2 May 2024

ഐ പി എൽ: വിക്കറ്റ് വേട്ടയിൽ ബുമ്ര; റൺവെട്ടയിൽ കോഹ്ലി മുന്നിൽ

ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ 28 ഓവറുകൾ പൂർത്തിയാക്കിയ ബുമ്രയ്ക്ക് 12.85 ശരാശരിയുണ്ട്. എറിഞ്ഞ 168 പന്തുകളിൽ 167 റൺസ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്.

ഐ.പി.എൽ ടൂർണമെന്റിലെ പർപ്പിൾ ക്യാപ്പിനുള്ള പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രിത് ബുമ്ര ഒന്നാമത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയതോടെ ബുമ്രയുടെ വിക്കറ്റ് നേട്ടം 13 ആയി.

ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ 28 ഓവറുകൾ പൂർത്തിയാക്കിയ ബുമ്രയ്ക്ക് 12.85 ശരാശരിയുണ്ട്. എറിഞ്ഞ 168 പന്തുകളിൽ 167 റൺസ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഈ കുതിപ്പിൽ വിക്കറ്റ് വേട്ടക്കാരിൽ രാജസ്ഥാൻ റോയൽസ് സ്പിന്നർ യൂസ്‌വേന്ദ്ര ചാഹൽ രണ്ടാം സ്ഥാനത്തേക്ക് വീണു.

ഏഴ് മത്സരങ്ങളിൽ 12 വിക്കറ്റാണ് ചാഹൽ വീഴ്ത്തിയത്. ശരാശരി 18.08. 26 ഓവറുകൾ താരം പൂർത്തിയാക്കി. 156 പന്തുകളിൽ 217 റൺസാണ് ചാഹൽ വിട്ടുകൊടുത്തത്. മുംബൈയുടെ തന്നെ ജെറാൾഡ് കോട്‌സ്വീ മൂന്നാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിനും 12 വിക്കറ്റുകളാണുള്ളത്.

അതേസമയം ശരാശരി പരിഗണിച്ചപ്പോൾ ചാഹൽ മുന്നിലെത്തി . പത്ത് വിക്കറ്റുകൾ വീതമുള്ള ഖലീൽ അഹമ്മദ് (ഡൽഹി കാപിറ്റൽസ്), കഗിസോ റബാദ (പഞ്ചാബ് കിംഗ്‌സ്), സാം കറൻ (പഞ്ചാബ് കിംഗ്‌സ്), മുസ്തഫിസുർ റഹ്മാൻ (ചെന്നൈ സൂപ്പർ കിംഗ്‌സ്), ഹർഷൽ പട്ടേൽ (പഞ്ചാബ് കിംഗ്‌സ്) എന്നിവർ യഥാക്രമം നാല് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിൽ. ഒമ്പത് വിക്കറ്റ് വീതമുള്ള പാറ്റ് കമ്മിൻസും അർഷ്ദീപ് സിംഗും ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്.

അതേസമയം, റൺവേട്ടക്കാരിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു താരം വിരാട് കോഹ്ലി ഒന്നാമത് തുടുരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ 20 പന്തിൽ 42 റൺസ് നേടിയതോടെ കോഹ്ലിയുടെ ആകെ സമ്പാദ്യം 361 റൺസായി. ഏഴ് മത്സരങ്ങളാണ് ആർസിബി മുൻ ക്യാപ്ടൻ കളിച്ചത്. 72.20 ശരാശരിയുണ്ട് കോഹ്ലിക്ക്. സ്‌ട്രൈക്ക് റേറ്റ് 147.34.രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാൻ പരാഗാണ്. 318 റൺസാണ് പരാഗ് നേടിയത്. കൊൽക്കത്തക്കെതിരെ 34 റൺസെടുത്താണ് പരാഗ് പുറത്തായത്. 63.60 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. സ്‌ട്രൈക്ക് റേറ്റ് 161.42.

മലയാളി താരം സഞ്ജു സാംസണെ മറികടന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ മൂന്നാമതെത്തിയത് പ്രധാന സവിശേഷത. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 25 പന്തിൽ 36 റൺസാണ് രോഹിത് നേടിയത്. ഇതോടെയാണ് രോഹിത് സഞ്ജുവിനെ മറികടന്നത്. ഏഴ് മത്സരങ്ങളിൽ 297 റൺസാണ് മുംബൈ ഓപ്പണർക്കുള്ളത്. 49.50 ശരാശരിയും 164.09 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News