20 May 2024

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ വേറിട്ട ഒരു വാർത്താ അനുഭവമായി മാറുമായിരുന്ന കോടതി സ്വമേധയാ എടുത്ത ക്രിമിനൽ കോടതി അലക്ഷ്യ കേസ്

ഹൈക്കോടതി ജഡ്ജിയുടെ പദവിയിൽ ഇരുന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് സംസ്ഥാന സർക്കാരിന് എതിരെ ഉപയോഗിക്കാൻ ഉതകുന്ന പൊളിറ്റിക്കൽ ടൂളുകൾ സമ്മാനിക്കുന്നതിന് എതിരെയുള്ള വിമർശനങ്ങളാണ് ഞാൻ നടത്തിയത്.

| പികെ സുരേഷ് കുമാർ

കേസ് നമ്പർ 1/ 2024 ക്രിമിനൽ കോടതി അലക്ഷ്യം ( സ്വമേധയാ ) . വാദി : കേരള ഹൈക്കോടതി , എതിർ കക്ഷി പി.കെ സുരേഷ് കുമാർ. ( ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ V/s PK സുരേഷ് കുമാർ ) വർത്തമാനകാല ഇന്ത്യൻ ജുഡീഷ്യറിയെ പരിവാർ ഗണങ്ങൾ ദുരുപയോഗം ചെയ്ത് ഒരു സാധാരണക്കാരനെ എങ്ങിനെ വേട്ടയാടാം എന്നതിനെ ലളിതമായ ഉദാഹരണമാണ് എനിക്കെതിരെ എടുത്ത ക്രിമിനൽ കോടതി അലക്ഷ്യ കേസ് . എന്നാൽ അതിന് കരുക്കൾ നീക്കിയ ഗൂഢ ശക്തികളുടെ ആസൂത്രിത നീക്കങ്ങളെ നിഷ്ഫലമാക്കി എന്നെ പ്രതിയാക്കി ഹൈക്കോടതി സ്വമേധയാ എടുത്ത ക്രിമിനൽ കോടതി അലക്ഷ്യ കേസ് കുറ്റപത്രമോ , വിചാരണ നടപടികളിലേക്കോ കടക്കാതെ ഹൈക്കോടതിയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു.

കേസിൻ്റെ നാൾവഴികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ കോടതികൾ സ്വമേധയാ എടുക്കുന്ന ക്രിമിനൽ കോടതി അലക്ഷ്യ കേസുകളുടെ കാര്യത്തിൽ വേറിട്ട ഒരു വാർത്താ അനുഭവമായി ഈ കേസ് മാറുമായിരുന്നു…
ക്ഷേമ പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് മറിയക്കുട്ടി നൽകിയ ഹർജി പരിഗണിക്കവേ കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയ പരിഹാസ പരാമർശങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റുകളാണ് ക്രിമിനൽ കോടതി അലക്ഷ്യ കേസ് എടുപ്പിക്കുന്നതിലേക്ക് നയിച്ചത്.

എന്നാൽ ദേവൻ രാമചന്ദ്രന് എതിരെ എഴുതിയതിൻ്റെ പേരിൽ മാത്രം കോടതി അലക്ഷ്യ കേസ് എടുത്തു എന്ന് വരുത്താതിരിക്കാൻ ആസൂത്രിത നീക്കം ജുഡീഷ്യൽ രജിസ്ട്രാറുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടിയായ നവകേരള സദസ്സുമായി ബന്ധപ്പെട്ട് ക്ഷേത്ര മൈതാനത്തെ വേദി മാറ്റിച്ചവർ മോദി പങ്കെടുത്ത ബിജെപി യുടെ രാഷ്ട്രീയ പരിപാടി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്നപ്പോൾ സുരക്ഷയുടെ പേരിൽ വടക്കുംനാഥ ക്ഷേത്രത്തിലെ വഴി അടച്ച് കെട്ടുകയും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും തേക്കിൻകാട് മൈതാനിയിലെ സംരക്ഷിത മരങ്ങൾ മുറിച്ച് മാറ്റുകയും ശിഖിരങ്ങൾ മുറിച്ചുമാറ്റിയതിനെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റ് ദേവസ്വം ബെഞ്ചിന് എതിരേ എഴുതിയതാണ് എന്ന് രജിസ്ട്രാർ സ്ഥാപിച്ചു. ഇത് രണ്ടും ചേർത്താണ് ക്രിമിനൽ കോടതി അലക്ഷ്യ കേസ് എടുത്തത്.

