ടത്. ഇപ്പോൾ സമയം ഒൻപതായതേയുള്ളു.
അതുവരെ കാത്തിരിക്കാനാവില്ല. ഷെയർ ടക്സിയന്വോഷിച്ചപ്പോൾ അതിൻ്റെ സ്റ്റാൻഡ് രണ്ട് കിലോമീറ്റർ ദൂരെയാണ്.ലേയിൽ ഓട്ടോറിക്ഷ ഇല്ല പകരമുള്ളത് മാരുതി ഓമ്നിയാണ്. ഓമ്നിയിൽ ടാക്സി സ്റ്റാൻഡിലേക്ക് പുറപ്പെട്ടു. ലേ മണാലി റോഡിൽ നിന്ന് നാനൂറ് മീറ്റർ ഉള്ളിലാണ് സ്റ്റാൻഡ്. കാറിനും ടെമ്പോ ട്രാവലറിനും പിക്കപ്പിനും ലോറിക്കു മെല്ലാം വെവ്വേറെ സ്റ്റാൻഡുകളാണ്.എല്ലാം വളരെ വിശാലവുമാണ്.ലഡാക്കിൽ കടലുപോലെ ഭൂമിയും വളരെക്കുറച്ച് മനുഷ്യരുമായതിനാൽ ഭൂമിക്കൊരു പഞ്ഞവുമില്ല.ടാക്സിക്ക് നൂറ്റി ഇരുപത് രൂപ നൽകി സ്റ്റാൻഡിലിറങ്ങി.
ഇന്നോവയും സൈലോയും ടവേരയും സുമോയും പോലുള്ളെ അമ്പതോളം ഏഴ് സീറ്റ് വണ്ടികൾ കിടപ്പുണ്ട്. കടകളോ മറ്റ് സൗകര്യങ്ങളോ ഇല്ല യാത്രക്കാരും ആരുമില്ല.ടേണനുസരിച്ചാണ് ഓരോ വണ്ടിയും ആളെ കയറ്റിപ്പോകണ്ടത്. ഏതാനും ഡ്രൈവറന്മാർ അടുത്ത് വന്നു. ഞാൻ കാർഗിലിലേക്കാണെന്ന് പറഞ്ഞപ്പോൾ അടുത്ത് ടേണിൽ കിടന്ന ഇന്നോവ കാണിച്ച് അതിൽ കയറിക്കോളാൻ പറഞ്ഞു . ചാർജജ് ചോദിച്ചപ്പോൾ വിമാനത്തിലേത് പോലെ ഓരോ സീറ്റിനും ഓരോ ചാർജാണ്.
മുമ്പിലെ സിംഗിൾ സീറ്റിന് 1500 രൂപയും നടുവിലെതിന് 1200 ഉം പിന്നിലെ സീറ്റിന് 1000 രൂപയുമാണ് പറഞ്ഞത്.220 കിലോമീറ്ററിനാണീ ചാർജ്ജ്. ടൂറിസ്റ്റുകളെ പിഴിയുന്നതാണെന്ന് ധരിക്കണ്ട ഇവിടുത്തെ താമസക്കാരും ഈ തുക നൽകിയാണ് യാത്ര ചെയ്യുന്നത്.കുറഞ്ഞ ജനസംഖ്യ കാരണം യാത്രക്കാരും കുറവായിരിക്കുമെന്നതിനാലാണ് പൊതുഗതാഗതം കുറവെന്ന് തോന്നുന്നു.
ഞാൻ മുമ്പിലെ സീറ്റിൽ ബാഗ് വച്ച് സീറ്റ് ബുക്ക് ചെയ്തു ഇനി ആറ് യാത്രക്കാർ കൂടി വന്നാലെ വണ്ടി പുറപ്പെടു.വണ്ടി പുറപ്പെടാൻ സമയമുള്ളതിനാൽ കാപ്പി കുടിക്കാമെന്ന് തിരുമാനിച്ചു. സ്റ്റാൻഡിൻ്റെ അങ്ങേയറ്റത്ത് ഒരു ഹോട്ടലിൻ്റെ ബോർഡ് കണ്ടവിടേക്ക് ചെന്നു.ഒറ്റമുറിയുള്ള ചെറിയൊരു ഹോട്ടൽ ഒരു യുവതിയും മകളുമാണ് കട നടത്തുന്നത്.അവിടെ നിന്ന് ചപ്പാത്തിയും ഓംലറ്റും കഴിച്ച് പെട്ടന്ന് തന്നെ വണ്ടിക്കരികിലെത്തിയിട്ടും വേറെ യാത്രക്കാർ ആരും വന്നിട്ടില്ല.ഡ്രൈവർ കൂട്ടം കൂടി നിന്നാകാശത്തേക്ക് നോക്കുന്നത് കണ്ട് ഞാനും നോക്കി. സൂര്യന് ചുറ്റും ഒരു വെള്ള വളയം രൂപപ്പെട്ടിരിക്കുന്നു.തെളിഞ്ഞ ആകാശമായതിനാൽ വ്യക്തമായി കാണാം കുറെ നേരം അതും നോക്കി നിന്നു.
