5 May 2024

കാകതീയ രാജവംശ നിർമ്മിതി ; ഹൈദരാബാദിന്റെ ഗോൽക്കൊണ്ട

പതിനൊന്നാം നൂറ്റാണ്ടിൽ ചെറിയ മൺ കോട്ടയായാണ് കാകതീയ രാജവംശം ഇത് നിർമ്മിക്കുന്നത്. പിന്നീട് ബഹ്മാനി സുൽത്താൻമാരിലൂടെ ഷാഹികൾ വഴി മുഗളൻമാരിലെത്തി നിന്ന അഞ്ച് നൂറ്റാണ്ടിന്റെ വിശേഷങ്ങൾ ഈ കോട്ടയ്ക്ക് പറയാനുണ്ട്

| ഐശ്വര്യ രാജ് കെപി

ഹൈദരാബാദിന്റെ ഗോൽക്കൊണ്ട, തെലങ്കാനയിലെ ഹൈദരാബാദ് ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഒരുപാട് വിശേഷണങ്ങൾ നിറഞ്ഞ ചരിത്ര വിസ്മയം ആണെങ്കിലും അവിടെയെത്താൻ എന്നെ പ്രേരിപ്പിച്ചത് മുകളിൽ നിന്ന് താഴേക്ക് പണിത ഈ ഗ്രാനൈറ്റ് കോട്ടയുടെ നിർമ്മാണ രീതിയാണ്. ഹിന്ദു- മുസ്ലിം വാസ്തുവിദ്യയുടെ പൈതൃക കേന്ദ്രമായ ഈ കോട്ട നൂറ്റാണ്ടുകളുടെ ചരിത്രത്തിന് മൂകസാക്ഷിയാണ്.

പതിനൊന്നാം നൂറ്റാണ്ടിൽ ചെറിയ മൺ കോട്ടയായാണ് കാകതീയ രാജവംശം ഇത് നിർമ്മിക്കുന്നത്. പിന്നീട് ബഹ്മാനി സുൽത്താൻമാരിലൂടെ ഷാഹികൾ വഴി മുഗളൻമാരിലെത്തി നിന്ന അഞ്ച് നൂറ്റാണ്ടിന്റെ വിശേഷങ്ങൾ ഈ കോട്ടയ്ക്ക് പറയാനുണ്ട്.

ഒരു ആട്ടിടയൻ ഒരിക്കൽ മലമുകളിൽ ഒരു വിഗ്രഹം കണ്ടെത്തുകയും രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹം അവിടെ ക്ഷേത്രം പണിയാൻ കൽപ്പിച്ചു എന്നതുമാണ് തുടക്കം. അങ്ങനെയാണത്രേ ആട്ടിടയന്മാരുടെ കുന്ന് എന്നർത്ഥം വരുന്ന ഗോൽക്കൊണ്ട എന്ന പേര് ലഭിച്ചത്. 2014 ൽ UNESCO ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ കോട്ട പുരാതനകാലത്ത് ഡയമണ്ട് കാപ്പിറ്റോൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

നമുക്കേറെ പ്രശസ്തമായ കോഹിനൂർ രത്നം ഈ കോട്ടയുടെ നിലവറക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പ്രവേശന കവാടത്തിലെ(ഫത്തേ ദർവാസ) താഴികക്കുടത്തിന് താഴെ ഒരു പ്രത്യേക സ്ഥലത്തുനിന്ന് കയ്യടിച്ചാൽ ആ ശബ്ദം കോട്ട മുഴുവൻ കേൾക്കാനാകും. ആക്രമണ സമയത്ത് മുന്നറിയിപ്പായി ഇത് കണക്കാക്കിയിരുന്നു. കോട്ടയുടെ മതിലുകൾക്ക് 87 കൊത്തളങ്ങളും, 8 കവാടങ്ങളും, 60 അടി വരെ ഉയരവുമുണ്ട്. രാജകുമാരിമാരുടെയും രാജ്ഞിമാരുടെയും മനോഹരവും വിശാലവുമായ വിശ്രമമുറികളും കോട്ടയില്‍ കാണാന്‍ സാധിക്കും.

600 ഓളം പടികൾ കയറി 120 മീറ്റർ ഉയരത്തിൽ വ്യാപിച്ചു കിടക്കുന്ന കോട്ട കീഴടക്കി മേലെ എത്തുമ്പോൾ നമ്മെ കാത്തിരിക്കുന്നത് കുന്നിൻ മുകളിലെ ക്ഷേത്രവും ഹൈദരാബാദ് നഗര കാഴ്ചയു മാണ്. ആ ഗ്രാനൈറ്റ് കുന്നു വിട്ടിറങ്ങാൻ ഒരിക്കലും മനസ്സ് ആഗ്രഹിച്ചില്ലെങ്കിലും ആ ചരിത്രസ്മാരകം സമ്മാനിച്ച അനുഭവങ്ങൾ ആഗ്രഹിച്ചതിലുമപ്പുറമായിരുന്നു.

എങ്ങനെ എത്തിച്ചേരാം :

സെക്കന്ദരാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്ത്. വടക്കൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് കച്ചിഗുഡാ സൂപ്പർഫാസ്റ്റ് എക്സ്പ്രസും തെക്കൻ കേരളത്തിൽ നിന്നും പുറപ്പെടുന്നവർക്ക് ശബരി എക്സ്പ്രസും ഉണ്ട്.കോട്ടയിലേക്ക് ഒരുമണിക്കൂർ നീണ്ട യാത്രയാണ്. ഓൺലൈൻ ടാക്സി സർവീസുകൾ ലഭ്യമാണ്. വിജയവാഡ ഇന്റർനാഷണൽ എയർപോർട്ട് ആണ് അടുത്ത്.

ഏത് സമയത്തും ഗോൽക്കൊണ്ട കോട്ട സന്ദർശിക്കാമെങ്കിലും, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കോട്ടയിലേക്കുള്ള ടൂർ ആസൂത്രണം ചെയ്യുന്നതാണ് വിനോദസഞ്ചാരികൾക്ക് ഉചിതം. 8:30 മുതൽ 5:30 വരെയാണ് സമയം. ചിലദിവസം ലൈറ്റ് & സൗണ്ട് ഷോസ് ഉണ്ടാകാറുണ്ട്. പ്രവേശന ഫീസ് : ഇന്ത്യൻസ് -25/- വിദേശിയാത്രികർക്ക് -300/-

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News