24 October 2024

പാതിരാലീല: പാർശ്വവത്ക്കരിക്കപ്പെടുന്ന ജനതയുടെ പ്രതിരോധത്തിൻ്റെയും സ്വാതന്ത്യപ്രഖ്യാപനത്തിൻ്റെയും ഇടങ്ങൾ കൂടിയായ കഥകൾ

ഈ കഥകളുടെ പരിസരവും ഭാഷയും പൂർണ്ണമായും വടക്കൻ കേരളവും തുളുനാടുമാണെങ്കിൽപ്പോലും, അടിച്ചമർത്തപ്പെട്ടവരായ ഏതു നാട്ടിലെയും ജനതയുടെ ദൈന്യതയും ചെറുത്തുനില്പു ശ്രമങ്ങളും നമുക്കീക്കഥകളിൽ ദൃശ്യമാകും.

| രാജു മോഹൻ

തങ്ങളുടേതല്ലാത്ത കുറ്റത്താൽ ജീവിതത്തിൻ്റെ പുറമ്പോക്കിടവഴികളിൽ തടവിലാക്കപ്പെട്ടവരുടെ ജീവിതത്തിൻ്റെയും സമരത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകളാണ് കെ.എൻ. പ്രശാന്ത് “പാതിരാലീല” യിലൂടെ പറയുന്നത്. ഈ സമാഹാരത്തിലെ ഏഴു കഥകളുടെയും അന്തർദ്ധാര ജീവിക്കാൻ വേണ്ടിയുള്ള പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ അക്ഷീണസമരം തന്നെ.

മനുഷ്യനുണ്ടാകുന്ന പ്രഹരങ്ങൾ ഭൂമിക്കോ മറ്റു ജീവിവർഗ്ഗങ്ങൾക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നില്ലെന്നും, മറിച്ച് ഭൂമിക്കുണ്ടാകുന്ന ഏതൊരാഘാതവും മനുഷ്യനുൾപ്പെടെയുള്ള മുഴുവൻ ആവാസവ്യവസ്ഥയ്ക്കും അതീവ ഗൗരവതരമായ ഭീഷണിയുയർത്തുമെന്നുമുള്ള വലിയ ചിന്തയുടെ ഉടമയാണ് “പൂതപ്പാനി”യിലെ രാഘവൻ മാഷ്. അദ്ദേഹം കവിയും പരിസ്ഥിതിസ്നേഹിയുമാണ്. വർഷങ്ങൾക്കു മുമ്പ് , വീടു പണിയുന്ന കാലത്ത് അദ്ദേഹം വളപ്പിൽ നട്ട തൈകൾ വളർന്നുവലുതായി പറമ്പു നിറഞ്ഞതും അതിൽ പൂതപ്പാനി എന്ന കടന്നലുകൾ കൂടുകെട്ടിയതുമാണ് കഥയിലെ കാതലായ പ്രശ്നം.

ആ പൂതപ്പാനി വളർന്ന് ഒരു സാമൂഹിക പ്രശ്നമായി മാറുന്നത് മാഷിനൊപ്പം വായനക്കാരും നടുക്കത്തോടെ അറിയുകയാണ്. മകളുടെ വിവാഹം പ്രമാണിച്ച് മാഷിന് ആ പൂതപ്പാനി നശിപ്പിച്ചേ പറ്റൂ. അത് കത്തിച്ച് നശിപ്പിക്കാനായി ഈ പണിയിൽ മുൻ പരിചയമുള്ള അമ്പുവേട്ടൻ്റെ സഹായം തേടുകയാണ് മാഷ്. ഈ പണിക്കായി അമ്പുവേട്ടൻ കൂലി കൈപ്പറ്റുന്നില്ല. “കടന്നല്കളും ജീവിക്കാനല്ലേ കൂട്ണ്ടാക്ക്ന്ന് ? മന്ഷ്ന്മാർക്ക് അസൂയയും ദുഷ്ടും കുശുമ്പും അഹങ്കാരവുമൊക്കെ ഉള്ള പോലെ ഈ പാവങ്ങൾക്ക് കൊർച്ച് വെഷം, അത്രേ ഇല്ലൂ….. ” എന്നും “ഒറ്റ രാത്രി കൊണ്ട് നമ്മ അയ്റ്റങ്ങള ചുടും. ആയിരത്തോളം അംഗങ്ങള് ഉള്ള ഒരു നാടാന്ന് ഒറ്റ രാത്രീല് നമ്മള് ചുടുന്നത് ….” എന്നതുകൊണ്ടാണ് അമ്പുവേട്ടൻ ഇപ്പണിക്ക് കൂലി വാങ്ങാത്തത്.