വീണ്ടും ഒന്നര മണിക്കൂർ വണ്ടിയിൽ കാത്തിരുന്നിട്ടും ആരും വരാത്തതിനാൽ ഞാൻ ബാഗെടുത്ത് തിരികെ ബസ് സ്റ്റാൻഡിലേക്ക് നടന്നു. ഇനി രണ്ട് മണിക്കുള്ള ബസാണാശ്രയം നൂറ് മീറ്റർ നടന്നപ്പോൾ ഒരു ഇന്നോവ കൊണ്ടടുത്ത് നിർത്തി 12 മണിക്ക് കാർഗിലിന് പോകുന്നുണ്ടന്നും വരുന്നോ എന്ന് ചോദിച്ചു. ഫ്രണ്ട് സീറ്റ് തന്നാൽ വരാമെന്നായി ഞാൻ. ഫ്രണ്ട് സീറ്റ് നേരത്തെ ബുക്കായിപ്പോയി മിഡിൽ സിറ്റിൻ്റെ സൈഡ് സീറ്റ് തരാമെന്ന് ഡ്രൈവർ പറഞ്ഞു.അത് ഞാനോക്കെ പറഞ്ഞു. എൻ്റെ നമ്പർ വാങ്ങി ഒരു മിസ്ഡ് തന്നിട്ട് പുറപ്പെടുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ഡ്രൈവർ പോയി.
ഇനിയും ഒരു മണിക്കൂറിലേറെ സമയമുണ്ട്.ലേ മണാലി ഹൈവേയിലൂടെ തിരികെ നടന്നു. മനോഹരമായനാലുവരിപ്പാത നടുവിലെ മിഡിയനിൽ നിരയൊത്ത് നിൽക്കുന്ന തെരുവ് വിളക്കുകൾ ചുവന്ന ഓട് പതിച്ച ഫുട്പാത്തിനപ്പുറം വ്യാപാരസ്ഥാപനങ്ങളും മിലിട്ടറിയുടെ സ്ഥാപനങ്ങളുമൊക്കെയാണ്. റോഡിന് നടുവിലൊരിടത്ത് മഞ്ഞ് മലയിൽ ചീറിനിൽക്കുന്ന പുലിയുടെ ശില്പവും അതിന് താഴെ ഞങ്ങൾ രക്തസാക്ഷികളെ വണങ്ങുന്നു എന്നുമെഴുതിയിരിക്കുന്നു. വെയിലുണ്ടെങ്കിലും ചൂടില്ലാത്തതിനാൽ നടപ്പിന് ബുദ്ധിമുട്ടില്ല.നടന്നെത്തിയത് അഞ്ചും കൂടിയ ജംഗ്ഷനിലാണ്.
ലേ ശ്രിനഗർ,ലേ മണാലി ഹൈവേകളടക്കം അഞ്ചു റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ്.റോഡിന് നടുവിൽ ഉയർന്ന പീഠത്തിൽ പടച്ചട്ടയണിഞ്ഞ് കൈയ്യിൽ വാളുമായി കുതിരപ്പുറത്ത് പാഞ്ഞ് പോകുന്ന ഒരാളുടെ പ്രതിമ.ശില്പിയുടെ കൈക്കുറ്റപ്പാടൊന്നും കാണാനില്ലാത്ത മനോഹരമായ പ്രതിമ. 1616 മുതൽ1642 വരെ ലഡാക്ക് ഭരിച്ച സെങ്ഗെ നാംഗ്യാൽ എന്ന രാജാവിൻ്റെതാണ്. ലഡാക്കിനെ ശക്തമായ ഒരു രാജ്യമാക്കിയതും ഒൻപത് നിലകളുള്ള ലേ കൊട്ടാരം നിർമ്മിച്ചതും ഇദ്ദേഹമാണ്.
