കോടമഞ്ഞ് പുതച്ച് കിടക്കുന്ന പുല്‍മേടുകളില്‍ കൂടി ഒരു യാത്ര പോയാലോ.പ്രകൃതിയെ അസ്വദിക്കാനും അനുഭവിക്കാനും പറ്റിയ ഇടം. അതാണ് കേരളത്തിന്റെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന റാണിപുരം. പച്ചപ്പരവതാനി വിരിച്ച് കിടക്കുന്ന മലകളുടെ പറുദീസയാണ് ഇവിടം. മഞ്ഞ് പുതുച്ചുകിടക്കിന്ന പുല്‍മേടുകളും കുന്നിന്‍ ചെരുവുകളും മലനിരകളുമൊക്കെ മസ്സില്‍ കാണുമ്പോളെ എന്താ വൈബല്ലേ..
സമുദ്രനിരപ്പില്‍ നന്നും 1048 മീറ്റര്‍ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസര്‍ഗോഡ് കര്‍ണാടക ബോഡറുകളിലായി ഇവിടം പരന്നു കിടക്കുന്നു.കാഞ്ഞങ്ങാട് നിന്ന്‌ന് 45 കിലോമീറ്ററും കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ നിന്നും 45 കിലോമീറ്ററും കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും 38 കിലോമീറ്ററെ റാണിപുരത്തേക്കൊളളു. ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണിത്. മാടത്തുമല എന്ന പേരിലാണ് ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത്.
ഇവിടെയുള്ള വിസ്തൃതമായ വനങ്ങള്‍ കര്‍ണാടകയിലെ കൂര്‍ഗ് മലനിരകളുമായി ലയിച്ചുകിടക്കുന്നു. ഊട്ടിയോട് ഏറെ സാദൃശ്യമുളള ഭൂപ്രകൃതിയാണിവിടം. അതുകൊണ്ടുതന്നെ നട്ടുച്ചക്കും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണുളളത്.വീശി അടിക്കുന്ന കുളിര്‍ക്കാറ്റ് യാത്രക്ക്് ഉന്മേഷം പകരും.വ്യത്യസ്തമായ കാഴ്ചകളാണ് തുടക്കം മുതല്‍ കാത്തിരിക്കുന്നത്.
കാടും പുല്‍മേടും കുന്നും കയറ്റവും പാറക്കെട്ടുകളും നിറഞ്ഞ, എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കംപ്ലീറ്റ് ട്രക്കിങ് പാക്കേജാണ് റാണിപുരത്തിന്റെ പ്രത്യേകത.യാത്രയില്‍ ആദ്യം കടന്നു പോകുന്നത് മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടിനുള്ളിലെ വഴിയിലൂടെയാണ്. കാട്ടരുവികളും അവിടെയുണ്ട്. മലകയറുവാനായി രണ്ട് പാതകള്‍ വനങ്ങള്‍ക്കിടയിലൂടെ ഉണ്ട്. വളര്‍ന്നു നില്‍ക്കുന്ന പുല്ലിന്റെ നടുവിലൂടെയാണ് യാത്ര.
ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം എത്ര കണ്ടാലും മതിവരില്ല. ഇവിടേക്ക് ട്രക്കിംഗ് സൗകര്യവുമുണ്ട്. 2.5 കിലോമീറ്ററാണ് മുകളിലേക്ക് വണ്‍ സൈഡ് ട്രെക്കിംഗ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള പുല്‍മേടുകളില്‍ നിറയെ ചെറുനാരങ്ങകള്‍ ഉള്ളതിനാല്‍ ഇവിടുത്തെ കാറ്റിന് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു. കാട്ടാനകള്‍ മേയാന്‍ ഇറങ്ങുന്നയിടംകൂടി ആണ്. വിവിധ ഇനം പക്ഷികളെ അവിടെ കാണാന്‍ കഴിയും. പുമ്പാറ്റകളും ഒക്കെ കുന്നിന്‍ ചെരുവിലൂടെ പാറിപ്പറന്നു നടക്കുന്നു. കാടുകയറി മുന്നോട്ട് പോകുന്നത് പുല്‍മേട്ടിലേക്കാണ്.
