5 May 2024

സംഗീതം പഠിച്ചില്ല എന്ന കാരണം കൊണ്ട് ഉള്ളിൽ സംഗീതം ഉണ്ടെങ്കിൽ പാടാതെ ഇരിക്കരുത്: ജയരഞ്ജിത

എന്റെ അഭിപ്രായത്തിൽ സംഗീതം പഠിച്ചില്ല എന്ന കാരണം കൊണ്ട് ഉള്ളിൽ സംഗീതം ഉണ്ടെങ്കിൽ പാടാതെ ഇരിക്കരുത്. പാടാൻ ഉള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. പാട്ട് പഠിച്ച എല്ലാവർക്കും നന്നായി പാടാൻ പഠനം എന്നില്ല. അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.

|അഭിമുഖം: ജയരഞ്ജിത/ ശ്യാം സോർബ

സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി, ഇന്ന് കേരളം ഒട്ടാകെ ഏറ്റെടുത്ത കാസറഗോഡിലെ വൈറൽ പാട്ടുകാരി ജയരഞ്ജിതയുമായുള്ള അഭിമുഖം.

?: ഒരു നേരംപോക്ക് എന്നോണം സോഷ്യൽ മീഡിയയിൽ പാട്ടുകൾ ഇടുമ്പോൾ കരുതിയിരുന്നോ ഇന്ന് കാണുന്ന രീതിയിൽ ഒരു അംഗീകാരം നേടും എന്ന്?

ജയരഞ്ജിത: സത്യത്തിൽ ഒരിക്കലും കരുതിയിരുന്നില്ല ഇതുപോലുള്ള അംഗീകാരങ്ങൾ ജീവിതത്തിൽ ഉണ്ടാകും എന്ന്. ആഗ്രഹങ്ങൾ എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു. എന്റെ പാട്ടുകൾ ആളുകൾ കേൾക്കണം എന്നും, കഴിവുകൾ ആളുകൾ അറിയണം എന്നൊക്കെയുള്ള ഏതൊരാളെയും പോലെയുള്ള ആഗ്രഹങ്ങൾ മാത്രം. അപ്പോഴും ഒരിക്കൽ പോലും സോഷ്യൽ മീഡിയ വഴി അത് സാധിക്കും എന്ന് കരുതിയിരുന്നില്ല. അതിനുവേണ്ടി ആയിരുന്നില്ല ഒന്നും ചെയ്തിരുന്നത്. പക്ഷെ എന്റെ സമയം ആയി എന്നത്കൊണ്ടാകാം ഇത്തരത്തിൽ അംഗീകാരങ്ങൾ തേടിയെത്തിയത്. ഇന്നത് ഏറ്റവും നന്നായി ആസ്വദിക്കുന്നുണ്ട് ഞാൻ.

?: ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്ന് അറിയാൻ സാധിച്ചു. എങ്ങനെയാണ് പാട്ടുകളിലേക് കടന്ന് വരുന്നത്? ആരായിരുന്നു ഇൻസ്പിറേഷൻ?

ജയരഞ്ജിത: സംഗീതം പഠിക്കാൻ പോയിട്ടില്ല. വീട്ടിൽ അച്ഛനും അമ്മയും ഒക്കെ പാടുന്നത് കേട്ടിട്ടാണ് പാട്ടുകളോടുള്ള ഇഷ്ട്ടം വരുന്നത്. ചെറുപ്പത്തിൽ ഒരുപാട് നാടക ക്യാമ്പുകളും പഠന ക്യാമ്പുകളും ഒക്കെ പങ്കെടുക്കുമായിരുന്നു. അവിടെ പാടുന്നവരുടെ കൂട്ടത്തിൽ പാടിയും ഒക്കെ തന്നെയാണ് പാട്ടിലേക്ക് കടന്നുവരുന്നത്. അങ്ങനെ പാടി തുടങ്ങി, പിന്നീട് കൂടുതൽ ശ്രദ്ധ നാടന്പാട്ടുകളിലേക്കായി. എന്റെ ശബ്ദത്തിനു കൂടുതൽ ഇണങ്ങുന്നത് നാടൻപാട്ടുകൾ ആണെന്ന തിരിച്ചറിവാണ് നാടന്പാട്ടുകളിലേക്ക് എന്നെ തിരിച്ചത്.

