20 May 2024

ഒരുവർഷം മുന്‍പ് ആസ്തി 17,545 കോടി രൂപ; ഇപ്പോൾ പൂജ്യം; പാപ്പരായി ബൈജൂസ്

2011ല്‍ സ്ഥാപിതമായ ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട്അപ്പുകളില്‍ ഒന്നായിരുന്നു. 2022ല്‍ കമ്പനിയുടെ മൂല്യം 22 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.

മലയാളി എഡ്-ടെക് സ്ഥാപനമായ ബൈജൂസിന്റെ ഉടമയുമായ ബൈജു രവീന്ദ്രന്റെ വീഴ്ച വലിയ വാർത്തയായിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വരുന്ന പുതിയ വാർത്തയിലും ബൈജുവിന്റെ തകർച്ച തന്നെയാണ് സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ സമ്പന്നരുടെ പട്ടകയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബൈജുവിന്റെ ആസ്തി പൂജ്യത്തിലെത്തിയെന്ന് റിപ്പോർട്ട്‌.

2024ലെ ഫോർബ്‍‌സ് ബില്യണയർ ഇന്‍ഡെക്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുവർഷം മുന്‍പ് ബൈജുവിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ബൈജൂസിന്റെ സ്ഥാപനങ്ങളിലുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ഇടിവിന് കാരണമായത്. ബൈജു ഉള്‍പ്പെടെ കഴിഞ്ഞ വർഷം പട്ടികയിലുണ്ടായിരുന്ന നാല് പേരാണ് ഇത്തവണ പുറത്തായത്. 2011ല്‍ സ്ഥാപിതമായ ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട്അപ്പുകളില്‍ ഒന്നായിരുന്നു. 2022ല്‍ കമ്പനിയുടെ മൂല്യം 22 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.

നൂതനമായ ലേണിങ് ആപ്ലിക്കേഷനിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലംകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ ബൈജൂസിന് സാധിച്ചിരുന്നു. പ്രൈമറി സ്കൂള്‍ വിദ്യാർഥികള്‍ മുതല്‍ എംബിഎ വിദ്യാർഥികള്‍ക്ക് വരെ സേവനം ലഭ്യമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും അതിനോടൊപ്പം കമ്പനിയുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉടലെടുത്തതോടെയാണ് തകർച്ചയിലേക്ക് നീങ്ങിയത്. തകർച്ചയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ പൂട്ടാനുള്ള നിർദേശം കമ്പനി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടാനാണ് നിര്‍ദേശം. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75% ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്പള വിഹിതം തടഞ്ഞുവെച്ചിരുന്നു.

ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാന്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് ശ്രമവും നടന്നിരുന്നു. ഇതിനുപിന്നാലെ സിഇഒ ആയി തുടരുമെന്ന പ്രഖ്യാപനവുമായി ബൈജു രവീന്ദ്രൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ സ്ഥാപനത്തിന്റെ ഓഹരി ഉടമകൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ബൈജുവിന്റെ വിശദീകരണം.

ബൈജൂസിലെ ജീവനക്കാർക്കയച്ച കുറിപ്പിലായിരുന്നു ബൈജു രവീന്ദ്രന്റെ വാദം. ഇതിനിടെ ബൈജൂസിന്റെ വിദേശ നിക്ഷേപം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നിരീക്ഷണത്തിലും എത്തിയിരുന്നു. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 28,000 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 9,000 കോടി രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ട് ബൈജൂസ് ലേണിങ് ആപ്പിന് ഇഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News