20 May 2024

സിനിമയിലെ മാന്ത്രിക സ്പർശം – സംഗീത് ശിവൻ

1990 ൽ രഘുവരനെയും സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 'വ്യൂഹം' എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ആദ്യ ചുവട് വെച്ചു.

ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിൽ വെച്ച് ആയിരുന്നു മരണം സംഭവിച്ചത്. 61 വയസ്സായിരുന്നു. മെയ് മാസത്തിൽ മലയാള സിനിമയ്ക്ക് മറ്റൊരു തീരാ നഷ്ട്ടം ആയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ സംഗീത് ശിവന്റെ വിയോഗം. മലയാളം, ഹിന്ദി ഭാഷകളിലായി എണ്ണം പറഞ്ഞ മികച്ച സിനിമകൾ ആണ് അദ്ദേഹം ഒരുക്കിയത്. സംവിധായകൻ ആയും ഛായാഗ്രാഹകൻ ആയും നിർമ്മാതാവ് ആയും ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സംഗീത് ശിവൻ എന്ന മനുഷ്യന് സാധിച്ചിരുന്നു.

1959 ൽ ആണ് സംഗീത് ശിവൻ ജനിക്കുന്നത്. ഛായാഗ്രാഹകനും സംവിധായകനും ആയ അച്ഛനിൽ നിന്ന് തന്നെ സിനിമയുടെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ സംഗീത് ശിവൻ മികച്ച സിനിമ ആസ്വാധകൻ ആയിരുന്നു. അച്ഛനൊപ്പം പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്ത് സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം 1990 ൽ രഘുവരനെയും സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ‘വ്യൂഹം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ആദ്യ ചുവട് വെച്ചു. പ്രശസ്ത ഛായാഗ്രാഹകൻ ആയ സഹോദരൻ സന്തോഷ്‌ ശിവന്റെ നിരന്തര പ്രേരണയിൽ നിന്നുമാണ് അതുവരെ ഒരു സംവിധാന സഹായി ആയിപോലും പ്രവർത്തിക്കാതെ ആദ്യ സ്വതന്ത്ര്യസിനിമ അദ്ദേഹം ഒരുക്കുന്നത്.

അതുവരെ മലയാള സിനിമയിൽ കൊണ്ടുവന്ന ശൈലികൾ മാറ്റി തന്റെതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുവാൻ അദ്ദേഹം ആദ്യ സിനിമയിൽ തന്നെ ശ്രമിച്ചു. പിന്നീട് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകൻ ആക്കി ഒരുക്കിയ ‘യോദ്ധ’ എന്ന സിനിമയിലൂടെ സംഗീത് ശിവൻ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റി. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി യോദ്ധ ഇന്നും അടയാളപ്പെടുത്തുന്നു.

തുടർന്ന് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം ഉൾപ്പെടെ മലയാളത്തിലെ മികച്ച സിനിമകൾ. സണ്ണി ഡിയോളിനെ നായകൻ ആക്കി സോർ എന്ന സിനിമയിലൂടെ ഹിന്ദി അരങ്ങേറ്റം. രണ്ട് ഭാഷകളിലുമായി ഇരുപതോളം സിനിമകൾ. ഇന്ത്യൻ സംഗീതത്തിലെ ചക്രവർത്തി എ ആർ റഹ്മാനെ മലയാള സിനിമയിലേക്ക് എത്തിച്ചും ആഘോഷ് ഉൾപ്പെടെ ഉള്ള സംഗീത സംവിധായകർക്ക് കരിയർ ബ്രേക്ക്‌ നൽകിയും ഒരു മികച്ച മനുഷ്യ സ്നേഹിയും സിനിമ പ്രേമിയും ആയ സംഗീത് ശിവൻ ആളുകൾക്ക് പ്രിയങ്കരനായി.

ഇന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോൾ ഇന്ത്യൻ സിനിമയിൽ തന്റെതായ ശൈലി കൊണ്ട് മികച്ച സിനിമകൾ നൽകിയ ഒരു ഇതിഹാസം ആണ് ഇല്ലാതെയാകുന്നത്. മികച്ച സിനിമകൾക്ക് മാന്ത്രിക സ്പർശം നൽകിയ സംവിധായകന് ആദരാഞ്ജലികൾ.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News