| എസ് സുമോൾ
അമല്‍ നീരദ് സംവിധാനം ചെയ്ത മലയാളം സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് ബൊഗെയ്ന്‍വില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജ്യോതിര്‍മയിയും ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനുമാണ് ബോഗയ്ന്‍വില്ല നിര്‍മിച്ചിരിക്കുന്നത്. ജ്യോതിര്‍മയി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, വീണ നന്ദകുമാര്‍, ഷറഫ് യുധീന്‍, സൃന്ദ എന്നിവരാണ് അഭിയിനയിച്ചിരിക്കുന്നത്.
11 വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷം ജോതിര്‍മയി ഈ ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അമല്‍ നീരദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍നിന്നും കഥാപാത്രങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ചിത്രം കൂടിയാണിത് . ഇതുതന്നെയാണ് ബോഗയ്ന്‍വില്ലയുടെ കാഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത. കുറച്ചു കഥാപാത്രങ്ങളും ഹൈറേഞ്ചിന്റെ പശ്ചാത്തലവും വച്ച് സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ഒരു ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് ഈ ചിത്രം .
അമല്‍ നീരദിലെ ഫിലിം മേക്കര്‍ മുകളിലേക്കുള്ള പടവ് ചവുട്ടിക്കയറുന്ന കാഴ്ച കൂടിയാണ് ബോഗയ്ന്‍വില്ലയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴുയുന്നത്.തന്റെ കരിയറിലെ പത്താം ചിത്രമാണിത്. ഒരു അമല്‍ നീരദ് പടം എന്ന ഹൈപ്പിന് പുറമെ പേര് മുതല്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒരു നിഗൂഢത ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ടായിരുന്നു. പ്രീ റിലീസ് അഭിമുഖങ്ങളില്‍ ഒരു വാക്ക് പോലും വീണുപോകാതെയിരിക്കാന്‍ അണിയറക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരു കാറപകടത്തെ അതിജീവിച്ച ദമ്പതികളായ റീത്തുവിന്റെയും ഡോ. റോയ്‌സ് തോമസിന്റെയും കഥയാണ് ബോഗയ്ന്‍വില്ല പറയുന്നത്.രണ്ട് കുട്ടികളുള്ള റോയ്സിന്റെയും റീത്തുവിന്റെയും ജീവിതത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരപകടം ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. റീത്തുവിന് ഓര്‍മ്മക്കുറവ് സമഭവിച്ചതിനെ തുടര്‍ന്ന് അവരുടെ ജീവിതം ആകെ തകര്‍ച്ചയിലേക്കെത്തുകയും, തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ പാടുപെടുമ്പോള്‍ റീത്തു ഒരു കേസില്‍ പെട്ടുപോകുകയും ചെയ്യുന്നു.
റീത്തു ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഓര്‍മ്മ നഷ്ടം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെ മറികടക്കാന്‍ ഡോക്ടര്‍ പറഞ്ഞുകൊടുത്ത വഴികളിലൂടെ നടക്കുന്ന റീത്തുവിന് അതിന്റേതായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊകൊടുക്കുന്നതാണ് ഡോ. റോയ്‌സിന്റെ ജീവിതം.പല സമയങ്ങളില്‍ പലതും മറക്കുകയും ചില നേരങ്ങളില്‍ ചിലതു മാത്രം ഓര്‍ക്കുകയും ചെയ്യുന്ന പ്രത്യേക അസുഖക്കാരിയായ റീതുവാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം.
റീതുവിനെ അത്രയും സ്നേഹത്തോടെ പരിചരിക്കുകയും ജീവന്റെ ഭാഗമായി കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഡോ. റോയ്സ് തോമസിനെ ഭര്‍ത്താവായി കിട്ടിയതു തന്നെയാണ് അവളുടെ ഭാഗ്യം അപ്രതീക്ഷിതമായി ഒരേ താളത്തില്‍ മുന്നോട്ടുപോകുന്ന അവരുടെ ദിനങ്ങളിലൊന്നിലേക്ക് ഡേവിഡ് കോശി എന്ന പൊലീസ് ഓഫീസര്‍ എത്തുകയാണ് .കേരളത്തിലെ വിനോദസഞ്ചാരികളുടെ വിവരണാതീതമായ തിരോധാനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് എത്തിയിരിക്കുന്നത്. ഈ കറ്റാന്വോഷണത്തിലാണ് റീത്തു കുടുങ്ങുന്നത്.റീത്തുവിന്റെയും റോയ്‌സിന്റെയും വീട്ടിലേക്ക് പൊലീസ് എന്തിനെത്തി എന്ന കേവല സംശയത്തില്‍ നിന്ന് മുന്നോട്ടുള്ള വഴികളില്‍ ഉദ്വേഗത്തിന്റെ മുന കൂര്‍പ്പിക്കുകയാണ് അമല്‍ നീരദ്.
