5 May 2024

ഗൂഗിൾ വാലറ്റ് ഇന്ത്യയിലേക്കോ?; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു

യുപിഐ സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഇതിന്റെ പ്രവര്‍ത്തനം എന്ന് മാത്രമാണ് സൂചന.

ഗൂഗിള്‍ വാലറ്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭ്യമാക്കുക. കൂടാതെ ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വാലറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. പക്ഷേ ഗൂഗിള്‍ വാലറ്റിന്റെ എപികെ ഫയല്‍ ഉപയോഗിച്ച് സൈഡ്ലോഡ് ചെയ്യാനും അതില്‍ ബാങ്ക് കാര്‍ഡുകള്‍ ആഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്‌മെന്റുകള്‍ നടത്താനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാജ്യത്ത് ഗൂഗിള്‍ പേയുടെ സപ്പോര്‍ട്ട് വാലറ്റിനുണ്ടാകുമെന്നാണ് സൂചന. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭ്യമാണ്. കൂടാതെ ആഗോള തലത്തില്‍ 77 രാജ്യങ്ങളിലും ഇത് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കമ്പനി ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. യുപിഐ സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഇതിന്റെ പ്രവര്‍ത്തനം എന്ന് മാത്രമാണ് സൂചന. അങ്ങനെയെങ്കില്‍ പേടിഎം, ഫോണ്‍പേ, ഭീം, ആമസോണ്‍ പേ എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റിന് വിപണിയിലെ എതിരാളികളാകുമെന്നത് ഉറപ്പാണ്.

ടെക്ക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് എസ്ബിഐ, എയര്‍ഇന്ത്യ, പിവിആര്‍ ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് സപ്പോര്‍ട്ട് ചെയ്‌തേക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെക്ക് ക്രഞ്ച് കമ്പനിയെ ചിലര്‍ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌ക്രീന്‍ഷോട്ടുകളെല്ലാം മാറ്റി ഗൂഗിള്‍ വാലറ്റിന്റെ യുഎസ് പതിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News