നാംഗ്യലിൻ്റെ പ്രതിമയുടെ അല്പമകലെ കാലചക്രയെന്ന മനോഹരമായ ബുദ്ധ സ്തൂപവും സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിൽ നിന്നുള്ള വ്യാപാര പാതയായ പുരാതന സിൽക്ക് റൂട്ടിലെ പ്രധാന ഇടത്താവളം പാതകൾ കൂടിച്ചേരുന്ന ലേ തന്നെയായിരുന്നു. മാത്രമല്ല അതിൻെ ഭൂമിശാസ്ത്രപരമയ സ്ഥാനം കൊണ്ടും എല്ലാക്കാലത്തും ലേക്ക് തന്ത്രപ്രധാന സ്ഥാനമായിരുന്നു.അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിഭജനത്തിനു ശേഷം ലഡാക്കിൻ്റെ 37555 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈനയും 78114 ചതുരശ്ര കിലോമീറ്റർ പാക്കിസ്ഥാനും അനധികൃതമായി കൈവശപ്പെടുത്തി.
പാകിസ്ഥാൻ കൈവശപ്പെടുത്തിയതിൽ 5180 ചതുരശ്ര കിലോമീറ്ററും നിയമവിരുദ്ധമായി ചൈനയ്ക്ക് സമ്മാനിച്ചു.ലാഡാക്കിൻ്റെ ശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ ലയിച്ചു. ജമ്മു കാശ്മീർ സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്ന ലഡാക്കിൽ 1995-ൽ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ രൂപീകരിച്ചു. 2019ൽ കേന്ദ്ര ഭരണ പ്രദേശമായും മാറ്റി. സമുദ്രനിരപ്പിൽ നിന്ന് 11,562 അടി ഉയരത്തിൽ 45,110 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ ജില്ല കൂടിയാണിതെങ്കിലും ആകെ ജനസംഖ്യ 1,33,457മാത്രമാണ്.
1975 ലാണ് ലഡാക്ക് ടൂറിസത്തിനായി തുറന്ന് കൊടുത്തത്.ഇന്ന് ലേയുടെ മുഖ്യ വരുമാന മാർഗം ടൂറിസമാണ്. വിദേശികൾ ഉൾപ്പെടെ 486590 വിനോദസഞ്ചാരികൾ2022 ൽ മാത്രം ലഡാക്ക് സന്ദർശിച്ചു. സെങ്ഗെ നാംഗ്യാൽ പ്രതിമക്ക് സമീപമുള്ള കടത്തിണ്ണയിൽ ലഡാക്കിൻ്റെ ഗതകാല കഥകൾ ഓർത്തു കൊണ്ട് ഞാൻ നിൽക്കാൻ തുടങ്ങിയിട്ട് സമയമേറെയായി. ഡ്രൈവറുടെ വിളി ഇതുവരെ വന്നിട്ടില്ല ഞാൻ ശ്രീനഗർ ഹൈവേയിലൂടെ വീണ്ടും നടന്നു. കാർഗിലിലേക്കുള്ള വണ്ടി ഈ വഴിയാണ് വരണ്ടതെന്ന ധൈര്യത്തിലാണെൻ്റെ നടപ്പ്.
രണ്ടരകിലോമീറ്റർ നടന്ന് ലേയിലെ എയർപോർട്ടിനടുത്തെത്തി റോഡരുകിൽ സ്ഥാപിച്ച ഒരു പ്രയർവീലിന് സമീപം തണലത്ത് ഇരിപ്പുറപ്പിച്ചു. അല്പം കഴിഞ്ഞപ്പോൾ ഡ്രൈവർ വിളിച്ചു.ലൊക്കേഷനയച്ചു കൊടുത്തഞ്ച് മിനിറ്റിൽ വണ്ടിയെത്തി.നേരത്തെ പറഞ്ഞ പോലെ മിഡിൽ സീറ്റിൻ്റെ സൈഡ് സീറ്റ് തന്നെ ലഭിച്ചു. ആ വാഹനത്തിൽ കാർഗിലിലേക്ക് ഞാൻ യാത്രയാരംഭിച്ചു.
( തുടരും)