2021 മുതൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വിമർശിച്ച് എട്ടോളം ഫേസ് ബുക്ക് പോസ്റ്റുകൾ എഴുതിയതിൽ ആറെണ്ണവും കണ്ടില്ലെന്ന് നടിച്ച് മറിയക്കുട്ടി വിഷയത്തിലെ പോസ്റ്റ് എടുത്ത് കോടതി അലക്ഷ്യത്തിന് കളമൊരുക്കിയ സുന്ദര വിഡ്ഡികളായ സംഘികൾക്ക് നമോവാകം .

2023 ഡിസംബറിൽ മറിയക്കുട്ടിയുടെ ഹർജി പരിഗണിച്ച ഘട്ടത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് ഞാൻ ഫേസ്ബുക്കിൽ എഴുതി. ആ പോസ്റ്റ് ഷാജൻ സ്കറിയ എടുത്ത് മറുനാടൻ മലയാളിയിൽ വീഡിയോ ചെയ്തു. ആരെങ്കിലും ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി ഇയാളെ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കണം എന്നായിരുന്നു ഷാജൻ്റെ ആഹ്വാനം. ആ വീഡിയോ അയാൾ ആഗ്രഹിച്ച ആളിൻ്റെ കൈയിൽ എത്തി..അത് പിന്നീട് ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ മുന്നിൽ എത്തി.

രജിസ്ട്രാർ ഷാജൻ്റെ വീഡിയോയും എൻ്റെ പോസ്റ്റുകളും എടുത്ത് കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കുവാൻ ചീഫ് ജസ്റ്റിസിന് അയച്ചു. ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസ് മുഷ്താഖ് അഹമ്മദിന് അയച്ചു. അദ്ദേഹം അത് പരിശോധിച്ച് കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാവുന്ന പരാമർശങ്ങൾ ഉണ്ട് എന്ന് ചീഫ് ജസ്റ്റിസിനെ അറിയിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസുമാരായ അനിൽ പി നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുടെ ബെഞ്ചിലേക്ക് (ദേവസ്വം ബെഞ്ച് ) തുടർ നടപടികൾക്കായി അയച്ചു.

2024 ജനുവരി 15, 17 തീയതികളിൽ ഈ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിക്കാതെ പിൻവാങ്ങി. ഈ ജഡ്ജിമാർ പുറപ്പെടുവിച്ച വിധിയെ പരിഹസിച്ച് എഴുതിയ ഫേസ് ബുക്ക് പോസ്റ്റും കോടതി അലക്ഷ്യ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് , അതുകൊണ്ട് അവർ ഈ കേസ് പരിഗണിക്കുന്നില്ല എന്ന് പറഞ്ഞാണ് കേസ് ഒഴിഞ്ഞത്.കോടതിയ്ക്ക് എതിരെ ഞാൻ പറയാത്ത കാര്യം ഞാൻ പറഞ്ഞു എന്ന് ജുഡീഷ്യൽ രജിസ്ട്രാർ ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാരെ തെറ്റിദ്ധരിപ്പിച്ചു. ജസ്റ്റിസ് അനിൽ പി. നരേന്ദ്രൻ, ജസ്റ്റിസ് G ഗിരീഷ് ഉൾപ്പെടുന്ന ദേവസ്വം ബെഞ്ചിനെ ഞാൻ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഹൈക്കോടതിയിലെ ഒരു നെക്സസ് അങ്ങിനെ സ്ഥാപിച്ചെടുത്ത് കേസ് ടൈറ്റാക്കി.