ചെറിയൊരു കുന്നുകയറിയാല്‍ പിന്നെ ചെറിയൊരു ഇറക്കം. അവിടുന്ന് വീണ്ടും മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇടത്തുകൂടെ , കോടമഞ്ഞില്‍ പൊതിഞ്ഞ യാത്ര. ഇടയ്ക്ക് ചെറിയ കയറ്റങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാം. അവിടുന്ന് വീണ്ടും പുല്‍മേടുകളിലേക്കെത്തും. തുടര്‍ന്ന് ഇവിടുത്തെ പാറക്കെട്ടുകള്‍ക്കു മുകളിലുള്ള വ്യൂ പോയിന്റിലേക്ക് നടന്നു കയറാം. കുന്നിന്റെ വ്യൂപോയിന്റില്‍ എത്തിയാല്‍ മാത്രമേ ആ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയു.
സഹ്യപര്‍വ്വത നിരകള്‍ പോലെ പരന്നുകിടക്കുന്ന മലനിരകളും കൂര്‍ഗിന്‍ കുന്നിൻ ചെരുവുകളുമൊക്കെ മുകളിലെത്തിയാല്‍ കാണുന്ന കാഴിചകളാണ്. പനത്തടിയില്‍ നിന്നും മുകളിലേക്ക് കയറുമ്പോള്‍ കോടമഞ്ഞും മഴയും എപ്പോള്‍ വേണെമെങ്കിലും പ്രതീക്ഷിക്കാം. റാണിപുരം കുന്നുകള്‍ക്കു താഴെയെത്താറാകുമ്പോളേക്കും പ്രത്യേകതരത്തില്‍, തണുപ്പു നിറഞ്ഞ കാറ്റും മഞ്ഞും വീശിയടിക്കുന്നുണ്ടാകും.ചുറ്റിലും നിറഞ്ഞു നില്‍ക്കുന്ന കോടമഞ്ഞില്‍ കാഴ്ചകളാസ്വദിച്ച് വന്നവഴിയേ മടങ്ങാം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടുത്തെ സീസണ്‍.
ഒരു ദിവസം താമസിച്ച് മുഴുവന്‍ കാഴ്ചകളും ആസ്വദിച്ച് പോകണമെന്നാണെങ്കില്‍ കെടിഡിസിയുടെ റിസോര്‍ട്ടും മറ്റു സ്വകാര്യ റിസോര്‍ട്ടുകളും ലഭ്യമാണ്. ഹോംസ്‌റ്റേകളും ഇവിടെ ഉണ്ട്. റാണിപുരം കണ്ട്, കര്‍ണ്ണാടകയിലേക്ക് കയറി കുടകും തലക്കാവേരിയും മടിക്കേരിയും ഒക്കെ കാണാം, കുശാല്‍നഗര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടുന്ന് എളുപ്പത്തിലെത്താം.രാവിലെ 8 മുതല്‍ വൈകുന്നേരം 3.00 മണി വരെയാണ് റാണിപുരം ട്രക്കിങ്ങിനുള്ള പ്രവേശന സമയം. അതിനുള്ളില്‍ ടിക്കറ്റ് എടുത്ത് മുകളിലേക്ക് കയറിയിരിക്കണം.
അഞ്ച് മണിയോടെ മലമുകളില്‍ നിന്നൂം താഴേക്കിറങ്ങുവാന്‍ നിര്‍ദ്ദേശം ലഭിക്കും. അപ്പോള്‍ എവിടെ എത്തിയാലും താഴേക്ക് മടങ്ങണം. ഏകദേശം രണ്ടോ മൂന്നോ മണിക്കൂര്‍ വേണം റാണിപുരം കയറി താഴേക്കിറങ്ങുവാന്‍. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൈയ്യില്‍ കരുതണം. റാണിപുരത്തെത്താന്‍, കാഞ്ഞങ്ങാട് നിന്ന് ഒരു ബസില്‍ കയറി പനത്തടിയില്‍ ഇറങ്ങാം, അവിടെ ജീപ്പുകള്‍ വാടകയ്ക്കെടുക്കാം അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാം.മുതിര്‍ന്നവര്‍ക്ക് പ്രവേശന ഫീസ് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ്.