പലവിധ അന്വേഷണങ്ങൾക്കുശേഷം പൂതപ്പാനി കത്തിക്കാൻ അമ്പുവേട്ടന് സഹായികളായി കിട്ടിയത് രണ്ടു ഹിന്ദിക്കാരെയാണ്. മാഷിൻ്റെ അയൽവാസിയായ വിജയൻ പോലീസാണ് ഇവരെ ആ ജോലിക്ക് നിയോഗിച്ചത്. പിള്ളേരെപ്പിടുത്തക്കാരെന്ന സംശയത്തിൽ ഒരു സംഘം ചെറുപ്പക്കാർ മർദ്ദിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ കൈമാറപ്പെട്ടവരാണ് ഇരുവരും. അതിലൊരുവൻ, ജാബിർ ഷെയ്ഖ്, ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്കും ഒരു ദേശത്തു നിന്നും മറ്റൊരിടത്തേയ്ക്കും ആട്ടിയോടിക്കപ്പെട്ട, സ്വന്തമായി പേരല്ലാതെ ഒരു വിലാസം പോലുമില്ലാത്ത പലായനത്തിൻ്റെ സന്തതിയാണ്.

അവൻ നുഴഞ്ഞുകയറ്റക്കാരനും രാജ്യദ്രോഹിയുമാണെന്ന വിജയൻ പൊലീസിൻ്റെ പ്രസ്താവം അവനെ അസ്തപ്രജ്ഞനാക്കി. കടന്നൽക്കൂട്ടിലേയ്ക്ക് തീപിടിച്ചതും, ആഞ്ഞടിച്ച കാറ്റിൻ്റെയും പെരുമഴയുടെയും സഹായത്താൽ പാതി കത്തിത്തുടങ്ങിയ ഒരു ഗ്രാമം ഹുങ്കാരത്തോടെ, വല്ലാത്ത ഇരമ്പലോടെ പുറത്തേയ്ക്കിള്ളിവന്ന് അലറിയോടുന്നതും പ്രതിരോധിക്കുന്നതും അവനറിഞ്ഞു. ഈ രംഗം കഥാകൃത്ത് വരച്ചിടുന്നത് വിസ്മയത്തോടെ മാത്രമേ വീക്ഷിക്കാനാകൂ.

സമകാലികജീവിതത്തിൻ്റെ അന്തർദ്ധാരകളെ സ്വകീയശൈലിയിൽ യഥാതഥമായോ ഭാവനയുടെ വർണ്ണച്ചിറകുകളിലേറിയോ ആവിഷ്ക്കരിക്കുന്നതിനുള്ള മികവും കഴിവുമാണ് ഒരു എഴുത്തുകാരൻ്റെ പ്രതിഭയുടെ ഉരകല്ലെന്ന് പല സൗന്ദര്യശാസ്ത്ര വിദഗ്ദ്ധരും പ്രസ്താവിച്ചിട്ടുള്ളത് ഓർമ്മവരുന്നു. ഇവിടെ, “പൂതപ്പാനി”യിൽ ആ കഴിവും തികവും കഥപറയുന്നതിലെ മികവും, ഈ എഴുത്തുകാരൻ്റെ പ്രതിഭയ്ക്ക് നിദർശനമാകുന്നു.

“പാതിരാലീല” എന്ന കഥ, വിഭിന്ന ലൈംഗികസ്വഭാവമുള്ള ഒരാണിൻ്റെയും അയാളുടെ ഭാര്യയായ സരിഗയുടെയും ജീവിക്കാനുള്ള തത്രപ്പാടിൻ്റെ കഥയാണ്. ചെറുപ്പംമുതലേ പെൺകുട്ടികളുമായി കൂട്ടുകൂടി നടന്നിരുന്ന, കണ്ടംവിറ്റ കോരൻ്റെ സ്ത്രൈണ സ്വഭാവമുള്ള മകൻ ലീലാധരനെ ലീലയെന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഒരു മാറ്റക്കല്യാണത്തിൻ്റെ ഇരയായി വൈവാഹികജീവിതത്തിലെത്തിയതിലൂടെ അയാൾക്കു ലഭിച്ച ഭാര്യയാണ് സരിഗ. നൃത്തപരിപാടികളിൽ പങ്കെടുത്ത് ലീലയും ഒരു തുണിക്കടയിൽ ജോലിയെടുത്ത് സരിഗയും കുടുംബം മുന്നോട്ടുകൊണ്ടു പോകുന്നു.

