‘പണി’ സിനിമയെ വിമർശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. എല്ലാവർക്കും അഭിപ്രായം പറയുന്നതിന് സ്വാതന്ത്ര്യമുണ്ട്. പെട്ടെന്നുണ്ടായ കോലാഹലത്തിൽ ആ കോൾ ചെയ്തതാണെന്നും അത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നും ജോജു പറഞ്ഞു. പണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൗദിയിലെ റിയാദില്‍ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോജു.
ഞാന്‍ നാട്ടില്‍ ഏയറില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്. ഞാന്‍ ഭീഷണിപ്പെടുത്തി എന്ന കഥകളാകും നിങ്ങള്‍ കേട്ടിട്ടുണ്ടാകുക. സിനിമയുടെ റിവ്യൂ പറഞ്ഞതിന് അല്ല, സിനിമ കണ്ടിട്ട് അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടുവെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതും പറയണം. പക്ഷെ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തപ്പോഴുണ്ടായ കോലാഹലത്തിലും ഞാന്‍ ഒരു കോള്‍ ചെയ്ത് പോയി. അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതിന്‍റെ പേരില്‍ രണ്ട് ദിവസമായി ചര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ്, അത് ചര്‍ച്ചയില്ല. എന്റെ കുട്ടികൾക്ക് പോലും യൂട്യൂബ് തുറന്ന് നോക്കാൻ പറ്റാത്ത അവസ്ഥയാണ്,’ ജോജു ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പണി സിനിമയെ കുറിച്ച് ആദർശ് എച്ച് എസ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ റിവ്യൂ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തത്. ‘റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്ടിഫൈ ചെയ്യും വിധവുമാണ്,’ എന്നാണ് ആദർശ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
അതിനുശേഷം സിനിമയുടെകഥാഗതിയെ പ്രതിപാദിക്കുന്ന വിവരങ്ങളും സൂചിപ്പിച്ചിരുന്നു. പിന്നാലെ യുവാവിനെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായി. കോടികളുടെ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നുമാണ് ജോജു യുവാവിനോട് ചോദിച്ചത്. ആദർശ് തന്നെയാണ് ഇതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും.