ബ്രിട്ടനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ‘എ.ഐ. ഓവർവ്യൂസ്’ (AI Overviews) ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് മേൽ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുടെയും മറ്റ് വെബ്സൈറ്റുകളുടെയും ഉള്ളടക്കം അവരുടെ അനുമതിയില്ലാതെ ശേഖരിക്കുന്നത് തടഞ്ഞുകൊണ്ടാണ് ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി ഈ ഉത്തരവിട്ടത്. ലോകത്തിലാദ്യമായാണ് ഒരു രാജ്യം ഇത്തരത്തിൽ എഐ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സെർച്ച് റിസൾട്ടുകളിൽ നേരിട്ട് എഐ വിവരങ്ങൾ നൽകുന്ന ‘എഐ ഓവർവ്യൂസ്’ സംവിധാനം നിലവിൽ വന്നതോടെ ആളുകൾ വാർത്തകളുടെ യഥാർത്ഥ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വാർത്താ പ്രസാധകർക്ക് വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത്, ഗൂഗിളിന്റെ ജനറേറ്റീവ് എഐ സേവനങ്ങളിൽ നിന്നും സെർച്ച് ഫീച്ചറുകളിൽ നിന്നും തങ്ങളുടെ ഉള്ളടക്കങ്ങൾ ഒഴിവാക്കാനുള്ള (opt-out) സൗകര്യം പ്രസാധകർക്ക് നൽകണമെന്ന് ഉത്തരവിൽ നിർബന്ധമായും പറയുന്നു.
എഐ നൽകുന്ന ഉത്തരങ്ങളിൽ വിവരങ്ങൾ എവിടെ നിന്നാണ് എടുത്തതെന്ന് വ്യക്തമാക്കുന്ന ലിങ്കുകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, എഐ മോഡലുകളെ കൂടുതൽ മെച്ചപ്പെടുത്താനായി തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നത് തടയാനും പ്രസാധകർക്ക് ഇനി അവകാശമുണ്ടാകും. മാധ്യമ ഉള്ളടക്കങ്ങളുടെ സംരക്ഷണവും ഡിജിറ്റൽ ട്രാഫിക്കും ഉറപ്പുവരുത്തുന്നതിനായി ലോകമാകെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിലാണ് ബ്രിട്ടൻ ഇപ്പോൾ നിർണായകമായ ഈ തീരുമാനം എടുത്തിരിക്കുന്നത്.
പുതിയ മാറ്റങ്ങളോട് പൂർണ്ണമായി സഹകരിക്കുമെന്ന് ഗൂഗിൾ സെർച്ച് ഇക്കോസിസ്റ്റം ജനറൽ മാനേജർ മൃണാളിനി ലോവ് അറിയിച്ചു. വെബ്സൈറ്റ് ഉടമകൾക്ക് അവരുടെ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനുള്ള പുതിയ സംവിധാനങ്ങൾ കമ്പനി ഇതിനോടകം തന്നെ പരീക്ഷിച്ചു തുടങ്ങിയതായും അവർ വ്യക്തമാക്കി. സാങ്കേതിക രംഗത്തെ അതികായന്മാരായ ഗൂഗിളിനെതിരെ ബ്രിട്ടൻ എടുത്ത ഈ നടപടി വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളും ചർച്ച ചെയ്തേക്കാം.