റീത്തുവിനെ ജ്യോതിര്‍മയിയും റോയ്‌സിനെ കുഞ്ചാക്കോ ബോബനും ഡേവിഡ് കോശിയെ ഫഹദ് ഫാസിലും അവതരിപ്പിക്കുന്നു. ജോണറിനോട് ഏറെ കൂറ് പുലര്‍ത്തുന്ന ഈ ചിത്രത്തില്‍. ഹൈറേഞ്ചിലെ ഒരു കാര്‍ യാത്രയുടെ ഏരിയല്‍ ഷോട്ടില്‍ നിന്ന് ആരംഭിക്കുന്ന മനോഹര ഫ്രെയ്മുകളില്‍ നിന്ന് ആരംഭിച്ച് ക്രൈമിന്റെ ഇരുണ്ട വഴികളിലേക്ക് എത്തിച്ചേരുന്ന സഞ്ചാരമാണ് ബോഗെയ്ന്‍വില്ല. റീത്തുവിന്റെയും റോയ്‌സിന്റെയും ഏറെ പ്രത്യേകതകളുള്ള ജീവിതത്തെ സമയമെടുത്ത് പരിചയപ്പെടുത്തിക്കൊണ്ടാണ് അമല്‍ നീരദ് കഥ പറഞ്ഞുതുടങ്ങുന്നത്.
എസിപി ഡേവിഡ് കോശിയുടെ വരവോടെ ചിത്രം ഉദ്യോഗഭരിത മൂഹൂര്‍ത്തങ്ങളിലേക്ക്് നീങ്ങിത്തുടങ്ങുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കാസ്റ്റിംങ്ങുകളില്‍ ഒന്നാണ് റീത്തു തോമസ് ആയ ജ്യോതിര്‍മയിയുടേത്. ആദ്യ കാഴ്ചയില്‍ത്തന്നെ വന്‍ സ്‌ക്രീന്‍ പ്രസന്‍സ് അനുഭവിപ്പിക്കുന്ന ജ്യോതിര്‍മയി മുന്നോട്ട് പോകുന്തോറും ഓര്‍മ്മനഷ്ടം ബാധിച്ച റീത്തുവായി വിസ്മയിപ്പിക്കുകയാണ്. അതുപോലെ തന്നെ അമല്‍ നീരദിന്റെ ബ്രില്യന്റെ കാസ്റ്റിംഗ് ആണ് കുഞ്ചാക്കോ ബോബന്റെതും.
ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളിയുടെ ഗ്രാഫുകള്‍ ഉയര്‍ത്തുന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അനുഭവ പരിചയം കൊണ്ട് നന്നായി മികവുറ്റതാക്കിയിരിക്കുന്നു. ഇടുക്കിയിലെ അതിമനോഹരമായ പശ്ചാതലങ്ങളാണ് ബോഗയ്ന്‍വില്ലയുടെ ഹൈലൈറ്റ്. വലിയൊരു വാടക വീടും ഫാം ഹൗസും ശാന്തസുന്ദരമായ ആശുപത്രിയുമെല്ലാം ചേര്‍ന്നൊരു പശ്ചാതലം കണ്ടിരിക്കാന്‍ തന്നെ സുഖമാണ്. ഇടക്കിടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനാവശ്യമായ പ്രോപ്പര്‍ട്ടികളും ചെറിയ ട്വിസ്റ്റുകളുമെല്ലാം ചിത്രം ഒരുക്കിവെച്ചിട്ടുണ്ട്.
പൊതുവെ ത്രില്ലര്‍ സിനിമകള്‍ക്കും ക്രൈം സിനിമകള്‍ക്കും തോന്നാറുള്ള എവിടെയെങ്കിലുമൊരു ചേരായ്മ ബോഗയ്ന്‍വില്ലയില്‍ അനുഭവപ്പെടുകയേ ഇല്ല. സിനിമ മുക്കാല്‍ ഭാഗത്തോളം എത്തുമ്പോഴേക്കും ഇനി എന്തൊക്കെ സംഭവിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിച്ചെടുക്കാനും മനസ്സിലാക്കാനുമാവുമെങ്കിലും കാണികളെ മടുപ്പിക്കുന്ന രീതിയിലല്ല പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നത്.
റഫീഖ് അഹമ്മദും വിനായക് ശശികുമാറും മനോഹരമായ വരികളാണ് ബോഗയ്ന്‍വില്ലയ്ക്കായി എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗുമൊക്കെ മികവുറ്റ രീതിയില്‍ തന്നെ സിനിമയിലും സിനിമയേയും ഒതുക്കിയിട്ടുണ്ട്.
മലയാളത്തിലെ രണ്ട് ഹിറ്റുപാട്ടുകളില്‍ വേഷമിട്ട ജ്യോതിര്‍മയിക്ക് നീണ്ട ഇടവേളക്കു ശേഷം ഹിറ്റായ രണ്ട് പാട്ടുകള്‍ കൂടി ബോഗയ്ന്‍വില്ല സമ്മാനിക്കുന്നുണ്ട്. മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നും പട്ടാളത്തിലെ ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളവും ജ്യോതിമയിയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവയാണ്. അതുപോലെ അവരോടൊപ്പം നില്‍ക്കും ബോഗയ്ന്‍വില്ലയിലെ മറവികളേ പറയൂ കടലാസു പൂ ഇതളിലിരിക്കുന്നു സ്മരണകളായി മിഴിനീര്‍ തുമ്പികള്‍, ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി, പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്നീ ഗാനങ്ങള്‍. എല്ലാം കൊണ്ടും കാണികളെ ത്രില്ലടിപ്പിക്കുന്ന ചിത്രമാണിത്.