തുടർന്ന് കേസ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചിൽ എത്തി. ജുഡിഷ്യൽ രജിസ്ട്രാർ എനിക്ക് Draft ചാർജും ഫെബ്രുവരി 5 ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നുള്ള കോടതി ഉത്തരവും രജിസ്ട്രേഡ് ആയി അയച്ചത് ജനുവരി 31 ന് ഞാൻ കൈപ്പറ്റി. മറുനാടൻ മലയാളിയുടെ വീഡിയോ ആണ് ഈ കേസിലെ പ്രാഥമിക തെളിവ് എന്ന് ഡ്രാഫ്റ്റ് ചാർജിൽ രജിസ്ട്രാർ രേഖപ്പെടുത്തിയിരുന്നു… ഏത് മറുനാടൻ ? ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ല എന്ന് നിരീക്ഷിച്ചത് കേരള ഹൈക്കോടതിയാണ്. ആ ഹൈക്കോടതിയിലെ രജിസ്ട്രാർ ഒരു സാധാരണക്കാരനെ കുടുക്കാൻ വേണ്ടി നടന്ന കളികളിൽ ഷാജൻ സ്കറിയയുടെ വീഡിയോ പ്രാഥമിക തെളിവായി സ്വീകരിച്ചു എന്ന് കുറ്റാരോപിതന് നൽകിയ Draft charge ൽ രേഖപ്പെടുത്തിയ ദയനീയ സാഹചര്യം.

Draft Charge വലിയ ഒരു കെണി തന്നെ ആയിരുന്നു…അത് വായിച്ച് നോക്കിയ പല നിയമ വിദഗ്ദരും പറഞ്ഞത് ഈ കേസിൽ ഞാൻ ഉറപ്പായും ശിക്ഷിക്കപ്പെടും എന്നായിരുന്നു.. പത്തോളം അഭിഭാഷകരെ ബന്ധപ്പെട്ടെങ്കിലും അവരാരും കേസ് എടുക്കാൻ തയ്യാറായില്ല… ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വക്കീലൻമാർക്ക് ലിബറൽ ആയി ഓർഡേഴ്സ് ഇഷ്യു ചെയ്യുന്ന ജഡ്ജ് ആണ്. അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയം ആയതു കൊണ്ട് നിങ്ങൾക്ക് വേണ്ടി അപ്പിയർ ചെയ്യാൻ കഴിയില്ല , അത് ഞങ്ങളുടെ ഫ്യൂച്ചർ കേസുകളെ ബാധിയ്ക്കും എന്നായിരുന്നു അവരുടെ നിലപാട്… തുടർന്ന് സമീപിച്ച സീനിയർ അഭിഭാഷകർ പറഞ്ഞ ഫീസ് എനിയ്ക്ക് താങ്ങാൻ കഴിയാവുന്നതിനും അപ്പുറത്തായിരുന്നതുകൊണ്ട് ഞാൻ കേസ് സ്വയം വാദിക്കാൻ തീരുമാനിച്ചു.

2024 ഫെബ്രുവരി 5 ന് കോടതിയിൽ നേരിട്ട് ഹാജരായപ്പോൾ എന്തുകൊണ്ട് വക്കീൽ ഇല്ല എന്ന് കോടതി ആരാഞ്ഞു. മുകളിൽ പറഞ്ഞ കാര്യങ്ങൾ കോടതിയെ അറിയിച്ചു. കേസ് വളരെ കോംപ്ലിക്കേറ്റഡ് ആണ് കോടതി സ്വന്തം നിലയിൽ സൗജന്യ വക്കീലിനെ വെച്ച് തരാം എന്ന് അറിയിച്ചെങ്കിലും ഞാനത് ആദരവോടെ നിരസിച്ചു. തുടർന്ന് ഫെബ്രുവരി 12 ന് കേസ് പരിഗണിക്കാൻ മാറ്റുകയും Draft charge ന് മറുപടി സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു.