ഇവരെ, കപടസദാചാരത്തിൻ്റെയും രോഗാതുര ലൈംഗികതയുടെയും കാവലാളുകളായ ഒരു പുരുഷസംഘം അപഹസിക്കുന്നതിൻ്റെയും വേട്ടയാടുന്നതിൻ്റെയും കഥയാണിത്. അതിനു കാരണം ഒന്നേയുള്ളൂ – “പൊറത്തു കൊടുക്കുന്നത് ഞങ്ങക്കൊക്കെ തന്നൂട്രാ …” എന്ന ആക്രോശം മാത്രം. ഭിന്ന ലൈംഗികതയെ അംഗീകരിക്കാനും ഉൾക്കൊള്ളാനും പോയിട്ട്, ഒന്നറിയാൻ പോലും ശ്രമിക്കാത്ത ഒരു ആണധികാര പ്രമത്തതയുടെ ഏറ്റവും മികവാർന്ന ചിത്രീകരണമാണിക്കഥ. കൈയിൽ കെട്ടിയ ചരടുകൾ തെറുത്തു വെച്ചു കൊണ്ട് ആൺ സംഘത്തിലെ ഏറ്റവും ഇളയവനായ കുട്ടാപ്പു എന്ന ആദിദേവിൻ്റെ “നമ്മക്കൊരു സംസ്ക്കാര മില്ലേ…” എന്ന ആശങ്ക ഈ കഥയുടെ പ്രകടമായ രാഷ്ട്രീയ വീക്ഷണത്തിന് അടിവരയിടുന്നു.

നന്മയും തിന്മയും തമ്മിലുള്ള വിഭജനരേഖ കടന്നു പോകുന്നത് മാനവഹൃദയങ്ങളിലൂടെയാണ് എന്ന് പ്രസ്താവിച്ചത് അലക്സാണ്ടർ സോൾഷെനിത്സൺ ആണ് എന്നാണോർമ്മ. ഇവിടെ വിഭജന രേഖയില്ലാതെ തിന്മമാത്രം കുടിയിരിക്കുന്ന കപടസദാചാര വാദികളിൽ നിന്ന് ഭിന്നമായി നന്മ നിറഞ്ഞ ഒരു പറ്റം മനുഷ്യർ നിലനില്പിനു വേണ്ടി പ്രതിരോധിക്കുന്ന കാഴ്ചയിലാണ് കഥയവസാനിക്കുന്നത്. തൻ്റെ കാമുകനായ ഷാജിയുടെ ശരീരത്തിലെ ഓരോ മുറിപ്പാടിലും ചുംബിച്ചു കൊണ്ട് ലീല പ്രതിരോധത്തിനു തുടക്കമിടുകയാണ്. ഒടുങ്ങാത്ത മഞ്ജീരധ്വനികളും കിതപ്പുകളും അട്ടഹാസങ്ങളും അക്രമിസംഘത്തെ തുരത്തിയോടിക്കുന്ന കാഴ്ച ഒരനുഭവമായി മാറുകയാണ്.

“കുരിപ്പുമാട് “, അസാധാരണമായ ആഖ്യാനഭദ്രതയാൽ ആദ്യന്തം പിരിമുറുക്കം നിലനിർത്തുന്ന ഒരു കഥയാണ്. പഴയകാലത്ത്, വസൂരി വന്ന് ചോരയും ചലവും പൊട്ടിയെങ്കിലും ചാവാത്തവരായ അടിയാന്മാരെ കൊണ്ടുവന്നു തള്ളിയ സ്ഥലമാണ് കുരിപ്പുമാട്. അക്കാലത്ത് അവിടെ കിടന്ന് ചത്തതും ചാവാത്തതുമായ എല്ലാ മനുഷ്യരും പ്രേതരൂപികളായി വിഹരിക്കുന്ന സ്ഥലമാണത്. മഗേശൻ എന്നയാൾ തുഴയുന്ന വഞ്ചിയിൽ കായലിലൂടെ അതിനടുത്തുകൂടി പോകുന്ന എഴുത്തുകാരനും സ്നേഹിതൻ അഭിലാഷിനുമുണ്ടാകുന്ന അനുഭവത്തിൻ്റെ നേർക്കാഴ്ചയാണ് ” കുരിപ്പുമാടി “ൻ്റെ ജീവൻ.

