14 May 2024

പഴയ ജനപ്രിയത സിനിമകളിലൂടെയും പിആര്‍ പണികളിലൂടെയും വീണ്ടെടുക്കുക അത്ര നിസ്സാരമല്ല

കേസിന് മുൻപുണ്ടായിരുന്ന ആരാധക പിന്തുണയും ജനപ്രിയ നായകനെന്നുമുളള ഇമേജും തിരികെപിടിക്കാൻ തന്റെ സിനിമകളിലെ നായക കഥാപാത്രങ്ങളിലൂടെ തന്നെ അന്നുമുതൽ ദിലീപ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ദിലീപിന്റേതായി പവി കെയർടേക്കർ അടക്കം 11 സിനിമകളാണ് പുറത്തിറങ്ങിയത്. ഇതിൽ ദിലീപ് ജയിലിൽ കഴിയവെ റിലീസ് ചെയ്ത രാമലീല ഒഴിച്ചുളള ചിത്രങ്ങളൊന്നും ഹിറ്റിലേക്ക് കടന്നതുമില്ല. അതാകട്ടെ സച്ചിയുടെ തിരക്കഥയിലൊരുങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ കൂടിയായിരുന്നു.

കേസിന് മുൻപുണ്ടായിരുന്ന ആരാധക പിന്തുണയും ജനപ്രിയ നായകനെന്നുമുളള ഇമേജും തിരികെപിടിക്കാൻ തന്റെ സിനിമകളിലെ നായക കഥാപാത്രങ്ങളിലൂടെ തന്നെ അന്നുമുതൽ ദിലീപ് ശ്രമങ്ങൾ നടത്തുന്നുണ്ട്. കുട്ടികളെയും ഫാമിലിയെയും ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രങ്ങൾ, വൈകല്യമുളള നായക കഥാപാത്രങ്ങൾ, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായനായ നായകൻ എന്നിങ്ങനെ ഓരോ സിനിമയിൽ നിന്നും ആ കേസിനോട് അനുബന്ധമായി ദിലീപിനെ വെളിപ്പിച്ചെടുക്കുവാൻ കഴിയുന്ന ഒന്നോ അതിലധികമോ സീനുകളും കൂടാതെ സിനിമയൊന്നാകെയും കണ്ടെത്താൻ കഴിയും.

അതിന് ഉദാഹരണമായി ചിലത് പറയാം, ബി. ഉണ്ണിക്കൃഷ്ണൻ ദിലീപിനായി ഒരുക്കിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമ പറഞ്ഞുവെക്കുന്നത് ഡിജിപിക്കെതിരെ ഉയർന്ന വളരെ സെൻസേഷണലായ ഒരു ബലാത്സംഗ പരാതിയും അതിൽ വക്കീലായ ദിലീപിന്റെ നായക കഥാപാത്രം പെടുന്നതുമാണ്.

നായകനായ ദിലീപിന്റെ ബാലൻ വക്കീൽ – അങ്ങനെയൊരു ബലാത്സംഗം ഉണ്ടായിട്ടില്ല, അത് ഒരാളുടെ വിശ്വാസ്യത തകർത്ത് മറ്റൊരു വലിയ ക്രൈമിനെ മറയ്ക്കാനുളള ശ്രമമാണ് അരങ്ങേറിയതെന്ന് വ്യക്തമാക്കി- അതിന്റെ ചുരുളഴിക്കുന്നതാണ് ഇതിവൃത്തം. അതിൽ ബി. ഉണ്ണിക്കൃഷ്ണൻ എഴുതിച്ചേർത്തിരിക്കുന്നൊരു ഡയലോഗുണ്ട്- ദിലീപിനെക്കൊണ്ട് പറയിപ്പിക്കുന്നത് – ‘ഒരാൾക്ക് ഒരു വ്യക്തി എന്ന നിലയ്ക്കുളള വിശാസ്യത, ബോണഫൈസ് തകർക്കുക എന്ന ഇന്നേവരെ ആരും ചിന്തിക്കാത്ത തരത്തിലുളള ക്രൈം ഡിസൈൻ ചെയ്‌തെടുത്ത മാസ്റ്റർ ബ്രെയിൻ’.- എന്നാണത്.

വിചാരണ നടക്കുന്ന കേസുമായി, അതിന്റെ പരിസരങ്ങളും ദിലീപെന്ന നടനുമായി ഇതൊക്കെ യാദൃശ്ചികമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് ഈ സിനിമകളൊന്നും കണ്ടാൽ തോന്നുകയില്ല എന്നതാണ് യാഥാർത്ഥ്യം. കോടതി സമക്ഷം ബാലൻ വക്കീലിൽ ഇതുപോലെ റിലേറ്റ് ചെയ്യാവുന്ന ധാരാളം സീനുകളുണ്ട്. മറ്റൊന്ന് വ്യാസൻ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി എന്ന ചിത്രത്തിലൊരു സീനുണ്ട്. രാഷ്ട്രീയ പ്രവർത്തകയായ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ പീഡനപരാതിയുമായി എത്തുമ്പോൾ, പാർട്ടിയിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്ത സ്ത്രീകളാണ് ഇങ്ങനെ പരാതി ഉന്നയിക്കുന്നതെന്നാണ് ആ സിനിമയിൽ പറഞ്ഞുവെക്കുന്നത്.