ഒരു രാഷ്ട്രീയ നേതാവല്ലാത്ത, സെലിബ്രിറ്റിയല്ലാത്ത, പണക്കാരനല്ലാത്ത, നിയമം അറിയാത്ത ഒരു സാധാരണക്കാരൻ, അഭിഭാഷകൻ്റെ സഹായമില്ലാതെ , അതും ഉയർന്ന ഫീസ് നൽകി അഭിഭാഷകനെ വെക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വയം കേസ് വാദിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതാണ് കേസിലെ ഒന്നാമത്തെ വഴിത്തിരിവ് …… ഫെബ്രുവരി 9 ന് ഞാൻ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. Draft Charge ൽ പറഞ്ഞ കാര്യങ്ങൾക്ക് എല്ലാം കൃത്യമായി മറുപടി നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ എൻ്റെ വിമർശനങ്ങൾ അതിൽ ആവർത്തിച്ചു. മറുപടി സത്യവാങ്ങ്മൂലം 12 ന് കോടതി തള്ളി .

അന്ന് സ്റ്റേറ്റിന് വേണ്ടി ഹാജരായ സ്പെഷ്യൽ പ്ലീഡർ എടുത്ത നിലപാടുകളാണ് കേസിലെ രണ്ടാമത്തെ വഴിത്തിരിവായത്. അഭിഭാഷക സഹായമില്ലാതെ ഒരു സാധാരണക്കാരനായ വ്യക്തി അയാൾക്ക് എതിരെ കോടതി സ്വമേധയാ എടുത്ത കോടതി അലക്ഷ്യ കേസിൽ സ്വയം വാദിക്കുന്നു, അയാൾക്ക് നിയമം അറിയില്ല, അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൻ്റെ നടപടികൾ നീതിപൂർവകമായി നടക്കണം എന്ന സ്റ്റേറ്റിൻ്റെ നിശ്ചയ ദാർഢ്യം സ്പെഷ്യൽ പ്ലീഡറുടെ ഇടപെടലുകളിൽ ഉണ്ടായി.

മറുപടി സത്യവാങ്മൂലം തള്ളിയ സാഹചര്യത്തിൽ എനിയ്ക്ക് എതിരെ കുറ്റപത്രം ഫ്രെയിം ചെയ്ത് വിചാരണയിലേക്ക് കടക്കുക , തുടർന്ന് ശിക്ഷിക്കുക എന്ന നടപടികളിലേക്ക് കോടതി കടക്കാൻ ഒരുങ്ങുമ്പോൾ മോഡിഫൈഡ് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ അവസരം നൽകണമെന്ന GPയുടെ റിക്വസ്റ്റ് കോടതി അംഗീകരിച്ച അസാധാരണ സാഹചര്യമാണ് ഈ കേസിന് പിന്നിൽ കളിച്ചവർക്ക് അവരുടെ ഉദ്ദേശം സാധിച്ചെടുക്കാൻ കഴിയാതെ പോയത്.

ഫെയർ ക്രിട്ടിസിസം ആകാം, അതിന് കോടതി എതിരല്ല എന്ന് ഡിവിഷൻ ബെഞ്ചിൻ്റെ അദ്ധ്യക്ഷൻ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ദേവസ്വം ബെഞ്ചിന് എതിരെ ഞാൻ അപമാനകരമായ പരാമർശം നടത്തി എന്ന രജിസ്ട്രാറുടെ വിലയിരുത്തൽ വസ്തുതകൾ നിരത്തി ഞാൻ നിഷേധിച്ചു. എൻ്റെ പോസ്റ്റുകൾ കോടതി സമഗ്രമായി പരിശോധിച്ചു. അതിലെ വിമർശനങ്ങൾ എനിക്ക് മാത്രമല്ല മറ്റു പലർക്കും ഉണ്ട് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ( ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്ന് എതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ എകകണ്ഠമായി പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്. കോവിഡ് കാല സാലറി ചലഞ്ചിൽ നിന്ന് ഹൈക്കോടതി ജഡ്ജിമാരെ ഒഴിവാക്കണമെന്ന് രജിസ്ട്രാർ കത്ത് നൽകി എന്നത് വസ്തുതയുമാണ്. അതുകൊണ്ട് തന്നെ അത്തരം പരാമർശങ്ങൾ എല്ലാം ഫെയർ ക്രിട്ടിസിസത്തിൻ്റെ ഗണത്തിൽ പെടുത്തി കോടതി ഒഴിവാക്കി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ എഴുതിയ പോസ്റ്റുകളിലെ മൂന്ന് വാക്കുകൾ കോടതി അലക്ഷ്യമാണ് എന്ന് വിലയിരുത്തി.. Un Conditional appology പറഞ്ഞു കൊണ്ടുള്ള മോഡിഫൈഡ് അഫിഡവിറ്റ് സമർപ്പിച്ചാൽ കേസ് ഒഴിവാക്കാം എന്ന ഉദാര സമീപനത്തിലേക്ക് കോടതി എത്തി.