മഹേഷിൻ്റെ “ഹ” ഉച്ചരിക്കാനറിയാത്തതുമൂലം മഗേശനെന്നു പറഞ്ഞ പിതാവിൻ്റെ മുഖത്ത് ഒരു പുച്ഛച്ചിരിയോടെ നോക്കി മഗേശൻ എന്ന വിചിത്രമായ പേര് അവനു നല്കിയത് സ്കൂൾ മാഷാണ്. ആ തോണിയാത്രയിൽ, അവൻ പറയുന്ന കഥയും തുടർന്നുണ്ടാകുന്ന അനുഭവങ്ങളും അസാധാരണങ്ങളെന്നേ പറയാനാകൂ. ഒരു ചലച്ചിത്രത്തിലെന്നോണം ദൃശ്യഭംഗിയും ശബ്ദസാന്നിദ്ധ്യവും പ്രേതസാന്നിദ്ധ്യവും സാന്ദ്രതയും നിറഞ്ഞു നില്ക്കുന്ന മിഴിവാർന്ന ഒരു രചനയാണിത്.

“പെരടി ” എന്ന കഥ, പ്രശാന്തിൻ്റെ നോവലായ “പൊന”ത്തിൻ്റെ ഒരു ചെറു പതിപ്പായി വായനക്കാർക്കു തോന്നും – കാടും കോഴിക്കെട്ടും കാമവും പകയും വന്യ മത്സരങ്ങളും ഇവയ്ക്കിടയിൽപ്പെട്ട് ഞെരുങ്ങുന്ന ജീവിതങ്ങളും അനുഭവിക്കുന്ന സംത്രാസത്തിൻ്റെയും അധികാരത്തിൻ്റെ ഹുങ്കുപയോഗിച്ച് തൻ്റെ പെണ്ണിനെ പ്രാപിക്കുന്നയാളിനെ എതിർക്കാനാകാതെ കോഴിക്കെട്ടിൽ ജീവനൊടുക്കിയ ഒരാളുടെ പിന്മുറക്കാരൻ്റെ പകയുടെയും കഥയായി “പെരടി ” യെ വിലയിരുത്താം. “ആകാശം കോഴിച്ചോര പടർന്നപോൽ ചുവന്നു കറുക്കാൻ തുടങ്ങി ” എന്ന അവസാന വാചകം എങ്ങനെ മറക്കും?

മറ്റൊരു കഥയായ ”ചട്ടിക്കളി “, ഒരു കാലത്ത് ചവിട്ടിയരയ്ക്കപ്പെട്ടവനായ കീരി ഗിരീഷ് വർദ്ധമാനവീര്യത്തോടെ അതിനു നിമിത്തമായ ശ്രീനാഥിൻ്റെ മനസ്സിൽ എക്കാലവും ഭീതിയുണർത്തി ഉയർന്നു വരുന്നതിൻ്റെ കഥയാണ്. ” മൾബറിക്കാടി “നെ വ്യത്യസ്തമാക്കുന്നത് മറ്റൊരു രീതിയിലുള്ള ഭയമാണ്. അത്യന്തം ഭീതിദമായ ഒരാഖ്യാനത്തിലൂടെ അത് കഥാനായകനായ അമലിൻ്റെ മനസ്സിൽ മാത്രമല്ല, അനുവാചകൻ്റെ മനസ്സിലും കയറിക്കൂടുന്നു. “ഗുഹ “, ഏറെ വ്യത്യസ്തമായ മറ്റൊരു കഥയാണ്. പതിറ്റാണ്ടുകൾ നീണ്ട സമരത്തിനും സഹനത്തിനും ശേഷം ജന്മിത്വത്തെ ഉന്മൂലനാശനം ചെയ്ത ഗ്രാമത്തിൽ ഒരു ആൾദൈവത്തിൻ്റെ ഉത്ഭവവും വളർച്ചയും സരസമായി ചിത്രീകരിക്കുന്നു ആ കഥ.

ചുരുക്കത്തിൽ “പാതിരാലീല”, മലയാള സാഹിത്യത്തിൽ അപൂർവ്വമായിമാത്രം പരാമർശിക്കപ്പെട്ടിട്ടുള്ള ജീവിതസന്ധികളെയും ആ പരിസരങ്ങളിൽ ജീവിക്കുന്നവരെയും മുഖ്യകഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമാക്കുക മാത്രമല്ല, സാമൂഹികമായും ജാതീയമായും സാമ്പത്തികമായുമുള്ള ഉച്ചനീചത്വങ്ങളുടെ ഇരകളായി മാറിയ അത്തരം ജനതയുടെ പ്രശ്നങ്ങളും, അവരെ നിരന്തര ചൂഷണത്തിനും അടിച്ചമർത്തലുകൾക്കും വിധേയമാക്കുന്ന മറ്റൊരുവിഭാഗമാളുകൾ വെച്ചു പുലർത്തുന്ന സദാചാരപരവും ലൈംഗികപരവുമായ കാപട്യങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് യാഥാർത്ഥ്യം തുറന്നു കാട്ടുകയും ചെയ്യുന്ന കഥകളുടെ ഒരു സമാഹാരമാണ്.
ഒപ്പം, ഈ കഥകൾ അത്തരത്തിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ജനതയുടെ പ്രതിരോധത്തിൻ്റെയും സ്വാതന്ത്യപ്രഖ്യാപനത്തിൻ്റെയും ഇടങ്ങൾ കൂടിയായി മാറുകയുമാണ്.

