കൃഷിയിടങ്ങളിലെ വിളകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് കർഷകർക്ക് ബിഎസ്എഫിൻ്റെ നോട്ടീസ്. ഇന്ത്യാ- പാക് അതിർത്തിയിൽ പഞ്ചാബിലെ സീറോ ലൈനിനോട് ചേർന്നുള്ള കർഷകരോട് ബി.എസ്.എഫ് ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സീറോ ലൈനിനോട് ചേർന്ന് വിവിധ വിളകൾ കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർക്ക് ഈ നോട്ടീസ് തിരിച്ചടിയായി.
ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിലെ 530 കിലോമീറ്റർ ദൂരത്തിൽ 45000 ഏക്കറോളം സ്ഥലത്ത് കർഷകർ കൃഷി ചെയ്യുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുർ, തരൻതരൻ, ഫസിൽക ജില്ലകളിൽ ജില്ലാ അധികൃതർ തന്നെ ഇത് സംബന്ധിച്ച് ഉച്ചഭാഷിണികൾ വഴി അറിയിപ്പ് നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
അതിർത്തിയിൽ പരിശോധനക്ക് കൃഷിയിടങ്ങൾ വെല്ലുവിളി ആകുന്നുവെന്നാണ് ബിഎസ്എഫ് വിശദീകരിക്കുന്നത്. നുഴഞ്ഞു കയറ്റക്കാർക്ക് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ഈ പാടങ്ങൾ സുരക്ഷിത കവചമായി മാറുന്നതാണ് ബിഎസ്എഫ് ചൂണ്ടിക്കാട്ടുന്നത്. പാടങ്ങൾ ഒഴിപ്പിച്ചാൽ കൂടുതൽ സങ്കീർണമായ മേഖലകളിൽ ബിഎസ്എഫിന് നിരീക്ഷണം നടത്താനാവും.
ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് വിനോദ സഞ്ചാരികളടക്കം 26 പേരെ ബൈസരൻ താഴ്‌വരയിൽ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് കർഷകർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.