?: ഇന്ന് ഉദ്ഘാടകയായും ഗസ്റ്റ് ആയും ഒക്കെ ക്ഷണിക്കപ്പെടുമ്പോൾ പിന്നിലോട്ട് കടന്ന് വന്ന വഴികളെ എങ്ങനെ നോക്കി കാണുന്നു?

ജയരഞ്ജിത: ആഗ്രഹങ്ങൾ എല്ലാവര്ക്കും ഉണ്ടാവുമല്ലോ. അത്തരത്തിൽ എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. ഒരു വേദിയിൽ അതിഥി ആയി എത്തുന്നത് ഒക്കെ ഒരു സ്വപ്നം ആയിരുന്നു. അദ്ധ്യാപിക ആയി ജോലി ചെയ്യുന്ന സമയത്ത് ക്ലാസ് എടുക്കാനും മറ്റും ഒക്കെ പരിപാടികളിൽ പോയിട്ടുണ്ട് എങ്കിലും എന്റെ കഴിവിലൂടെയുള്ള അംഗീകാരമായി വേദികൾ കയറാൻ പറ്റുന്നതിൽ ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ഇപ്പോഴും വല്ലാത്തൊരു കൗതുക ലോകത്തിൽ ആണ്.

?: മലയാള സിനിമയിൽ പലപ്പോഴും വ്യത്യസ്ത ആലാപന ശൈലി ഉള്ള ഗായകർ തഴയപ്പെടുന്നത് കാണാറുണ്ട്. അങ്ങനെ എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ?

ജയരഞ്ജിത: അത്തരത്തിൽ വളരെ വിശദമായി അതെ പറ്റി പറയാൻ സത്യമായിട്ടും അറിയില്ല. എന്നാലും ഈ ഒരു മേഖല കുറച്ച ആളുകളിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് എത്തിപ്പെടാൻ പറ്റാത്തതുകൊണ്ടോ, അറിയാത്തത്കൊണ്ടോ, അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്കൊണ്ടോ,ഒക്കെ ആവാം. എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗായകരിൽ ഒരാൾ ആണ് മധുബാലകൃഷ്ണൻ സർ. അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. പക്ഷെ വേണ്ടവിധം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ, അവസരങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഇത് എന്റെ അറിവില്ലായ്മകൊണ്ട് തോന്നുന്നതും ആവാം.

പാടാൻ അറിയുന്നത് എല്ലാ മനുഷ്യരും അംഗീകരിക്കപ്പെടണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. എല്ലാവര്ക്കും ഒരുപോലെ പാടാൻ സാധിക്കില്ല, പക്ഷെ ഓരോ ആൾക്കും അവരുടേതായ ഒരു ശൈലി ഉണ്ടാകുമല്ലോ. അത്തരത്തിൽ അവരുടേതായ ശൈലികളിൽ എല്ലാവരും അംഗീകരിക്കപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. ആളുകൾ തഴയപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ആധികാരികമായി പറയാൻ എനിക്ക് അറിയില്ല, ഒരുപക്ഷെ ഉണ്ടാകാം. അങ്ങനെ ഉണ്ടെങ്കിൽ അവരും മുന്നോട്ട് വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

?: പാട്ടുകൾ കേട്ട് മലയാളത്തിലെ ഏതെങ്കിലും സംഗീത സംവിധായകരോ, പാട്ടുകാരോ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിരുന്നോ?