ഈ കഥകളുടെ പരിസരവും ഭാഷയും പൂർണ്ണമായും വടക്കൻ കേരളവും തുളുനാടുമാണെങ്കിൽപ്പോലും, അടിച്ചമർത്തപ്പെട്ടവരായ ഏതു നാട്ടിലെയും ജനതയുടെ ദൈന്യതയും ചെറുത്തുനില്പു ശ്രമങ്ങളും നമുക്കീക്കഥകളിൽ ദൃശ്യമാകും.ഓരോ കഥയിലെയും ആഖ്യാനത്തിലെ ഏകാഗ്രതയും പിരിമുറുക്കവും അങ്ങേയറ്റം സംക്ഷിപ്തവും ശ്ലാഘനീയവുമാണ്.

ഈ ആഖ്യാന കൗശലം കഥകളുടെ കെട്ടുറപ്പുകൂട്ടുന്നതിനു പുറമേ, കഥകളുയർത്തുന്ന ജീവിത സമസ്യകളുടെ ഉത്തരങ്ങൾ കണ്ടെത്താൻ വായനക്കാരനെ സഹായിക്കുന്നുമുണ്ടു്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പല മാനങ്ങളുള്ളതും കയ്പും ചവർപ്പും നിറഞ്ഞതുമായ നിത്യസത്യങ്ങൾക്കു മുന്നിൽ തലകുനിച്ച്, അവ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ പതറി മുഖം തിരിച്ചു നില്ക്കുന്ന കപടസമൂഹത്തിൻ്റെ പരാജയ നിമിഷങ്ങളിലൂടെ നിർഭയം തേരോടിച്ചു കയറി വിജയക്കൊടി നാട്ടുന്നു, ഈ ഏഴു കഥകളും.

Share

More Stories

യുഎസ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റുകളെ ഇറാനിയൻ ഹാക്കർമാർ കേടുപാടുണ്ടാക്കാൻ പരിശോധിച്ചുവെന്ന് മൈക്രോസോഫ്റ്റ്

0
ഇറാൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കർമാർ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാവുന്ന കേടുപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിൽ. ഒന്നിലധികം യുഎസ് സ്വിംഗ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ഗവേഷണം നടത്തി അന്വേഷണം നടത്തി. മൈക്രോസോഫ്റ്റ് ബുധനാഴ്‌ച...

കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം; ‘അമരൻ’ ട്രെയിലർ പുറത്ത്

0
ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അമരന്റെ ട്രെയിലർ റിലീസ് ചെയ്തു. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ...

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

0
പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ, 134 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു പ്രേതകഥ വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബ്ബെറ്റ് ഹിൽ’...

ബോംബ് ഭീഷണി തടയാന്‍ വിമാനങ്ങള്‍ക്ക് എഐ സാങ്കേതിക വിദ്യയുമായി എക്‌സ്

0
വിമാനങ്ങള്‍ക്ക് എതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ്...

ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയൻ സൈന്യം റഷ്യയിലുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നു

0
ഉത്തര കൊറിയൻ സൈനിക അംഗങ്ങൾ റഷ്യയിൽ എത്തിയിട്ടുണ്ട് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അവകാശപ്പെട്ടു. പക്ഷെ റഷ്യയിൽ അവരുടെ പദ്ധതികൾ എന്താണെന്ന് അമേരിക്കയ്ക്ക് വ്യക്തമല്ല. ഉത്തരകൊറിയ മുമ്പ് തന്നെ ഈ...

ബൈജൂസ്‌ ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

0
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ പ്രശസ്ത എജ്യൂ–ടെക് കമ്പനി ബൈജൂസിന് വീണ്ടുംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. ബിസിസിഐയുമായി കമ്പനി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി ഇന്ന് റദ്ദാക്കി. ‌ ബൈജൂസ്ബി സിസിഐയുമായി നടത്തിയ...

Featured

More News