ഈ സിനിമകൾ മാത്രമല്ല മുഖ്യധാര മാധ്യമങ്ങൾ, റിയാലിറ്റി ഷോ, അവാർഡ് നൈറ്റുകൾ, ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, യു ട്യൂബ് ചാനലുകൾ, പത്രങ്ങൾ, വാരികകൾ എന്നിവയിലൂടെയൊക്കെ വിശേഷവേളകളിലും അല്ലാതെയും മലയാളി കുടുംബങ്ങളിലേക്ക് തിരികെ എത്താനായി ദിലീപ് പരമാവധി ശ്രമിക്കുന്നുണ്ട്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായി മനോരമയ്ക്ക് നൽകിയ അഭിമുഖവും പിന്നീട് 2022ൽ വനിതയുടെ കവറായി ദിലീപും കുടുംബവും വന്നത് അന്നേറെ ചർച്ചയും വിവാദവുമായി മാറിയെങ്കിൽ ഇന്നത് വളരെ നോർമലായി സ്വീകരിക്കുന്ന രീതിയിലേക്ക് മലയാളി സമൂഹവും മാറിയിട്ടുണ്ട്. നമ്മുടെ ഫീഡുകളിൽ നിറയുന്ന വ്യത്യസ്ത യു ട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളും അതിലെ കമന്റുകളും നോക്കിയാല്‍ മതി. ദിലീപിനായി സിനിമയുടെ പ്രമോഷനെന്ന നിലയ്ക്കാണെങ്കിലും ബിഗ്‌ബോസിന്റെ വാതിലുകൾ തുറന്നിടുന്നതും അതാണ് മനസ്സിലാക്കി തരുന്നതും.

ഇതുവരെ ഇറങ്ങിയതിൽ ജാക്ക് ആൻഡ് ഡാനിയേലും കമ്മാരസംഭവവും ഒഴിച്ചാൽ മലയാളത്തിൽ നിന്നുളള മൾട്ടിസ്റ്റാർ ചിത്രങ്ങൾ ചെയ്യാൻ ഇതുവരെ ദിലീപിന് സാധിച്ചിട്ടില്ല. മാറിയ പ്രേക്ഷകർക്കും മലയാള സിനിമയ്ക്കും അനുസരിച്ച് ദിലീപിന്‍റെ സിനിമകള്‍ക്കും ആ നടനും എത്തിപ്പെടാന്‍ സാധിക്കുന്നില്ല എന്നൊരു യാഥാര്‍ത്ഥ്യവും ഇതിനൊപ്പമുണ്ട്. നിലവില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളുമായി ഒരുമിച്ചോ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലൂടെയോ പുതിയ ട്രെന്‍ഡ് പിടിച്ച് ഇതിനെ മറികടക്കാനുളള ശ്രമവും ദിലീപ് നടത്തും.

എങ്കില്‍ തന്നെയും കുറ്റാരോപിതനായ ദിലീപിനൊപ്പം സഹകരിച്ചാല്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയക്കാലത്ത് വളരെ ശക്തമായതിനാല്‍ ആരൊക്കെ അതിന് തയ്യാറാകും എന്നതാണ് അറിയേണ്ടത്. കേസ് ഓരോ കയറ്റിറക്കങ്ങളില്‍ പെട്ട് അതിജീവിത ഇപ്പോഴും നീതി തേടുന്പോള്‍, പണവും പവറും ഭരിക്കുന്നൊരു ഇന്‍ഡസ്ട്രിയില്‍, അതിനോട് അനുബന്ധിച്ചുളള രാഷ്ട്രീയ, ബിസിനസ് വേദികളില്‍ ഇത്തരമൊരു ക്രൈമിന് ശേഷവും നിറചിരിയോടെ ദിലീപ് സ്വീകാര്യനാകുന്നതില്‍ ആ വ്യവസ്ഥയ്ക്കാണ് കുഴപ്പമുളളത്.

സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്‍ വിജയിയെ കാണാനായി തടിച്ചുകൂടിയ വലിയ ആരാധക കൂട്ടത്തിനും അവരുടെ ആര്‍പ്പ് വിളികള്‍ക്കും നടുവിലൂടെ ദിലീപ് നടന്നുവരുന്നൊരു വീഡിയോയുണ്ട്. ആ ആള്‍ക്കൂട്ടം ദിലീപിനെ ശ്രദ്ധിക്കുകയോ ഒരു താരത്തെ കാണുന്നേരമുളള സ്നേഹ പ്രകടനങ്ങളോ അവിടെ നടത്തുന്നില്ല. കാറിനടുത്ത് നടന്നെത്തിയിട്ടും ദിലീപിന് അരികിലേക്ക് ആരും ഓടിയെത്തുക പോലും ചെയ്യുന്നില്ല.

ഒടുവില്‍ ആള്‍ക്കൂട്ടത്തെ നോക്കി വെറുതെ കൈ വീശി കാണിച്ച് കാറില്‍ കയറി പോകുകയാണ് ദിലീപ്. മറ്റൊരു താരത്തിന്‍റെ ആരാധകരാണ് അതെന്ന് വെച്ചാലും സിനിമാപ്രവര്‍ത്തകരെക്കാള്‍ ദിലീപിനോട് സാധാരണ ജനങ്ങളും ആരാധകരും ഒരു അകലമിടാന്‍ തുടങ്ങി എന്നൊരു വസ്തുത കൂടി അതില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. ആ പഴയ ജനപ്രിയത സിനിമകളിലൂടെയും പിആര്‍ പണികളിലൂടെയും ഇനി വീണ്ടെടുക്കുക അത്ര നിസ്സാരമല്ല.

( കടപ്പാട് – സികേഷ്‌ ഗോപിനാഥ്‌ സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റ് )

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News