ജയരഞ്ജിത: സംഗീത സംവിധായകർ അങ്ങനെ വിളിച്ചിട്ടില്ല.പക്ഷെ ദേവാനന്ദൻ സർ മെസ്സേജ് അയച്ചിരുന്നു, സിതാര ചേച്ചി പാട്ട് കേട്ട് മെസ്സേജ് അയച്ചിരുന്നു. അങ്ങനെ കുറച്ചു മനുഷ്യരും ആസ്വാദകരും അവരുടെ സ്നേഹം അറിയിച്ചിട്ടുണ്ട്. അതിൽ ഒരുപാട് സന്തോഷം ഉണ്ട്.

?: കൂടുതലും നാടൻ പാട്ടുകൾ ആണ് പാടാറുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു തിരഞ്ഞെടുപ്പ്?

ജയരഞ്ജിത: സത്യത്തിൽ നാടകത്തോടും നാടക ക്യാമ്പുകളോടുള്ള ഇഷ്ടവും, അവയിലൊക്കെ പങ്കെടുത്തതിലൂടെ ഒക്കെയാണ് നാടൻ പാട്ടുകളെ കൂടുതലായി പരിചയപ്പെടുന്നത്. വായ്ത്താരികൾ പഠിക്കാനും, പാട്ടിനു ചുവട് വെക്കാനും ഒക്കെ എളുപ്പമായിരുന്നു. കൂടുതൽ വ്യത്യസ്‌തതകൾ നാടന്പാട്ടിലും ഉണ്ട് എന്നൊക്കെ ഈ അടുത്താണ് കൂടുതൽ മനസിലാക്കുന്നത്. വായ്ത്താരികൾ എല്ലാവരും ഒരുമിച്ച് പാടുകയും, അതിനു നൃത്തം ചെയ്യുകയും ഒക്കെ ചെയ്യുന്നത് തന്നെയാണ് നാടന്പാട്ടിലേക്ക് ആദ്യ കാലത്ത് ആകർഷിച്ചത്.

സിനിമാപാട്ടുകളും എനിക്ക് ഇഷ്ട്ടമാണ്. പണ്ടൊക്കെ പാടാറുമുണ്ടായിരുന്നു. പക്ഷെ പിന്നീട് നാടൻപാട്ടുകൾ കൂടുതൽ പാടി ഇഷ്ട്ടം അതിനോടായി. ശാസ്ത്രീയമായി സംഗീതം പഠിക്കാത്തത് കൊണ്ട് തന്നെ അതിൽ തെറ്റ് സംഭവിക്കുമോ എന്നൊരു ഭയം ഉള്ളിൽ ഉള്ളത്കൊണ്ട് കൂടിയാകാം കൂടുതൽ സിനിമാപാട്ടുകൾ പാടാത്തത്.

?: മുന്നോട്ട് നോക്കുമ്പോൾ എന്താണ് ആഗ്രഹം? സിനിമ പിന്നണി ഗായിക എന്നത് ഒരു സ്വപ്നം ആണോ?

ജയരഞ്ജിത: പിന്നണി ഗായിക എന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിട്ടേയില്ല. അതൊക്കെ ഒരുപാട് വലിയ ആളുകൾക്കുള്ളതാണ് എന്ന ചിന്തയാണ് അന്നും ഇന്നും ഉള്ളത്. ഞാൻ ഒരു പാട്ട് പാടുന്ന സമയത്ത് എന്റേതായ ഒരു ശൈലി വരാറുണ്ട്. പക്ഷെ ഒരു സംഗീത സംവിധായകൻ പറയുന്നതിന് അനുസരിച്ച് പാടി കൊടുക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ അതെനിക്ക് വലിയ ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. പക്ഷെ പഠനം എന്നുണ്ട്. അത് സിനിമ ആകണം എന്നല്ല, എവിടെ ആയാലും തുടർച്ചയായി പഠനം എന്നതാണ് എന്റെ ആഗ്രഹം. എനിക്ക് പാടിയാൽ മതി.

?: ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാൻ സാധിക്കാത്തത് ഒരു വിഷമം ആയി എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ?

ജയരഞ്ജിത: ഇപ്പൊ എനിക്ക് അത് തോന്നുന്നുണ്ട്. ചില നോട്ടുകൾ ഒക്കെ എനിക്ക് പറ്റാതെ വരുന്ന സമയത്ത് സങ്കടം തോന്നാറുണ്ട്. വ്യത്യസ്ത രാഗങ്ങൾ മാറി വരുമ്പോൾ ഒക്കെ എനിക്ക് പറ്റാതെ വരാറുണ്ട്. സംഗീതം പഠിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അത്തരം കാര്യങ്ങൾ കൂടെ പറ്റിയിരുന്നേനെ എന്ന് തോന്നിയിട്ടുണ്ട്.

?: സോഷ്യൽ മീഡിയ വഴി വൈറൽ ആയ ഒരാൾ എന്ന നിലയിൽ അതുപോലെ വിമർശനങ്ങളും കെട്ടിട്ടുണ്ടാകും. അത്തരം വിമർശനങ്ങളെ എങ്ങനെ ആണ് നോക്കികാണുന്നത്?

ജയരഞ്ജിത: അങ്ങനെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടില്ല എങ്കിൽപ്പോലും എന്നെ വിഷമിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ എങ്കിലും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെപ്പറ്റിയൊന്നും ഞാൻ ചിന്തിക്കുന്നില്ല. കാരണം വിമര്ശനങ്ങള് ഉണ്ടെങ്കിൽ കൂടുതൽ നന്നാകാൻ പറ്റും എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എപ്പഴും പോസിറ്റീവ് മാത്രം വന്ന പെട്ടന്ന് ഒരു നെഗറ്റിവ് വന്നാൽ, അല്ലെങ്കിൽ ആരേലും എടുത്ത് പറയുമ്പോ അത് സ്വീകരിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ വിമർശങ്ങൾ വരണം എന്ന് തന്നെയാണ്.

എല്ലാത്തിനും രണ്ടു വശങ്ങൾ ഉണ്ട് എന്നതുപോലെ എനിക്കും ഞാൻ പാടുന്ന പാട്ടിലും അതുണ്ടാകും.അത് കേൾക്കണം,അറിയണം എന്ന് തന്നെയാണ് ആഗ്രഹം. പിന്നെ കുറ്റപ്പെടുത്തലുകൾ, അത് ഞാൻ വകവെക്കാറില്ല.അത് എല്ലാവരും ഒരേ കാഴ്ചപ്പാടുള്ള മനുഷ്യർ ആകില്ല. കുറ്റം പറയുന്ന മനുഷ്യരും ഉണ്ടാകും. അവരോടും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു എനിക്ക്.

?: സംഗീതം പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കാത്ത നന്നായി പാടുന്ന ഒരുപാട് കുട്ടികൾ ഉണ്ട്. അവരെ എങ്ങനെ മുഖ്യധാരയിലേക്ക് എത്തിക്കാം?

ജയരഞ്ജിത: എന്റെ അഭിപ്രായത്തിൽ സംഗീതം പഠിച്ചില്ല എന്ന കാരണം കൊണ്ട് ഉള്ളിൽ സംഗീതം ഉണ്ടെങ്കിൽ പാടാതെ ഇരിക്കരുത്. പാടാൻ ഉള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. പാട്ട് പഠിച്ച എല്ലാവർക്കും നന്നായി പാടാൻ പഠനം എന്നില്ല. അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.പാടാൻ പറ്റുമെങ്കിൽ ധൈര്യത്തോടെ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക. ഫോൺ ചാറ്റ് ചെയ്യാനും സിനിമ കാണാനും മാത്രം അല്ലാതെ ഇത്തരം കഴുവുകൾ ആളുകളിലേക്ക് എത്തിക്കാനും കൂടി ഉപയോഗിക്കുക. പാടാൻ ശ്രമിക്കുക.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News