മോഡിഫൈഡ് ( തിരുത്തപ്പെട്ട ) സത്യവാങ്മൂലം എന്നാണ് GP പറഞ്ഞത് എങ്കിലും ഞാൻ സമർപ്പിച്ചത് അഡീഷണൽ ( കൂട്ടിച്ചേർത്ത ) സത്യവാങ്ങ്മൂലം ആണ്… കോടതിയെ ബോധ്യപ്പെടുത്താനുള്ളതെല്ലാം രേഖാമൂലവും പ്രാഥമിക വാദത്തിലൂടെയും അറിയിച്ച് കഴിഞ്ഞ സ്ഥിതിയ്ക്ക് എൻ്റെ ലക്ഷ്യം നിറവേറി. ഒപ്പം ഫെബ്രുവരി 12 ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രജിസ്ട്രേഡ് ആയി ഒരു പരാതി അയക്കുകയും ചെയ്തിരുന്നു. ശ്രദ്ധിക്കുക പരാതിയാണ്, ഹർജി അല്ല… പരാതി ചീഫ് ജസ്റ്റിസിൻ്റെ സെക്രട്ടേറിയറ്റ് പരിശോധിച്ച് ചീഫ് ജസ്റ്റിസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആഭ്യന്തര പരിശോധന നടത്തുകയും ചെയ്യും.

ഫെബ്രുവരി 12 ന് എൻ്റെ കൗണ്ടർ അഫിഡവിറ്റ് തള്ളി കുറ്റപത്രം തയ്യാറാക്കാനും തുടർന്ന് വിചാരണയിലേക്ക് പോകാനും കോടതി തീരുമാനിച്ചാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന വിശാല ബഞ്ച് ഈ കേസ് പരിഗണിയ്ക്കണം എന്ന ആവശ്യം കോടതിയിൽ ഉയർത്താൻ വേണ്ടി കൂടിയാണ് ഞാൻ 12 ന് രാവിലെ ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.. ( അതിനുള്ള പിടി വള്ളി ഒരു പൊട്ടൻ സംഘി ഇട്ട് തരികയും ചെയ്തു ) പക്ഷേ അത് വേണ്ടി വന്നില്ല.

ഹൈക്കോടതി ജഡ്ജിയുടെ പദവിയിൽ ഇരുന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് സംസ്ഥാന സർക്കാരിന് എതിരെ ഉപയോഗിക്കാൻ ഉതകുന്ന പൊളിറ്റിക്കൽ ടൂളുകൾ സമ്മാനിക്കുന്നതിന് എതിരെയുള്ള വിമർശനങ്ങളാണ് ഞാൻ നടത്തിയത്. അത് ചിലയാളുകൾ കളിച്ച് ഹൈക്കോടതിയെ കൊണ്ട് എനിയ്ക്ക് എതിരെ ക്രിമിനൽ കോടതി അലക്ഷ്യ കേസ് എടുപ്പിച്ചതോടെ അത് കോടതി രേഖകളുടെ ഭാഗവും ആയി.

