കൊച്ചി: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടേത് ഭരണഘടനാ അവകാശമാണെന്നും കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിയമ നിർമാണ സഭകൾക്ക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാനാകില്ല. മാധ്യമങ്ങളെ നിയമ നിർമാണത്തിലുടെ നിയന്ത്രിക്കുന്നത് അറിയാനുള്ള പൗരൻ്റ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാവുമെന്നും കോടതി വ്യക്തമാക്കി.
മാധ്യമങ്ങളെ നിയന്ത്രിക്കരുതെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും സുപ്രീം കോടതിയുടെ വിധിയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാധ്യമങ്ങൾ അല്ലെന്നും കോടതികളാണെന്നും വിശാല ബഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി തീർപ്പ് കൽപ്പിക്കും വരെ ഒരാൾ പ്രതിയാണെന്ന നിലപാട് മാധ്യമങ്ങക്ക് സ്വീകരിക്കാനാവില്ല. അത്തരം സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ പ്രതികൾക്ക് ഭരണഘടന കോടതികളെ സമീപിച്ച് പരിഹാരം തേടാം.
മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ, 2019ൽ ഹൈക്കോടതിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് എ.കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ഉത്തരവിട്ടത്.
സംഘർഷത്തെ തുടർന്ന് മാധ്യമങ്ങൾക്ക് കോടതി റിപ്പോർട്ടിങ്ങിൽ നിയന്ത്രണം കൊണ്ടുവരണമെന്ന അഭിഭാഷകരുടെ ഹർജി ജസ്റ്റീസ് വി.എൻ രവീന്ദ്രൻ അധ്യക്ഷനായ ബഞ്ച് നേരത്തെ തള്ളിയിരുന്നു.