എനിയ്ക്ക് കോടതികളോട് ഒരു തർക്കവും ഇല്ല.. നിയമത്തോടും ഇന്ത്യൻ ഭരണഘടനയോടും വിധേയത്വവും കോടതികളോട് ആദരവുമാണ് ഉള്ളത്..പറയാനുള്ളതെല്ലാം പറയുകയും രേഖാമൂലം കോടതിയെ അറിയിച്ചതിന് ശേഷം ഞാനെന്തിന് കല്ലിൽ കടിച്ച് പല്ല് കളയാൻ നിൽക്കണം. ? എൻ്റെ കുടുംബത്തെ പ്രതിസന്ധിയിലാക്കി ആറ് മാസം ജയിലിൽ കിടന്നിട്ട് എന്ത് കാര്യം ? ഞാൻ സമർപ്പിച്ച കൗണ്ടർ അഫിഡവിറ്റ് കോടതി രേഖകളുടെ ഭാഗമാണ്.. അത് സമർപ്പിക്കാൻ അവസരം ലഭിച്ചതോടെ ഈ കേസിൽ ജയിച്ചത് ഞാൻ തന്നെയാണ്.. കോടതി നിർദ്ദേശിച്ച Un Conditional Appology, Aditional സത്യവാങ്മൂലമായി സമർപ്പിച്ച് കേസിൽ നിന്ന് ഞാൻ ഊരി.

നിയമസംഹിതകൾക്കപ്പുറത്ത് ആർദ്രമായ മനസ്സോടെ ഈ കേസിനെ നോക്കി കണ്ട ബഹുമാനപ്പെട്ട ജസ്റ്റിസുമാരായ PB സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ സമീപനം, സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറുടെ അവസരോചിതമായ ഇടപെടൽ, ഈ കേസ് സ്വയം വാദിക്കാൻ എന്നെ പ്രാപ്തനാക്കിയ ഹൈക്കോടതിയിലെ അഭിഭാഷക സുഹൃത്തുക്കൾ, ഇതെല്ലാമാണ് കേസ് പ്രാഥമികമായി തന്നെ തള്ളുന്ന നിലയിലേക്ക് എത്തിയത്. ചിലയാളുകളുടെ ടൂൾ ആയി പ്രവർത്തിച്ച ഹൈക്കോടതി രജിസ്ട്രാറെ ഹൈക്കോടതി കണ്ടം വഴി ഓടിച്ചു എന്ന് തന്നെ പറയാം.

ഇത് നീതിയുടെ വിജയമാണ് . ഒപ്പം ഭരണഘടനയെയും ഇന്ത്യൻ ജുഡീഷ്യറിയുടെ മൂല്ല്യങ്ങളെയും ഉയർത്തിപ്പിടിച്ച ജസ്റ്റിസുമാരായ പി.ബി സുരേഷ്കുമാർ, ജോൺസൺ ജോൺ എന്നിവരുടെ മഹത്തായ നിലപാടുകളുടെ വിജയവും. മഴ പെയ്തൊഴിഞ്ഞാലും മരം പെയ്ത് തീരില്ല എന്നതുപോലെ ക്രിമിനൽ കോടതി അലക്ഷ്യ കേസ് കോടതി തള്ളിയെങ്കിലും എൻ്റെ പരാതി ചീഫ് ജസ്റ്റിസിൻ്റെ മുന്നിൽ നിലനിൽക്കും. അതിൽ ജുഡീഷ്യൽ രജിസ്ട്രാറും രജിസ്ട്രാർ ഓഫീസും സംശയ നിഴലിലാണ്.

1999 ലെ സുപ്രീം കോടതി റെസലൂഷനിൽ ഊന്നി നിന്ന് കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും സമീപിക്കും. കേസിൽ ഞാൻ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോകുന്നത് ആഘോഷിക്കാൻ നിന്നവർക്ക് മുന്നിൽ നിയമവും കോടതിയും വഴി കേസ് ഒഴിവാക്കി പറയാനുള്ളത് ആർജ്ജവത്തോടെ തല ഉയർത്തിപ്പിടിച്ച് കോടതിയിൽ പറയാൻ ഉറച്ച പിന്തുണയുമായി കൂടെ നിന്ന പ്രിയ സുഹൃത്തുക്കൾക്ക് നന്ദി . ഒരുപാട് പേരുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News